ജാർഖണ്ഡിൽ നിന്നുള്ളൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നേക്ക് 15 വർഷങ്ങൾ. മറ്റാരുമല്ല ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയാണ് കരിയറിൽ പുതിയ നാഴികക്കല്ല് പിന്നിടുന്നത്.

സൗരവ് ഗാംഗുലിയുടെ കീഴിൽ ക്രീസിലേക്ക് എത്തുമ്പോൾ നീളൻ മുടിക്കാരൻ ലോക ക്രിക്കറ്റിന്റെ ചരിത്ര താളുകളിലേക്ക് ഇടംപിടിക്കുകയായിരുന്നു. 2004-ൽ ബംഗ്ലാദേശിനെതിരായ അഞ്ച് മത്സരങ്ങളുടെ പരന്പരയിലാണ് എംഎസ് ധോണി ആദ്യമായി ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ബാറ്റ് വീശിയത്. ആദ്യ മത്സരത്തിൽ തന്നെ റണ്ണൊന്നും എടുക്കാതെ ഇരുത്തി മൂന്നുകാരനായ ധോണി പുറത്തായി.

എന്നാൽ പിന്നീട് വ്യക്തിത്വത്തിലും ബാറ്റിങ് ശൈലിയിലും ഏറെ വ്യത്യസ്തനായിരുന്ന ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലായി മാറുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. കപിൽ ദേവ്, സൗരവ് ഗാംഗുലി എന്നീ പ്രതിഭാശാലികളായ നായകൻമാർക്കു ശേഷം എത്തിയ മികച്ച ഇന്ത്യൻ നായകനെന്ന വിശേഷണവും നീണ്ട 15 വർഷത്തിനിടയിൽ ഈ ജാർഖണ്ഡുകാരൻ നേടിയെടുത്തു.

2007 ക്രിക്കറ്റ് ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ ഇന്ത്യ നാണംകെട്ട് പുറത്തായപ്പോഴും ധോണി വിക്കറ്റിനു പിന്നിലുണ്ടായിരുന്നു. ഈ ലോക ടൂർണമെന്റിലെ തോൽവിക്ക് ശേഷം നായക സ്ഥാനത്തേക്ക് ഇനി ആര് എന്ന ചോദ്യം ഉയർന്നു തുടങ്ങി. അതേ വർഷം തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം അന്നത്തെ നായകനായിരുന്ന രാഹുൽ ദ്രാവിഡ് നായക സ്ഥാനത്തു നിന്നും പടിയിറങ്ങി.

Read Also: ധോണിയുടെ ഭാവി: നിലപാട് വ്യക്തമാക്കി രവി ശാസ്ത്രി

അടുത്തതായി വീരേന്ദർ സേവാഗ്, യുവരാജ് സിങ്, ഗൗതം ഗംഭീർ തുടങ്ങിയ താരങ്ങളുടെ പേരുകൾ ഉയർന്നു വന്നെങ്കിലും ബിസിസിഐ എം.എസ്. ധോണിയെ ഏകദിന-ടി 20 ടീമിന്റെ അമരത്തേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് ഇന്ത്യക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ടി 20 ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് കിരീടം അണിയാനും ക്യാപ്റ്റൻ കൂളിന്റെ കീഴിലുള്ള ഇന്ത്യൻ ടീമിന് സാധിച്ചു. പിന്നീട് ഒരു പതിറ്റാണ്ടോളം ടീം ഇന്ത്യയുടെ നായക സ്ഥാനത്തെക്കുറിച്ച് മറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല.

പിന്നീട് 2011-ൽ ഇന്ത്യയിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ 28 വർഷങ്ങൾക്കു ശേഷം മുത്തമിടാനും രാജ്യത്തിനായത് ധോണിയെന്ന അതികായകനു കീഴിലാണെന്നതും ചരിത്രം. ക്രിക്കറ്റില്‍ ഇതിഹാസമായിരുന്നിട്ടും ഒരു ലോകകപ്പ് പോലും സ്വന്തം പേരില്‍ കുറിയ്ക്കാന്‍ കഴിയാതിരുന്ന സച്ചിന്‍ ടെൻഡുല്‍ക്കറിന്റെ സ്വപ്നവും അവിടെ പൂവണിയുകയായിരുന്നു. ഫൈനലിൽ ശ്രീലങ്കയോട് തുടക്കത്തിൽ പതറിയപ്പോൾ നായകന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മൈതാനത്തെത്തിയ ക്യാപ്റ്റൻ കൂളിന്റെ ഇന്നിങ്സും ആ സിക്സറും ഇന്ത്യൻ ആരാധകരുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്.

എം.എസ്.ധോണിയുടെ നായക മികവിൽ ടീം ഇന്ത്യ മൂന്ന് പ്രധാന ഐസിസി കിരീടങ്ങളാണ് സ്വന്തമാക്കിയത്. 2007 ടി-20 ലോകകപ്പ്, 2011 ക്രിക്കറ്റ് ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി എന്നിവയാണ് ആ പ്രധാന കിരീടങ്ങൾ.

ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഐപിഎൽ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും ധോണിയുടെ നായക മികവിന്റെ ആകർഷണമാണ്.

ബാറ്റിങ്ങിലും തന്റേതായ ശൈലിയാണ് മുൻ ഇന്ത്യൻ നായകനുണ്ടായിരുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമായി 17,266 റൺസാണ് ധോണിയുടെ സംഭാവന. ഇതിൽ 360 ഏകദിനങ്ങൾ, 90 ടെസ്റ്റുകൾ, 98 രാജ്യാന്തര ടി 20 മത്സരങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ വിക്കറ്റിന് പിന്നിൽ 829 പുറത്താക്കലുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

നായകസ്ഥാനത്ത് മാത്രമല്ല, ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലാകാനും താരത്തിനായി. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായും ഫിനിഷറായും മഹേന്ദ്ര സിങ് ധോണി അറിയപ്പെടുന്നു.

നിലവിൽ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിനായി മുറവിളി കൂട്ടുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ മുൻതാരങ്ങളും ബിസിസിഐയും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ടീമിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ടീമിലെ സുപ്രധാന താരമാണ് ഈ മുപ്പത്തെട്ടുകാരൻ.

2019 ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിലാണ് അവസാനമായി താരം പാഡണിഞ്ഞത്. വിരമിക്കൽ സൂചനകൾ പുറത്തുവന്ന സാഹചര്യത്തിൽ ജനുവരി വരെ തന്നോട് ഒന്നും ചോദിക്കരുതെന്നും മുൻനായകൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook