എം.എസ്.ധോണിയുടെ മൈതാനത്തേക്കുളള വരവ് ഒരാഘോഷമാണ്. മാഹിയുടെ ആരാധകർ അതിന് ഒരിക്കലും ഒരു കുറവും വരുത്താറില്ല. അപ്പോൾ പിന്നെ ധോണിയുടെ സ്വന്തം നാട്ടിലാണ് മത്സരമെങ്കിൽ പിന്നെ പറയേണ്ടതുമില്ല. എം.എസ്.ധോണിയുടെ സ്വന്തം തട്ടകമായ റാഞ്ചിൽ നടന്ന മത്സരത്തിൽ ധോണിക്ക് ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകിയത്.

മത്സരം തുടങ്ങുമ്പോൾ റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയം മുഴുവൻ കാണികളാൽ തിങ്ങി നിറഞ്ഞിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ 314 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. ഓപ്പണർമാരായ ശിഖർ ധവാൻ ഒരു റൺസെടുത്തും രോഹിത് ശർമ്മ 14 റൺസെടുത്തും പുറത്തായി. അമ്പാട്ടി റായിഡു 2 റൺസ് എടുത്ത് പുറത്തായതോടെ ഇന്ത്യൻ നില പരുങ്ങലിലായി. ഇന്ത്യ 27 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് ധോണി മൈതാനത്തേക്ക് എത്തുന്നത്.

ധോണിയുടെ വരവോടെ ഗ്യാലറി ഒന്നടങ്കം ഇളകി. കാണികൾ കൈയ്യടിച്ചും ധോണിയുടെ പേര് വിളിച്ചും ഗംഭീര വരവേൽപ്പാണ് റാഞ്ചിയുടെ രാജകുമാരന് നൽകിയത്. ധോണിക്ക് ലഭിച്ച ഈ വരവേൽപ്പിന്റെ വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഗുഹയിൽനിന്നും ബാറ്റിങ്ങിനായി പുറത്തേക്കെത്തിയ സിംഹം’ എന്ന അടിക്കുറിപ്പോടെയാണ് ബിസിസിഐ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നാലാം വിക്കറ്റിൽ കോഹ്‌ലിയും ധോണിയും ചേർന്ന് 59 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടയിലാണ് ഓസ്ട്രേലിയൻ ബോളർ സാംപെ ഇന്ത്യൻ ടീമിന്റെ വില്ലനായത്. 26 റൺസെടുത്തുനിന്ന ധോണിയെ സാംപെ എൽബിഡബ്ല്യുവിൽ കുടുക്കി. പിന്നീട് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒറ്റയ്ക്ക് നിന്ന് പൊരുതിയെങ്കിലും ടീമിന് ജയിക്കാനായില്ല. 32 റൺസിനായിരുന്നു ഇന്ത്യൻ പരാജയം.

നേരത്തെ, സ്വന്തം പേരിലുള്ള പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ ധോണി വിസമ്മതിച്ചിരുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ധോണിയുടെ പേരിലുള്ള പവലിയന്‍ ഉള്ളത്. സ്റ്റേഡിയത്തിലെ സൗത്ത് ബ്ലോക്ക് പവലിയനാണ് ധോണിയുടെ പേര് നല്‍കിയിരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനം ആരംഭിക്കും മുന്‍പ് പവലിയന്‍ ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവുമായി ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ധോണിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഉദ്ഘാടകനാകാനുള്ള ക്ഷണം ധോണി നിരസിക്കുകയായിരുന്നെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിഷ് ചക്രബര്‍ത്തി വെളിപ്പെടുത്തി. താന്‍ ഈ മൈതാനത്തിന്റെ ഭാഗമാണെന്നും, സ്വന്തം വീടിന്റെ ഭാഗമായ ഒന്ന് എങ്ങനെ ഉദ്ഘാടനം ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും ചോദിച്ചുകൊണ്ടാണ് പവലിയന്‍ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം ധോണി നിരസിച്ചതെന്ന് ചക്രബര്‍ത്തി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook