ഒരു ദിവസം രാവിലെ സ്കൂളിലെത്തിയപ്പോൾ അവിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ലഫ്റ്റനനറ് കേണലുമായ മഹേന്ദ്ര സിംഗ് ധോണി പട്ടാളവേഷത്തിൽ അവിടെയുണ്ടെങ്കിലോ? അത്തരമൊരു സംഭവമാണ് ജമ്മു കാശ്മീർ തലസ്ഥാനമായ ശ്രീനഗറിലെ പട്ടാള സ്കൂളിൽ നടന്നത്.

ശ്രീനഗറിലെ ആർമി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായ മുൻനായകൻ ധോണി പട്ടാള വേഷത്തിൽ സന്ദർശിച്ചത് ഇന്ന് രാവിലെയാണ്. ഇന്ത്യൻ ടീം ശ്രീലങ്കൻ ടീമിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ പരിശീലനം നടത്തുന്നതിനിടെയാണ് മുൻ ഇന്ത്യൻ നായകൻ തന്റെ ഔദ്യോഗിക ചുമതലകളിൽ വ്യാപൃതനായത്.

നേരത്തേ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ഇപ്പോൾ പരിമിത ഓവർ ക്രിക്കറ്റിൽ മാത്രമാണ് കളിക്കുന്നത്. ഇന്ത്യൻ ആർമിയുടെ ചിന്നാർ കോർപ്സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ധോണിയുടെ സന്ദർശനത്തിന്റെ ചിത്രം പങ്കുവച്ചത്.

മഹേന്ദ്ര സിംഗ് ധോണിയുടെ സന്ദർശനം നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല. പൊതുജനങ്ങൾക്കാർക്കും സ്കൂളിലേക്ക് പ്രവേശനവും ഇല്ലായിരുന്നു. പഠനത്തിന്റെയും കായികക്ഷമതയുടെയും ആവശ്യകതയെ കുറിച്ചാണ് കുട്ടികളുമായുള്ള സംഭാഷണത്തിൽ ധോണി വിശദീകരിച്ചത്.

പട്ടാളത്തിൽ ഹോണററി ലെഫ്റ്റനന്റ് കേണൽ പദവിയിലാണ് ധോണിയുള്ളത്. ഇപ്പോൾ എപിഎസ് ശ്രീനഗറിന്റെ ഭാഗമാണ് അദ്ദേഹം. 2011 മുതലാണ് അദ്ദേഹം സൈൈന്യത്തിന്റെ ഭാഗാമായത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലാണ് ധോണിയ്ക്ക് ഈ ചുമതല നൽകിയത്. ഒളിംപിക് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്കും ഈ ചടങ്ങിൽ വച്ച് ഹോണററി ലെഫ്റ്റനന്റ് കേണൽ പദവി സമ്മാനിച്ചിരുന്നു.

ഇന്ത്യ-ശ്രീലങ്ക പരിമിത ഓവർ ക്രിക്കറ്റ് മത്സരത്തിന്റെ ടീമിൽ ധോണിയുണ്ട്. മത്സരത്തിനായി ഡിസംബർ 10 ന് അദ്ദേഹം ടീമിനൊപ്പം ചേരും. 36കാരനായ ധോണി ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കണമെന്ന് പഴയ താരങ്ങൾ വിമർശനം ഉന്നയിച്ചതിനെ ചൊല്ലി വിവാദങ്ങളും ഉടലെടുത്തിരുന്നു. ധോണിയെ അനുകൂലിച്ചാണ് ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രിയടക്കമുള്ളവർ പ്രസ്താവനകൾ നടത്തിയത്. ഏതായാലും ധോണിയുടെ സന്ദർശനം ശ്രീനഗറിലെ ആർമി സ്കൂൾ വിദ്യാർത്ഥികൾക്ക് ഏറെ സന്തോഷം നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook