മുംബൈ: ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം ആരെന്ന് മുന്‍ നായകന്‍ കപില്‍ ദേവ്. 1983 ല്‍ ഇന്ത്യയ്ക്കായി ആദ്യ ലോകകപ്പ് നേടിയ നായകനായ കപില്‍ ദേവ് ക്രിക്കറ്റ് ലോകത്തിന് ഇന്ത്യ നല്‍കിയ ഏറ്റവും മഹാനായ താരമായി തിരഞ്ഞെടുത്തത് മറ്റൊരു ലോകകപ്പ് ജേതാവായ എം.എസ്.ധോണിയെയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കപില്‍ മനസ് തുറന്നത്.

”ഇന്ത്യ കണ്ട ഏറ്റവും മഹാനായ താരമാണ് എം.എസ്.ധോണി. 90 ടെസ്റ്റുകള്‍ കളിച്ച ശേഷം അദ്ദേഹം പറഞ്ഞത് ഇനി യുവാക്കള്‍ക്ക് അവസരം കൊടുക്കാം എന്നായിരുന്നു. തന്നേക്കാള്‍ പ്രധാന്യം രാജ്യത്തിന് നല്‍കിയ ധോണിയെ ബഹുമാനിക്കണം” കപില്‍ പറഞ്ഞു.

2014 ലായിരുന്നു ധോണി തന്റെ ടെസ്റ്റ് കരിയറിന് വിരാമമിടുന്നത്. വിരാട് കോഹ്‌ലിയെ ടെസ്റ്റ് നായകനായി തിരഞ്ഞെടുത്ത ശേഷം നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ മാത്രം കളിക്കാന്‍ ധോണി തീരുമാനിക്കുകയായിരുന്നു. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് താന്‍ അങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നാണ് ധോണി വിരമിക്കലിനെ കുറിച്ച് പറഞ്ഞത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് ധോണി. ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളും ജയിച്ച ഒരേയൊരു നായകനാണ് ധോണി. 2007 ട്വന്റി-20 ലോകകപ്പ് മുതലാണ് ധോണി ഇന്ത്യയുടെ ക്യാപ്റ്റന്റെ റോളിലെത്തുന്നത്. പിന്നീടിങ്ങോട്ട് ധോണിയുടെ കീഴില്‍ ഇന്ത്യ വിജയങ്ങള്‍ ശീലമാക്കുകയായിരുന്നു.

ടെസ്റ്റില്‍ വിരമിച്ചെങ്കിലും ഏകദിനത്തും ട്വന്റി-20യിലും ധോണി തന്റെ മികവ് തുടര്‍ന്നു. കരിയറിന്റെ അവസാന ഘട്ടത്തിലാണ് ധോണി ഇപ്പോള്‍. ഓസീസിനെതിരായ ട്വന്റി-20 ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ധോണി ജനുവരി 12 ന് നടക്കുന്ന ഏകദിനത്തോടെ ടീമില്‍ മടങ്ങിയെത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ