ക്രിക്കറ്റ് കരിയറിൽ എം.എസ്.ധോണി വളരെ കുറച്ചു തവണ മാത്രമേ റൺഔട്ടിലൂടെ പുറത്തായിട്ടുളളൂ. പക്ഷേ കഴിഞ്ഞ ലോകകപ്പിലെ നിർണായകമായ സെമിഫൈനൽ മത്സരത്തിൽ ധോണി റൺഔട്ടായി. ആയിരക്കണക്കിന് ഇന്ത്യൻ ആരാധകരുടെ അവസാന പ്രതീക്ഷയാണ് ധോണിയുടെ പുറത്താകലിലൂടെ നഷ്ടമായത്. ധോണി പുറത്തായതോടെ ന്യൂസിലൻഡിനു മുന്നിൽ 18 റൺസിന്റെ തോൽവി ഇന്ത്യ വഴങ്ങി. ലോകകപ്പിൽനിന്നും പുറത്താവുകയും ചെയ്തു.
ധോണിയും ജഡേജയും ചേർന്നുളള കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 116 റൺസാണ് അടിച്ചു കൂട്ടിയത്. ഇതിനിടയിൽ ജഡേജയുടെ വിക്കറ്റ് വീണു. 241 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് അവസാന രണ്ടു ഓവറുകളിൽ ജയിക്കാൻ വേണ്ടിയിരുന്നത് 31 റൺസ്. 49-ാമത് ഓവറിലെ ആദ്യ ബോളിൽ തന്നെ ധോണി സിക്സ് ഉയർത്തി അർധ സെഞ്ചുറി തികച്ചു. ഇന്ത്യൻ ആരാധകർക്ക് ഇതോടെ പ്രതീക്ഷ വർധിച്ചു. പക്ഷേ ധോണിയുടെ സമ്മർദ്ദം വർധിപ്പിക്കുന്ന ഡോട്ട് ബോൾ ആയിരുന്നു അടുത്തത്. അടുത്ത പന്തിൽ ധോണി റൺസെടുക്കാൻ ശ്രമിച്ചെങ്കിലും റൺഔട്ടിലൂടെ പുറത്താവുകയായിരുന്നു.
Read Also:രോഹിത് മടങ്ങിയെത്തി, സഞ്ജു പുറത്ത്; ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
പവലിയനിലേക്ക് മടങ്ങവേ ധോണിയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. ധോണി നടന്നുനീങ്ങുമ്പോൾ ലോകകപ്പ് എന്ന മോഹം ഇന്ത്യൻ ആരാധകർക്കും നഷ്ടമായി. അന്നു പുറത്താകുമ്പോൾ തന്റെ മനസിൽ എന്തായിരുന്നുവെന്ന് ധോണി അടുത്തിടെ വെളിപ്പെടുത്തി. രണ്ടാം റണ്ണിന് ഡൈവിങ് ചെയ്യാത്തതിൽ ഇപ്പോഴും ദുഃഖിക്കുന്നുവെന്നും അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇന്ത്യയുടെ വിധി മറ്റൊന്നാകുമായിരുന്നെന്ന് ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ ധോണി പറഞ്ഞു.
”എന്റെ ആദ്യ മത്സരത്തിൽ ഞാൻ റൺഔട്ടായി. ഈ മത്സരത്തിൽ വീണ്ടും റൺഔട്ടായി. ഞാനെന്തുകൊണ്ടാണ് ഡൈവ് ചെയ്യാത്തതെന്ന് ഞാനെന്നോടു തന്നെ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ആ രണ്ട് ഇഞ്ചുകൾ ഞാൻ ഡൈവ് ചെയ്യേണ്ടതായിരുന്നുവെന്ന് ഞാൻ ഇപ്പോഴും സ്വയം പറയാറുണ്ട്” ധോണി പറഞ്ഞു.
ധോണിയുടെ പുറത്താകലിനു പിന്നാല യുസ്‌വേന്ദ്ര ചാഹലിന്റെയും ഭുവനേശ്വർ കുമാറിന്റെയും വിക്കറ്റുകൾ ഇന്ത്യയ്ക്കു നഷ്ടമായി. 221 റൺസിന് ഇന്ത്യ ഓൾഔട്ടായി. 18 റൺസിന് മത്സരം തോൽക്കുകയും ചെയ്തു.