10 വർഷത്തെ ഐപിഎൽ ചരിത്രമെടുത്താൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിനെ പോലെ വെല്ലുവിളി ഉയർത്താൻ മറ്റൊരു ടീം ഉണ്ടോയെന്ന് സംശയം തോന്നിപ്പോകും. രണ്ടു വർഷത്തെ സസ്പെൻഷനു ശേഷം ഐപിഎല്ലിലേക്ക് സിഎസ്കെ മടങ്ങിയെത്തുകയാണ്. എം.എസ്.ധോണിയുടെ നായകത്വത്തിലാണ് ഐപിഎൽ കപ്പടിക്കാൻ സിഎസ്കെ എത്തുന്നത്. ധോണിക്ക് കൂട്ടായി ഡ്വെയ്ൻ ബ്രാവോയും സുരേഷ് റെയ്നയും ഹർഭജൻ സിങ്ങുമൊക്കെയുണ്ട്.

തുടർച്ചയായി എട്ട് സീസണുകളിൽ ധോണിയായിരുന്നു ചൈന്നൈ സൂപ്പർ കിങ്സിന്റെ നായകൻ. പിന്നീട് രണ്ട് സീസണുകളിൽ കോഴവിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിനൊപ്പം ചെന്നൈയും പുറത്തിരിക്കേണ്ടി വന്നു. ഈ സമയത്ത് പുണെ ടീമിലാണ് ധോണി കളിച്ചത്. 8 സീസണുകളിൽ 2 തവണ (2010, 2011) ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ ചാംപ്യന്മാരായി. നാലു തവണ റണ്ണേഴ്സ് അപ് ആയി. ഒരിക്കൽപ്പോലും പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തിന് പിറകിൽ ചൈന്നെ പോയിട്ടില്ല.

കോഴ വിവാദത്തെ തുടര്‍ന്നാണ് ചൈന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്ലില്‍ വിലക്ക് വന്നത്. ചെന്നൈ ടീമിനൊപ്പം കോഴ ആരോപണത്തില്‍പ്പെട്ട രാജസ്ഥാന്‍ റോയല്‍സിനും വിലക്ക് വന്നിരുന്നു. ഇതേത്തുടർന്ന് 2016 ലും 2017 ലും ഐപിഎല്ലിൽ രണ്ടു ടീമുകൾക്കും കളിക്കാനായില്ല. ഇത്തവണ 2 ടീമുകൾക്കും കളിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

11-ാമത് ഐപിഎൽ സീസണിന് വെടിക്കെട്ടുയരാൻ ഇനി രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. താരങ്ങളെല്ലാം കഠിന പരിശീലനത്തിലാണ്. ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ നെറ്റ്‌സിൽ പരിശീലിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സിഎസ്കെ ടീം പുറത്തുവിട്ടിരുന്നു. പരിശീലനത്തിനു താൽക്കാലിക വിരാമം നൽകി ടീമിന്റെ പ്രൊമോഷൻ തീരക്കുകളിലാണ് ഇപ്പോൾ താരങ്ങൾ.

ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രൊമോഷൻ ഗാനം ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ടീം സോഷ്യൽ മീഡിയ പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്. ധോണിയും കൂട്ടരും ഡാൻസ് കളിക്കുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ട്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വെടിക്കെട്ട് പ്രകടനത്തിനായി ആരാധകരും കാത്തിരിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ