മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ്ങിനെക്കുറിച്ച് നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഐപിഎൽ മൽസരം തുടങ്ങിയിട്ടും ധോണിക്ക് ഇതുവരെ മെച്ചപ്പെട്ട പ്രകടനം നടത്താനായിട്ടില്ല. നാലു മാച്ചുകളിൽനിന്നായി 33 റൺസാണ് ധോണിയുടെ സമ്പാദ്യം. കഴിഞ്ഞ വെളളിയാഴ്ച രാജ്കോട്ടിൽ ഗുജറാത്ത് ലയൺസിനെതിരെ നടന്ന മൽസരത്തിൽ അഞ്ചു റൺസായിരുന്നു റൈസിങ് പുണെ സൂപ്പർജയിന്റ് താരമായ ധോണി നേടിയത്. ധോണിയുടെ പതനം എന്ന രീതിയിലുളള ഹാഷ് ടാഗുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അടുത്തിടെ ധോണിയെ വിമർശിക്കുന്നവർക്ക് മറുപടി നൽകിയും ധോണിയെ പിന്തുണച്ചും ബ്രെയ്റ്റ് ലീ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിരേന്ദർ സേവാഗും ധോണിയെ പിന്തുണച്ച് രംഗത്തെത്തി.

”മധ്യനിരയിൽ ധോണി ഇപ്പോഴും നല്ല ബാറ്റ്സ്മാനാണ്. അഞ്ചാമനായോ ആറാമനായോ ഇറങ്ങിയാൽ ധോണിക്ക് മികച്ച പ്രകടനം നടത്താനാകും. ധോണി എത്രയും വേഗം മികച്ച ഫോമിലേക്ക് മടങ്ങിയെത്തുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഐപിഎല്ലിൽ ഇനിയും സമയം ബാക്കിയുണ്ട്. മൂന്നോ നാലോ കളി കഴിഞ്ഞ ഉടൻ ധോണിയെപ്പോലെ ഒരു താരത്തെ വിലയിരുത്തരുത്”. സേവാഗ് പറഞ്ഞു.

”അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നടന്ന മൽസരത്തിൽ ധോണി സെഞ്ചുറി നേടിയിരുന്നു. ധോണി ഫോമിലല്ല എന്നു ഞാൻ കരുതുന്നില്ല. ഇതുപോലുളള കാര്യങ്ങൾ ഐപിഎല്ലിലും സംഭവിക്കാം. ചാംപ്യൻസ് ട്രോഫി മൽസരത്തിനായി ധോണിയില്ലാതെ പോകുന്ന ഒരു ഇന്ത്യൻ ടീമിനെക്കുറിച്ച് ആർക്കും ചിന്തിക്കാനാവില്ല. ധോണിയെ പോലെ അനുഭവ പരിചയമുളള കളിക്കാരനെ വിലയിരുത്താനുളള വേദിയല്ല ഐപിഎൽ. ഒരു യുവ കളിക്കാരനെ ഐപിഎൽ കളി മുഖേന വിലയിരുത്താം. വലിയൊരു ജനക്കൂട്ടത്തിനു മുന്നിൽ പുതിയൊരു കളിക്കാരനു തന്റെ കഴിവ് തെളിയിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്” എന്നും സേവാഗ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ