ചെന്നൈ: മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. രവീന്ദ്ര ജഡേജയാണ് പുതിയ നായകൻ. ഐപിഎൽ പതിനഞ്ചാം സീസണിന് ശനിയാഴ്ച കൊടിയേറാൻ ഇരിക്കവെയാണ് തീരുമാനം. ചെന്നൈ സൂപ്പർ കിങ്‌സ് ഔദ്യോഗിക വെബ്‌സെറ്റിലെ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നേതൃത്വം കൈമാറാൻ എംഎസ് ധോണി തീരുമാനിക്കുകയും ടീമിനെ നയിക്കാൻ രവീന്ദ്ര ജഡേജയെ തിരഞ്ഞെടുക്കുകയും ചെയ്തു. 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അവിഭാജ്യ ഘടകമായ ജഡേജ സിഎസ്‌കെയെ നയിക്കുന്ന മൂന്നാമത്തെ താരമാണ്. ഈ സീസണിലും വരും സീസണുകളിലും ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിനായി തുടരും,” സിഎസ്‌കെ പ്രസ്താവനയിൽ പറഞ്ഞു.
2008ൽ ഐപിഎൽ ആരംഭിച്ചപ്പോൾ മുതൽ ചെന്നൈയെ നയിച്ചത് ധോണി ആയിരുന്നു. അവസാന സീസണിലും ചെന്നൈയെ കിരീടത്തിലേക്ക് നയിച്ചിട്ടാണ് ധോണിസ്ഥാനമൊഴിയുന്നത്. ചെന്നൈയെ നാല് ഐപിഎൽ കിരീടങ്ങളിലേക്കും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്കും ധോണി നയിച്ചിട്ടുണ്ട്.
2012ലെ താരലേലത്തിൽ 9.8 കോടിക്ക് സീസണിലെ ഏറ്റവും മൂല്യമുള്ള താരമായിട്ടാണ് ചെന്നൈ സൂപ്പർ കിങ്‌സ് രവീന്ദ്ര ജഡേജയെ ടീമിൽ എത്തിച്ചത്. ചെന്നൈ വിലക്ക് നേരിട്ട 2016,2017 സീസണിൽ ഗുജറാത്ത് ലയൺസിനായി കളിച്ച ജഡേജ 2018ൽ വീണ്ടും സിഎസ്കെയുടെ ഭാഗമവുമാകയായിരുന്നു.കഴിഞ്ഞ സീസണിൽ ചെന്നൈയെ കിരീടത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും ഈ ഇന്ത്യൻ ഓൾറൗണ്ടർ ആയിരുന്നു. മാർച്ച് 26ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയാണ് ചെന്നൈ സൂപ്പർ കിങിസിന്റെ ആദ്യ മത്സരം.
Also Read: കൊൽക്കത്തയ്ക്ക് തിരിച്ചടി; പ്രധാന താരങ്ങൾ ആദ്യ മത്സരങ്ങൾക്കില്ല