ന്യൂഡൽഹി: ബംഗ്ലാദേശിനെതിരെ കൊളംബോയിൽ എട്ട് പന്തിൽ 29 റൺസ് നേടിയതോടെ ദിനേശ് കാർത്തിക്കിന്റെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്. ധോണിക്ക് ശേഷം ആരാണ് ഇന്ത്യയുടെ മികച്ച ഫിനിഷർ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചെന്ന നിലയിലടക്കം പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.

“ധോണിയെ കുറിച്ച് പറയുമ്പോൾ, അദ്ദേഹം സർവ്വകലാശാലയിലെ ഒന്നാം റാങ്കുകാരനും ഞാനവിടുത്തെ വെറുമൊരു വിദ്യാർത്ഥിയും മാത്രമാണ്. ഞാനെന്നും ബഹുമാനത്തോടെ നോക്കിക്കാണുകയും കളി പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കളിക്കാരിലൊരാളാണ് അദ്ദേഹം. അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യുന്നത് ഒരു തരത്തിലും ശരിയല്ല,” ദിനേശ് കാർത്തിക് പറഞ്ഞു.

ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ 2004 ൽ ഇംഗ്ലണ്ടിനെതിരെയാണ് ദിനേശ് കാർത്തിക് ഇന്ത്യൻ കുപ്പായം ആദ്യമായി അണിഞ്ഞത്. ധോണി അരങ്ങേറ്റം കുറിക്കുന്നതിന് മൂന്ന് മാസം മുൻപായിരുന്നു ഇത്. എന്നാൽ പിന്നീടുളള 14 വർഷം ധോണി ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായി മാറുകയും ചെയ്തു.

“ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് പെട്ടെന്ന് ഉയർന്ന് വാർത്തകളിൽ നിറയുന്നതിന്റെ അന്ധാളിപ്പും ഉണ്ട്. ഇത്രയും നാൾ നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടുവെന്നാണ് കരുതുന്നത്. അപ്പോഴും രണ്ട് മില്ലിമീറ്റർ അകലമേ ബൗണ്ടറിയിൽ നിന്ന് സിക്സിലേക്ക് ഉണ്ടായിരുന്നുളളൂ,” ദിനേശ് കാർത്തിക് പറഞ്ഞു.

“കഴിഞ്ഞ രണ്ടര വർഷമായി അഭിഷേക് നായരുടെ ഇടപെടൽ വളരെയധികം സഹായിച്ചിട്ടുണ്ട്. അവൻ തോണിക്കാരനും ഞാൻ വളളവുമായിരുന്നു. കളിയിൽ മികവു പുലർത്താൻ സാധിക്കുന്ന വിധത്തിൽ തന്ത്രങ്ങൾ സ്വീകരിക്കാനൊക്കെ അവനാണ് കൂടുതൽ പറഞ്ഞുതന്നത്,” ദിനേശ് കാർത്തിക് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ