മുംബൈ: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പോടെ മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണി ക്രിക്കറ്റില്‍ നിന്നും വിട പറയുമെന്ന് വിശ്വസിക്കുന്നവര്‍ അനവധിയാണ്. വിരമിക്കല്‍ സംബന്ധിച്ച് താരത്തില്‍ നിന്നോ ബിസിസിഐയില്‍ നിന്നോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെങ്കിലും ഉടനെ തന്നെ അതുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ ക്രിക്കറ്റ് മൈതാനത്തോട് വിട പറഞ്ഞതിന് ശേഷം എന്ത് ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നൊരു വീഡിയോയിലാണ് ധോണി തന്റെ ഭാവിയെ കുറിച്ചത്. കുട്ടിക്കാലം മുതല്‍ തന്നെ ഒരു പെയിന്ററാവുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ക്രിക്കറ്റ് കളിച്ച് മതിയായെന്നും ഇനി തന്റെ യഥാര്‍ത്ഥ ഇഷ്ടത്തിന് പിന്നാലെ പോവാനുള്ള സമയമാണെന്നും ധോണി വീഡിയോയില്‍ പറയുന്നു. അതേസമയം, വീഡിയോ എപ്പോള്‍ എടുത്തതാണെന്ന കാര്യം വ്യക്തമല്ല. താന്‍ വരച്ച ചില ചിത്രങ്ങള്‍ കാണിച്ചു തരികയും ചെയ്യുന്നുണ്ട് ധോണി.
Each and every Dhoni fans must Watch this stunning video #WhyDhoniWhy @msdhoni pic.twitter.com/OGUOgpnQHn
— Svasan (@ssvasan91) May 20, 2019
”എനിക്ക് നിങ്ങളോട് ഒരു രഹസ്യം പങ്കുവെക്കാനുണ്ട്. ചെറുപ്പം മുതല്‍ തന്നെ ഒരു ചിത്രകാരനാവുകയായിരുന്നു എന്റെ ആഗ്രഹം. ഒരുപാട് ക്രിക്കറ്റ് കളച്ചു. ഇനി എനിക്ക് വേണ്ടത് ചെയ്യണമെന്ന് തീരുമാനാച്ചിരിക്കുകയാണ്. അതുകൊണ്ട് ഞാന്‍ കുറച്ച ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്” 37 കാരനായ ധോണി വീഡിയോയില്‍ പറയുന്നു. പിന്നാലെയാണ് ധോണി താന്‍ വരച്ച ചിത്രങ്ങള്‍ കാണിച്ചു തരുന്നത്.
ഒരു പ്രകൃതി ദൃശ്യമാണ് ആദ്യത്തെ ചിത്രം. പിന്നാലെ ഭാവിയിലെ ഗതാഗത മാര്‍ഗ്ഗം എന്ന് പേരിട്ടിരിക്കുന്ന വിമാനത്തിന്റെ ചിത്രവും ധോണി കാണിച്ചു തരുന്നു. ഒടുവില്‍ കാണിച്ചു തരുന്നത് ചെന്നൈ സൂപ്പര്‍ കിങ്സ് ജഴ്സിയില്‍ നില്ക്കുന്ന സ്വന്തം ചിത്രം തന്നെയാണ്. രസകരമായ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 2014 ല്‍ വിരമിച്ച ധോണി ഇതുവരെ 341 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. ലോകകപ്പോടെ ധോണി വിരമിക്കുമെന്നാണ് പലരും കരുതുന്നത്. അതേസമയം, അടുത്ത ഐപിഎല്ലിലും താന്‍ ഉണ്ടാകുമെന്ന് ചെന്നൈയുടെ തല വ്യക്തമാക്കിയിട്ടുണ്ട്. മെയ് 29 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ജൂണ്‍ അഞ്ചിനാണ് കളി നടക്കുക.