“നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക,” ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്. ധോണിയുടെ 16 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ ഇതോടെ അവസാനിക്കുകയാണ്.
ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിലാണ് ധോണി അവസാനമായി ഇന്ത്യൻ ജഴ്‌സിയണിഞ്ഞത്. മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനോട് 18 റൺസിന്റെ തോൽവി വഴങ്ങിയിരുന്നു. ഈ മത്സരത്തിൽ തല കുനിച്ച് നിരാശാഭാരത്താൽ കൂടാരം കയറിയ ധോണിയെ ഓർമയില്ലേ? രാജ്യത്തിനുവേണ്ടി ഇനിയൊരു മത്സരം കളിക്കാൻ താനുണ്ടാകില്ലെന്ന് മനസിൽ ഉറപ്പിച്ച വിധമായിരുന്നു ധോണിയുടെ ശരീരഭാഷ.
Read More: സ്വാതന്ത്ര്യദിനം, സമയം രാത്രി 7.29; ധോണി വിരമിച്ചു
തന്റെ അവസാന ഇന്നിങ്സിലും അർധസെഞ്ചുറി തികച്ച ശേഷമാണ് ധോണി ക്രിക്കറ്റ് മൈതാനത്ത് നിന്നും വിടവാങ്ങിയത്. ഇന്ത്യക്ക് വേണ്ടി ഐസിസിയുടെ മൂന്ന് പ്രധാനപ്പെട്ട കിരീടങ്ങളും ഇന്ത്യയിൽ എത്തിച്ച ധോണി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയും ചെയ്തു. 2007ൽ ഇന്ത്യൻ നായകപട്ടം അണിഞ്ഞ ധോണി അതേവർഷം ടി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും രണ്ട് വർഷങ്ങൾക്ക് അപ്പുറം 2013ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയും നായകനായി തന്നെ ഇന്ത്യക്ക് സമ്മാനിച്ചു.
2004 ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ധോണി 350 മത്സരങ്ങൾ കളിച്ചു. സച്ചിൻ ടെൻഡുൽക്കർക്കുശേഷം 350 ഏകദിനം കളിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ കളിക്കാരനാണ് എം.എസ്.ധോണി. ധോണി ഇതുവരെ 349 ഏകദിനങ്ങളാണ് കളിച്ചത്. അതിൽ 346 എണ്ണം ഇന്ത്യക്കുവേണ്ടിയും 3 എണ്ണം ഏഷ്യ XI വേണ്ടിയുമാണ്. 350 ഏകദിനങ്ങൾ കളിക്കുന്ന ലോകതാരങ്ങളിൽ 10-ാം സ്ഥാനത്താണ് ധോണി. വിക്കറ്റ് കീപ്പർ എന്ന നിലയിൽ 350 ഏകദിനങ്ങൾ കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് ധോണി. 200 ഏകദിന മത്സരങ്ങളിൽ ഇന്ത്യൻ നായകനായി ആയിട്ടായിരുന്നു ധോണി എത്തിയത്.
Read More: ഇതിഹാസങ്ങൾ വിരമിക്കുന്നത് അവരുടെ സ്റ്റൈലിൽ: ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ക്രിക്കറ്റ് ലോകം
കണക്ക് പുസ്തകത്തിലും ധോണി തലയുയർത്തി നിന്നു. 350 ഏകദിനങ്ങളിൽ 297 മത്സരങ്ങളിലാണ് ധോണി ബാറ്റേന്തിയത്. 10773 റൺസാണ് ഏകദിനത്തിൽ നിന്ന് മാത്രം ധോണി അടിച്ചെടുത്തത്. പത്ത് തവണ സെഞ്ചുറിയും 73 തവണ അർധസെഞ്ചുറിയും തികച്ചു ധോണി.
ടെസ്റ്റിൽ റാങ്കിങ്ങിൽ ഇന്ത്യയെ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിച്ച ധോണി 90 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചു. 144 ഇന്നിങ്സുകളിൽ നിന്നായി 4876 റൺസാണ് ധോണി അടിച്ചെടുത്തത്. ആറ് സെഞ്ചുറിയും 33 അർധസെഞ്ചുറിയും ഇന്ത്യയുടെ വെള്ളകുപ്പായത്തിൽ നേടിയ ധോണി ഏറെക്കാലം ഇന്ത്യയെ ലോക ഒന്നാം നമ്പർ ടീമായി നിലനിർത്തി.
Read More: ചിന്ന തലയും വിടപറയുന്നു; ധോണിക്ക് പിന്നാലെ റെയ്‌നയും വിരമിച്ചു
2007ൽ പ്രഥമ ടി20 കിരീടം സമ്മാനിച്ച ധോണി കുട്ടിക്രിക്കറ്റിലും തിളങ്ങി. 98 ടി20 മത്സരങ്ങൾ കളിച്ച ധോണി 1617 റൺസ് നേടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ നിരവധി തവണ ഫൈനലിൽ എത്തിച്ച ധോണി മൂന്ന് തവണ കിരീടവും സമ്മാനിച്ചു.
വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ബാറ്റിലൂടെ തന്നെ മറുപടി പറഞ്ഞ ധോണി ക്യാപ്റ്റൻ കൂളായി ആരാധകരുടെ മനസിലേക്ക് കയറി പറ്റി. രാജ്യന്തര ക്രിക്കറ്റിനോട് വിടപറയുമ്പോഴും ആരാധകരുടെ മനസിൽ ധോണി എന്നും ഉണ്ടാകും, മികച്ച കളിക്കാരനായി, ക്യാപ്റ്റൻ കൂളായി, ചാമ്പ്യനായി, തലയായി…