ധോണിയുടെ സിക്സ അടികള്‍ എന്നും ആഘോഷമാക്കിയവരാണ് ഇന്ത്യന്‍ ആരാധകര്‍. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ ധോണി മിക്കപ്പോഴും അവസാന ഓവറുകളിലായിരിക്കും വമ്പന്‍ അടികള്‍ പുറത്തെടുക്കുക. ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ധോണി അത്തരത്തിലൊരു സിക്സ് അടിച്ചു.

ജെയിംസ് ഫോക്നര്‍ എറിഞ്ഞ സ്വിംഗിനെ ഒരടി മുമ്പിലേക്ക് കുതിച്ചാണ് ധോണി ബൗണ്ടറിക്ക് അപ്പുറത്തേക്ക് പായിച്ചത്. എല്ലാ ഊര്‍ജ്ജവും ഈയൊരു വമ്പന്‍ അടിക്കായി മാറ്റിവെച്ചുവെന്ന് തോന്നിക്കും പോലെ ശക്തമായിരുന്നു എംഎ ചിദംബരം സ്റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കിയുളള ആ ഷോട്ട്.

തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിംഗ് നിരയെ പതറാതെ പിടിച്ചുനിർത്തിയ മുൻനായകൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ പേര് ഒരു താളിൽ കൂടി എഴുതിച്ചേർത്തു. അർദ്ധസെഞ്ച്വറികളിൽ സെഞ്ച്വറി തികയ്‌ക്കുകയെന്ന അപൂർവ്വ നേട്ടമാണ് അദ്ദേഹം ഇന്ന് മൈതാനത്ത് കുറിച്ചത്.

നാലാമത്തെ വിക്കറ്റും വീണപ്പോഴാണ്, ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ മുൻനായകൻ ക്രീസിലെത്തിയത്. ആറാം വിക്കറ്റിൽ ഹർദ്ദിക് പാണ്ഡ്യ എന്നിവർക്ക് ധോണി നൽകിയ പിന്തുണ തന്നെയാണ് 280 റൺസെന്ന മാന്യമായ നിലയിലേക്ക് ഇന്ത്യൻ ടീം എത്തിച്ചേരാൻ കാരണം.

116 പന്തിൽ 118 റൺസ് അടിച്ചുകൂട്ടിയ ഹർദ്ദിക് പാണ്ഡ്യ-ധോണി കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിംഗ്സിന്റെ റൺ വേഗം ഉയർത്തി. മത്സരത്തിൽ ഹർദ്ദിക് പാണ്ഡ്യ 83 റൺസ് എടുത്തപ്പോൾ 79 റൺസ് നേടിയ ധോണി ഇന്ത്യൻ ഇന്നിംഗ്സിന്റെ അവസാന ഓവറുകൾ വരെ നെടുംതൂണായി നിന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ