ഏറെ ആരാധകരുളള ഇന്ത്യന്‍ താരമാണ് മഹേന്ദ്ര സിങ് ധോണി. ഈ ആരാധകരുടെ സ്നേഹം ഏറെ ലഭിച്ചവരാണ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും മകള്‍ സിവയും. ഈ അടുത്ത് തങ്ങള്‍ ഒരുമിച്ചതിന്റെ പിന്നിലെ കാരണക്കാരന്‍ റോബിന്‍ ഉത്തപ്പയാണെന്ന് ധോണി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ധോണിയെക്കുറിച്ച് ഇറങ്ങിയ സിനിമയായ എംഎസ് ധോണി- ദ് അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ ഉത്തപ്പയുടെ പേര് പരാമര്‍ശിച്ചിട്ടില്ല എന്നതാണ് രസകരം.

സ്കൂള്‍ പഠനത്തിനുശേഷം 10 വര്‍ഷം കഴിഞ്ഞ് ഇരുവരും താജ് ബംഗാളിൽവച്ച് ആക്സ്മികമായി കണ്ടുമുട്ടുകയായിരുന്നുവെന്നും ധോണിയുടെ മാനേജരായ യുദ്ധജിത് ദത്തയാണ് ഇരുവരുടെയും പരിചയം പുതുക്കുന്നതെന്നുമാണ് സിനിമയില്‍ പരാമര്‍ശം. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും വിവാഹിതരാവുകയായിരുന്നുവെന്ന് സിനിമയില്‍ പറയുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ 2007ലെ ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിലടക്കം പങ്കാളിയായ ഉത്തപ്പ ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ധോണിയുമായി അടുത്ത സുഹൃദ് ബന്ധം പുലര്‍ത്തുന്ന താരം കൂടിയാണ് പാതി മലയാളിയായ ഉത്തപ്പ. ഇരുവരേയും ഒരുമിപ്പിക്കുന്ന നിയോഗം നിർവ്വഹിച്ച് ഉത്തപ്പ മാറി നിന്നെങ്കിലും ധോണിയും സാക്ഷിയും മനോഹരമായ കുടുംബജീവിതം നയിക്കുകയാണ്.

കഴിഞ്ഞ ദിവസം ദമ്പതികളുടെ ഒരു ചിത്രം പുറത്ത് വന്നത് ഇപ്പോള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. ധോണിയുടെ എളിമ ഒന്നുകൂടി വെളിപ്പെടുത്തുന്നതാണ് ഈ ചിത്രം. മറ്റുളളവര്‍ കാണുമോ എന്ന ആശങ്കയൊന്നും കൂടാതെ ഭാര്യയുടെ ഷൂസിന്റെ ലേസ് കെട്ടാന്‍ സഹായിക്കുകയാണ് ധോണി. സാക്ഷി ധോണി തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ‘നിങ്ങള്‍ പണം കൊടുത്ത് വാങ്ങി തന്ന ഷൂസിന്റെ ലേസ് നിങ്ങള് തന്നെ കെട്ടണം’ എന്ന അടിക്കുറിപ്പോടെയാണ് സാക്ഷി ചിത്രം പങ്കുവച്ചത്.

ഈ വര്‍ഷത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ധോണി ഇപ്പോള്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പര്യടനം നടത്തുകയാണ്. ഈയടുത്ത് രണ്‍വീറിന്റേയും ദീപികയുടേയും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനും ധോണിയും സാക്ഷിയും എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook