ഇന്ത്യൻ മുൻ നായകൻ എം.എസ്.ധോണിയുടെ മറ്റൊരു മാജിക്കൽ ഇന്നിങ്സിനായിരുന്നു ഇന്നലെ ചെന്നൈയിലെ ചിദംബരം സ്റ്റേഡിയം സാക്ഷിയായത്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 26 റൺസിന്റെ ജയം നേടിക്കൊടുത്തതിൽ ധോണിയുടെ പങ്ക് നിർണായകമായിരുന്നു. ഒരു ഘട്ടത്തിൽ തകർച്ചയുടെ വക്കിലെത്തിയ ഇന്ത്യയെ കൈപിടിച്ചുയർത്തിയത് ധോണിയുടെ ബാറ്റിങ് പ്രകടനമായിരുന്നു. വിക്കറ്റുകൾ ഓരോന്ന് വീണ് ഇന്ത്യ തകർന്നടിയുന്ന സമയത്താണ് ധോണി കളിക്കളത്തിലേക്ക് എത്തിയത്. എന്നാൽ റണ്ണൗട്ടിലൂടെ ധോണി പുറത്താകേണ്ടതായിരുന്നു. പക്ഷേ ഭാഗ്യം ധോണിയെ തുണച്ചു.

22-ാമത്തെ ഓവറിലായിരുന്നു ധോണിയെ ഭാഗ്യം തുണച്ചത്. കേദാർ ജാദവും ധോണിയുമായിരുന്നു ക്രീസിൽ. ധോണിയായിരുന്നു ബാറ്റിങ്. ബോൾ നേരിട്ട ധോണി റൺസിനായി ഓടി. പക്ഷേ കേദാർ ജാദവ് ഓടിയില്ല. ഒടുവിൽ ധോണി തിരിച്ചോടി. അപ്പോഴേക്കും ഓസ്ട്രേലിയൻ ഫീൽഡർ ബോൾ സ്റ്റംപിനുനേരെ എറിഞ്ഞു കഴിഞ്ഞിരുന്നു. പക്ഷേ ബോൾ സ്റ്റംപിൽ തട്ടിയില്ല. അതിനുശേഷം ധോണി കേദാർ ജാദവിനു നേരെ ഒരു നോട്ടം നോക്കി. തന്റെ അമർഷം മുഴുവൻ ആ നോട്ടത്തിലുണ്ടായിരുന്നു. 86 റൺസിന് 4 എന്ന നിലയിലായിരുന്നു അപ്പോൾ ഇന്ത്യ. ധോണിയുടെ വിക്കറ്റ് കൂടി വീണിരുന്നുവെങ്കിൽ ഓസ്ട്രേലിയയ്ക്ക് അത് നേട്ടമായേനെ. എന്നാൽ അടുത്ത ബോളിൽതന്നെ ജാദവിന്റെ വിക്കറ്റ് വീണു. 40 റൺസ് എടുത്തുനിൽക്കുന്നതിനിടെയാണ് ജാദവിന്റെ വിക്കറ്റ് വീണത്.

ധോണിയുടെ ആ നോട്ടത്തെച്ചൊല്ലിയാണ് ഇപ്പോൾ ട്വിറ്ററിൽ ചർച്ച നടക്കുന്നത്. കേദാർ ജാദവിന്റെ വിക്കറ്റ് നഷ്ടപ്പെടാൻ കാരണം ധോണിയുടെ നോട്ടമാണെന്നും അല്ലെന്നും ചർച്ച നടക്കുന്നുണ്ട്. ധോണിയുടെ നോട്ടം കേദാർ ജാദവിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്നും അതിനാലാണ് വിക്കറ്റ് പെട്ടെന്ന് വീണതെന്നുമാണ് ചിലർ പറയുന്നത്. ധോണിയുടെ റണ്ണൗട്ടിന് ഇടയാക്കുമായിരുന്ന ആ ബോളിന് ശേഷം ഇരുവരും പരസ്പരം സംസാരിക്കണമായിരുന്നുവെന്നാണ് മറ്റു ചിലർ പറയുന്നത്. ധോണി ഓടിയ സ്ഥിതിക്ക് ജാദവും ഓടണമെന്നായിരുന്നു ചിലരുടെ അഭിപ്രായം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook