അറിയപ്പെടുന്ന ക്രിക്കറ്റ് ആരാധകനാണ് സുധീര്‍ ഗൗതം. നാട്ടിലായാലും വിദേശത്തായാലും ഇന്ത്യൻ ടീമിനൊപ്പം സഞ്ചരിക്കുന്ന ആരാധകനാണ് സുധീർ ഗൗതം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെയും ഏറ്റവും വലിയ ആരാധകനാണിയാള്‍. ദേഹമാകെ ത്രിവർണം പൂശി സച്ചിന്‍റെ ജഴ്‌സി നമ്പറായ 10 അണിഞ്ഞ്‌ വലിയൊരു ത്രിവർണ പതാകയുമായി ഇന്ത്യയുടെ മൽസരങ്ങൾ കാണാൻ ഗ്യാലറിയിൽ സുധീർ ഗൗതവുമുണ്ടാകും.

ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വീട്ടില്‍ അതിഥിയായി എത്തിയിരിക്കുകയാണ് സുധീര്‍. ധോണിക്കും കുടുംബത്തിനും ഒപ്പമുളള ചിത്രങ്ങള്‍ സുധീര്‍ ട്വീറ്റ് ചെയ്തു. ‘ക്യാപ്റ്റന്‍ കൂളിനൊപ്പം ഇത് വിശിഷ്ടമായ ദിവസമാണ്. നല്ലൊരു കുടുംബത്തിന്റെ കൂടെ നല്ലൊരു ഉച്ചഭക്ഷണം. വാക്കുകള്‍ കൊണ്ട് ഇത് നിര്‍വചിക്കാന്‍ കഴിയില്ല. ധോണിക്കും സാക്ഷിക്കും നന്ദി’, സുധീര്‍ ട്വീറ്റ് ചെയ്തു.

ഐപിഎല്ലില്‍ ചെന്നൈയ്ക്കായി മൂന്നാം കിരീടം നേടിക്കൊടുത്ത് വിശ്രമിക്കുകയാണ് ധോണി ഇപ്പോള്‍. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫെയ്സ്ബുക്കിന് ഇടംലഭിച്ച സീസണാണ് കഴിഞ്ഞ് പോയത്. ഐപിഎൽ 2018 സീസണുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഫെയ്സ്ബുക്കിൽ ഏറ്റവുമധികം പേർ ചർച്ച ചെയ്ത താരം എം.എസ്.ധോണിയാണ്. ചാമ്പ്യന്മാരായ ചെന്നൈ ആണ് ടീമെന്ന നിലയിൽ എല്ലാവരും ചർച്ച ചെയ്തത്. തലയുടെ തിരിച്ചുവരവ് ചേർത്ത പുതിയ വിസിൽ പോഡ് ഗാനമാണ് ടൂർണമെന്റിലെ ഏറ്റവും പ്രിയങ്കരമായ പോസ്റ്റായി ഫെയ്സ്ബുക്ക് വിലയിരുത്തിയത്. മുംബൈ ഇന്ത്യൻസ് ബോളർ മുസ്തഫിസുറഹ്മാന്റെ ബംഗാളി പുതുവത്സര ആശംസയാണ് രണ്ടാമത്തെ ഏറ്റവും പ്രിയപ്പെട്ട പോസ്റ്റ്.

ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളെ സംബന്ധിച്ചായിരുന്നു ഫെയ്സ്ബുക്കിലെ ചർച്ചകൾ മുഴുവൻ. ധോണി കഴിഞ്ഞാൽ വിരാട് കോഹ്‌ലി (ബാംഗ്ലൂർ), ക്രിസ് ഗെയ്ൽ (പഞ്ചാബ്), രോഹിത് ശർമ (മുംബൈ), സുരേഷ് റെയ്ന (ചെന്നൈ) എന്നിവരാണ് മറ്റു ഫെയ്സ്ബുക്ക് ‘താരങ്ങൾ’.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ