വിവാദ വിഷയങ്ങളില്‍ എന്നും മൗനം പുലര്‍ത്തുന്നയാളാണ് മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. എന്നാല്‍ താന്‍ ‘ഒട്ടും കൂള്‍ അല്ലെന്ന്’ പറഞ്ഞ സുരേഷ് റെയ്നയുടെ പ്രസ്താവനയ്ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ധോണി. ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യൻസ്’ എന്ന ടിവി പരിപാടിയിൽ പങ്കെടുക്കവേയാണ് ധോണിയെക്കുറിച്ച് റെയ്ന സംസാരിച്ചത്. ധോണി ദേഷ്യക്കാരനാണെന്നായിരുന്നു റെയ്നയുടെ വാക്കുകള്‍.
എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് താന്‍ പെരുമാറാറുളളതെന്ന് ധോണി പറഞ്ഞു. ‘ഡ്രെസിംഗ് റൂമില്‍ ഞങ്ങള്‍ വളരെയധികം ആസ്വദിക്കാറുണ്ട്. എന്നാല്‍ മൈതാനത്ത് കാര്യം അത്പോലെ അല്ല. ചിലപ്പോഴൊക്കെ കാര്യങ്ങള്‍ മോശമായിരിക്കും, ചിലപ്പോള്‍ നല്ലതായിരിക്കും. നമ്മള് ‘കൂള്‍’ എന്ന് പറയുന്നത് ശാന്തതയോടെ ഇരിക്കുന്ന സാഹചര്യത്തെയാണ്. അല്ലാത്തതിനെ ആണ് ‘ദേഷ്യം’ എന്ന് വിശേഷിപ്പിക്കാറുളളത്. എന്നാല്‍ ഇതിനൊക്കെ ഇടയില്‍ ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന പല തലങ്ങളുമുണ്ട്. മത്സര സമയത്ത് ഞാന്‍ അങ്ങനെ തമാശ കളിക്കാറില്ല. എന്നാല്‍ ഡ്രെസിംഗ് റൂമില്‍ വിനോദത്തിലും നര്മ്മസംഭാഷണങ്ങളിലും ഏര്‍പ്പെടാറുണ്ട്. അതായത്, ഓരോ ഇടങ്ങളിലും എങ്ങനെ ഇരിക്കണം എന്ന് മനസ്സിലാക്കിയാണ് ഞാന്‍ ഇടപെടാറുളളത്’, ധോണി പറഞ്ഞു.
മൈതാനത്ത് പലപ്പോഴും ധോണി ദേഷ്യപ്പെടാറുണ്ടെന്നായിരുന്നു റെയ്നയുടെ പ്രസ്താവന. ‘പക്ഷേ ധോണിയുടെ ദേഷ്യം മറ്റുളളവർക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. ധോണി ചിന്തിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന്റെ മുഖത്തുനിന്നും വായിച്ചെടുക്കാൻ സാധിക്കില്ല. ധോണിക്ക് ദേഷ്യം വരാറുണ്ട്. പക്ഷേ അദ്ദേഹം അത് പ്രകടിപ്പിക്കാറില്ല. ഒരു ഓവർ കഴിയുമ്പോൾ ക്യാമറകൾ ഓഫ് ആകുന്ന സമയത്തോ ടിവിയിൽ പരസ്യം പ്രദർശിപ്പിക്കുന്ന സമയത്തോ ആയിരിക്കും ധോണി തന്റെ ദേഷ്യം പ്രകടിപ്പിക്കുക”- റെയ്ന പറഞ്ഞു.
ഇന്ത്യ-പാക്കിസ്ഥാൻ മൽസര സമയത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ചും റെയ്ന പരിപാടിയിൽ പറഞ്ഞു. ”മൽസരത്തിനിടയിൽ ഞാൻ അധിക്ഷേപിച്ചുവെന്ന് പാക്ക് താരം ഉമർ അക്മാൽ ധോണിയോട് പരാതി പറഞ്ഞു. ധോണി എന്നോടിത് ചോദിച്ചു. അക്മാലിനെ സമ്മർദ്ദത്തിലാക്കുന്നതിനായി ഏതാനും ബോളുകൾ ഞാൻ എറിഞ്ഞുവെന്നും മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും ധോണിയോട് പറഞ്ഞു. അപ്പോൾ അക്മാലിന് കൂടുതൽ സമ്മർദ്ദം നൽകാനായിരുന്നു ധോണിയുടെ മറുപടി”.
”ധോണി നല്ലൊരു ക്യാപ്റ്റനാണ്. അടുത്ത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ധോണിക്ക് അറിയാം. ധോണിയുടെ കൈയ്യിൽ 3 പദ്ധതികൾ ഉണ്ടാവും. പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി. ഈ മൂന്നു പ്ലാനുകളും എപ്പോഴും റെഡിയായിരിക്കും. മൽസരത്തിനിടയിൽ ഈ മൂന്നു പ്ലാനുകളും ധോണി പുറത്തെടുക്കാറുണ്ട്. മൽസരത്തിന് ഒരു രാത്രി മുൻപുതന്നെ അദ്ദേഹം തന്ത്രങ്ങൾ മെനയുകയും സാഹചര്യത്തിനനുസരിച്ച് അത് നടപ്പിലാക്കുകയും ചെയ്യും. ഇതാണ് അദ്ദേഹത്തെ എപ്പോഴും ശാന്തനും കൂളുമാക്കി നിർത്തുന്നത്” റെയ്ന പറഞ്ഞു.