ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റ് മൈതാനത്തില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ് മുന്‍ നായകന് എം.എസ്.ധോണി. ഇതിനിടെ സൈന്യത്തിലും സേവനമനുഷ്ഠിച്ചു. ധോണിയുടെ അഭാവത്തില്‍ ഋഷഭ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്കാന് ഇന്ത്യന്‍ ടീമിന് സാധിച്ചിട്ടുണ്ട്.
അവധിയില്‍ നിന്നും ധോണി തിരികെ വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ആരാധകര്‍ക്ക് അത്ര സന്തോഷം നല്കുന്ന വാര്‍ത്തകളല്ല ഇപ്പോള്‍ ലഭിക്കുന്നത്.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണി തന്റെ അവധി നീട്ടിയിരിക്കുകയാണ്. നവംബര്‍ വരെയാണ് ധോണി അവധി നീട്ടിയിരിക്കുന്നത്. മുംബൈ മിററിലെ റിപ്പോര്‍ട്ട് പ്രകാരം മുന്‍ നായകന് നവംബര്‍ വരെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല. ഇതോടെ വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയും ധോണിയ്ക്ക് നഷ്ടമാകും. ഇനി ധോണിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണണമെങ്കില്‍ ഡിസംബറില്‍ ടി20 പരമ്പരയ്ക്കായി വിന്‍ഡീസുകാര്‍ ഇന്ത്യയിലെത്തണം.
Read More: ‘സമയമായി’; ധോണി സ്വമേധയാ വിരമിക്കണമെന്ന് സുനില്‍ ഗവാസ്കർ
ധോണിയ്ക്ക് പകരം ഋഷഭ് പന്തിനെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സമയം പന്തിന് ഗുണകരമാകും. ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവും ഇതോടെ നീളുകയാണ്. ധോണിയ്ക്ക് പകരം പന്തിനെ അടുത്ത ടി20 ലോകകപ്പില്‍ കളിപ്പിക്കേണ്ടതിന്റേയും അതിനായി ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതിന്റേയും പ്രാധാന്യത്തെ കുറിച്ച് സുനില്‍ ഗവാസര്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.