ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയെ പൊതുവേ കൂളായിട്ടാണ് മൽസരങ്ങളിൽ കാണാറുളളത്. എന്നാൽ ചില സന്ദർഭങ്ങളിൽ ധോണി അത്ര കൂളല്ലെന്ന് താരങ്ങൾ പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ക്യാപ്റ്റൻ കൂളിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടുപോയ സംഭവത്തെക്കുറിച്ച് ഓർക്കുകയാണ് ഇന്ത്യയുടെ ചൈനാമാൻ സ്‌പിന്നർ കുൽദീപ് യാദവ്.

മൽസരത്തിനിടയിൽ ധോണിയുടെ വാക്കുകൾ ശ്രദ്ധിക്കാതിരുന്നപ്പോഴാണ് കുൽദീപിനോട് ധോണി പൊട്ടിത്തെറിച്ചത്. ‘വാട് ദ ഡക്ക്’ എന്ന ചാറ്റ്‌ഷോയിൽ സംസാരിക്കുമ്പോഴാണ് ഈ സംഭവം കുൽദീപ് പങ്കുവച്ചത്. കുൽദീപിനൊപ്പം യുസ്‌വേന്ദ്ര ചാഹലും പരിപാടിയിലുണ്ടായിരുന്നു.

ശ്രീലങ്കയ്ക്ക് എതിരെയുളള ടി ട്വന്റി മാച്ചിലായിരുന്നു സംഭവം. ഇന്ത്യ അടിച്ചു കൂട്ടിയ 260 റൺസ് ശ്രീലങ്കൻ ബാറ്റ്‌സ്‌മാന്മാർ അതിവേഗം പിന്തുടർന്നു. ഇതു മനസ്സിലാക്കിയ ധോണി കുൽദീപിനും യുസ്‌വേന്ദ്ര ചാഹലിനും ബോളിങ്ങിൽ കൃത്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.

ഒരു സമയത്ത് യാദവിന് ചില നിർദ്ദേശം ധോണി നൽകി. എന്നാൽ ഇത് യാദവ് ചെവികൊണ്ടില്ല. ”300 മൽസരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്, എനിക്കെന്താ ഭ്രാന്താണെന്നാണോ വിചാരം?” ധോണി ക്ഷുഭിതനായി. ഉടൻ തന്നെ കുൽദീപ് ധോണി പറഞ്ഞതുപോലെ അനുസരിച്ചു. ഇതിനുപിന്നാലെ ഒരു വിക്കറ്റ് നേടുകയും ചെയ്‌തു. അത് കഴിഞ്ഞ് കുൽദീപിന് അടുത്തെത്തിയ ധോണി ഇങ്ങനെ പറഞ്ഞു, ”ഇതാണ് ഞാൻ പറഞ്ഞത്”.

പല മൽസരങ്ങളിലും ധോണി തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും കുൽദീപും ചാഹലും ചാറ്റ്‌ഷോയിൽ പറഞ്ഞു. വിക്കറ്റിന് പുറകിൽനിന്ന് ധോണിയാണ് തങ്ങളുടെ ജോലി പകുതിയോളം ചെയ്യുന്നതെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ