സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ എല്ലാ കണ്ണുകളും കാതുകളും എം.എസ് ധോണിയിലേക്കാണ്. ലോകകപ്പിന് ശേഷം രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന തരത്തിൽ വാർത്തകൾ നേരത്തെ തന്നെ സജീവമായിരുന്നു. പ്രകടനത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴും പരിചയസമ്പത്ത് കൊണ്ടും തിരിച്ചുവരവിലൂടെയും മറുപടി തരാറുള്ള ധോണി ഇനി അതിനുണ്ടാകുമോയെന്ന ആശങ്കയിലാണ് ഓരോ ആരാധകരും. എന്നാൽ ടീമിലെ യുവതാരങ്ങൾക്ക് ധോണിയെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നു ബിസിസിഐ സഒഎ അംഗവും മുൻ ഇന്ത്യൻ നായികയുമായ ഡയാന എഡൾജി.

” ടൂർണമെന്റിൽ ധോണി കളിച്ച ശൈലി അഭിനന്ദനാർഹമാണ്. വിരമിക്കലൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. ധോണിക്ക് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂ, അദ്ദേഹത്തിന്റെ ശരീരത്തിന് മാത്രമേ അതിന് ഉത്തരം നൽകാൻ സാധിക്കൂ. ഇനിയും ക്രിക്കറ്റ് അദ്ദേഹത്തിന് മുന്നിൽ ബാക്കിയുണ്ടെന്നാണ് കരുതുന്നത്. ടീമിലെ യുവതാരങ്ങൾക്ക് ഇനിയും ധോണിയുടെ നിർദ്ദേശങ്ങൾ ആവശ്യമാണ്,” എഡൾജി പറഞ്ഞു.

ധോണി വിരമിക്കരുതെന്ന നിർദ്ദേശവുമായി ഭാരത രത്‌ന ജേതാവ് കൂടിയായ ലത മങ്കേഷ്‌കറും രംഗത്തെത്തിയിരുന്നു. വിരമിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലയിടത്തു നിന്നായി കേള്‍ക്കുന്നു. എന്നാല്‍, ധോണി അങ്ങനെ ചിന്തിക്കരുത്. ഈ രാജ്യത്തിന് നിങ്ങളെ വേണം. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്ന് ധോണിയോട് അഭ്യര്‍ഥിക്കുന്നതായും ലത മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു.

Also Read: ‘അങ്ങനെ ചിന്തിക്കുക പോലും അരുത്’; ധോണിയോട് ലത മങ്കേഷ്‌കര്‍

ധോണി വിരമിക്കുന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരന്നതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ധോണി ഒന്നും വ്യക്തമാക്കിയിട്ടില്ല എന്നാണ് കോഹ്‌ലി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

Also Read: ഒരു ജനതയുടെ വിശ്വാസത്തിന്റെ പേരാണ് ധോണി: സ്മൃതി ഇറാനി

എം.എസ്.ധോണിയെ പിന്തുണച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേരത്തെ രംഗത്തുവന്നിരുന്നു. ‘എം.എസ്.ധോണിയുടെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അഞ്ചിന് മൂന്ന് വിക്കറ്റ് എന്ന അവസ്ഥയിലും 125 കോടി ആളുകള്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു എന്നതാണ്,’ എന്ന് സ്മൃതി ഇറാനി കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook