മഹേന്ദ്ര സിങ് ധോണിയെന്നാൽ ക്രിക്കറ്റ് ആരാധകർക്ക് അവരുട പ്രിയപ്പെട്ട മാഹിയാണ്. മൈതാനത്തും പുറത്തും മാഹിയോടുളള സ്നേഹം അവർ കാട്ടാറുണ്ട്. നിരവധി കുട്ടി ആരാധകരും ധോണിക്കുണ്ട്.

അടുത്തിടെ ധോണി പങ്കെടുത്ത ഒരു പരിപാടിക്കിടയിൽ ഒരു സംഭവം ഉണ്ടായി. ധോണിയും സംഘാടകരും സ്റ്റേജിൽ നിൽക്കുകയായിരുന്നു. ധോണിയുടെ ഒരു കുട്ടി ആരാധകനെ സ്റ്റേജിലേക്ക് വിളിച്ചു. സ്റ്റേജിലെത്തിയ ഉടൻ ആരാധകൻ ധോണിയെ സാഷ്ടാംഗം പ്രണിച്ചു. ഉടൻതന്നെ ധോണി ആരാധകനെ പിടിച്ചെഴുന്നേൽപ്പിച്ചു തന്നോട് ചേർത്ത് നിർത്തി. ആരാധകൻ ആകട്ടെ ധോണിയെ കെട്ടിപ്പിടിച്ചുനിന്നു. അതിനുശേഷം ധോണിക്കൊപ്പം സെൽഫി പകർത്തി.

ആരാധകന് തന്റെ ഓട്ടോഗ്രാഫുളള ബാറ്റ് ധോണി സമ്മാനമായി നൽകി. അതിനുശേഷം ധോണിയെ വിട്ടുപിരിയാൻ കഴിയാതെ ആരാധകൻ കെട്ടിപ്പിടിച്ചുനിന്നു. സംഘാടകർ ഏറെ പാടുപെട്ട് ആരാധകനെ പിടിച്ചുമാറ്റി. പോകാൻ നേരത്തും ധോണിയുടെ കാലിൽ വീണശേഷമാണ് ആരാധകൻ മടങ്ങിയത്.

നിദാഹാസ് ട്രോഫിയിൽനിന്നും ധോണിക്ക് വിശ്രമം അനുവദിച്ചിരുന്നു. കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിനും വരാൻ പോകുന്ന ഐപിഎൽ സീസണിനുവേണ്ടിയുളള മുന്നൊരുക്കൾക്കുമായാണ് ധോണി ഈ സമയം മാറ്റിവച്ചിട്ടുളളത്. ഇതിനിടയിൽ ചില പൊതുപരിപാടികളിലും ധോണി പങ്കെടുക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ