‘വ്യാജ ഫീല്‍ഡിംഗ്’ നടത്തുന്നവര്‍ക്ക് പിഴ വിധിക്കാന്‍ ഐസിസി പുതിയ ചട്ടം കൊണ്ടുവന്നത് ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിക്ക് തലവേദനയാകും. സെപ്റ്റംബര്‍ 28നാണ് ഐസിസി പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
കൈയില്‍ പന്ത് ഉളളത് പോലെ അഭിനയിച്ച് റണ്ണിനായി ഓടുന്ന ബാറ്റ്സ്മാ്നെ കുഴക്കിയാല്‍ അഞ്ച് റണ്‍ പിഴയായി നല്‍കേണ്ടി വരും.

ബാറ്റ്സ്മാനെ ഇത്തരത്തില്‍ ട്രോളാന്‍ ഏറെ വൈദഗ്ധ്യം ഉളള താരമാണ് ധോണി. നിരവധി മത്സരങ്ങളില്‍ ഇത്തരത്തില്‍ ധോണി എതിര്‍താരങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ശ്രീലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സങ്കക്കാരയും ഇത്തരത്തില്‍ എതിര്‍താരങ്ങളെ ട്രോളാന്‍ മിടുക്കനാണ്.

ഓസ്ട്രേലിയയിലെ ജെഎല്‍ടി വണ്‍ ഡേ കപ്പിനിടയിലാണ് വ്യാജ ഫീല്‍ഡിംഗിന് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഒരു താരത്തിന് പിഴയിട്ടത്. കഴിഞ്ഞയാഴ്ച്ചയായിരുന്നു ആദ്യ പിഴയിടലിന് ഇടയാക്കിയ സംഭവം നടന്നത്.

ക്വീന്‍സ്‍ലാന്റ് ബുള്‍സും ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനും തമ്മിലുളള മത്സരത്തിനിടെയാണ് സംഭവം. ക്വീന്‍സ്‍ലാന്റ് താരമായ ലബൂഷൈനാണ് ബാറ്റ്സ്മാന്‍ അടിച്ച പന്തിനായി ചാടി വീണത്. എന്നാല്‍ പന്ത് കൈയില്‍ കിട്ടിയില്ല. ഉടന്‍ തന്നെ പന്ത് കൈയില്‍ കിട്ടിയതായി അഭിനയിച്ച താരം ബാറ്റ്സ്മാനെ കുഴക്കാനായി പന്ത് തിരിച്ച് എറിയുന്നത് പോലെ ഭാവിച്ചു. പന്ത് കിട്ടിയെന്ന് കരുതിയ ഇരു ബാറ്റ്സ്മാന്‍മാരും തിരിച്ചോടാന്‍ ശ്രമവും നടത്തി.

ക്വീന്‍സ്ലാന്റ് താരത്തിന്റെ ഈ പ്രവൃത്തിയില്‍ ഉടന്‍ തന്നെ അമ്പയര്‍മാര്‍ ഇടപെട്ടു. മനപ്പൂര്‍വ്വമായി നടത്തിയ കുറ്റമായത് കൊണ്ട് തന്നെ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് അഞ്ച് റണ്‍സ് നല്‍കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. കടുത്ത കുറ്റങ്ങള്‍ ആണ് ചെയ്തതെങ്കില്‍ കളിക്കാരെ ഫുട്ബോളിലേത് പോലെ കളത്തിന് പുറത്തേക്ക് പറഞ്ഞയക്കാനും ഐസിസിയുടെ പുതിയ ചട്ടം ഭേദഗതി ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ