എം.എസ്.ധോണിയെക്കുറിച്ചുളള ഓർമ്മകൾ പങ്കുവയ്ക്കാൻ പറഞ്ഞാൽ എല്ലാ ഇന്ത്യൻ താരങ്ങൾക്കുമുണ്ടാകും ഒന്നെങ്കിലും. റാഞ്ചിക്കാരനായ ചെറിയൊരു പയ്യൻ ഇന്ത്യൻ ടീമിന്റെ നായകനായതും പിന്നീട് വർഷങ്ങൾക്കുശേഷം ലോകകപ്പ് ഇന്ത്യയിലേക്കെത്തിച്ചതും ഓരോ ക്രിക്കറ്റ് ആരാധകന്റെയും ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കും.
എം.എസ്.ധോണിയെക്കുറിച്ചുളള ഓർമ്മ പങ്കുവയ്ക്കുകയാണ് മുൻ ഇന്ത്യൻ താരം വി.വി.എസ്.ലക്ഷ്മൺ. 2008 ൽ ഡൽഹിയിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മൂന്നാമത് ടെസ്റ്റ് മത്സരത്തിനുശേഷം നടന്നൊരു സംഭവമാണ് ലക്ഷ്മൺ തന്റെ ആത്മകഥയിൽ വിവരിച്ചിരിക്കുന്നത്. ലക്ഷ്മണിന്റെ 100-ാമത് ടെസ്റ്റ് മത്സരമായിരുന്നു. അനിൽ കുബ്ലെയുടെ വിരമിക്കൽ ടെസ്റ്റും അതായിരുന്നു. ധോണി മൂന്നു ഫോർമാറ്റുകളുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ടെസ്റ്റ് കൂടിയായിരുന്നു അത്.
”എന്റെ 100-ാമത് ടെസ്റ്റ് മത്സരത്തിനുശേഷം നാഗ്പൂരിലെ ഹോട്ടലിലേക്ക് പോകാൻ ടീം ബസ് ധോണി ഓടിച്ചത് എന്നും എന്റെ ഓർമ്മകളിൽ ഉണ്ടാവും. ഗ്രൗണ്ടിൽനിന്നും തിരികെ ടീം അംഗങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകാൻ ക്യാപ്റ്റൻ വാഹനം ഓടിച്ചത് എന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല. അനിൽ കുംബ്ലെയുടെ വിരമിക്കലിനുശേഷം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ധോണിയുടെ ആദ്യ ടെസ്റ്റായിരുന്നു അത്. ക്യാപ്റ്റൻ ബസ് ഓടിച്ചാൽ ലോകം എന്തു വിചാരിക്കുമെന്നൊന്നും അദ്ദേഹം കാര്യമാക്കിയില്ല. അയാൾ അങ്ങനെയാണ്. എപ്പോഴും കളിതമാശകൾ പറയും. ആ കളിചിരിയും തമാശയും ധോണി ഒരിക്കലും കൈവിട്ടിട്ടില്ല. അവനെ പോലൊരാളെ പിന്നൊരിക്കലും ഞാൻ ജീവിതത്തിൽ കണ്ടുമുട്ടിയിട്ടില്ല,” ലക്ഷ്മൺ ആത്മകഥയിൽ എഴുതിയിരിക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
ക്യാപ്റ്റൻ കൂളെന്ന് അറിയപ്പെടുന്ന ധോണി ടീം മോശമായി കളിച്ചാൽപോലും ദേഷ്യപ്പെടാറില്ലെന്നും ലക്ഷ്മൺ വെളിപ്പെടുത്തി. 2011 ൽ ഇംഗ്ലണ്ട് പരമ്പരയിൽ ടീം മോശം പ്രകടനം നടത്തിയിട്ടും ധോണിയുടെ ശാന്തത അമ്പരപ്പിച്ചുവെന്നും ലക്ഷ്മൺ പറഞ്ഞു.
”ധോണിയുടെ ശാന്തതയും സമചിത്തതയും പറയേണ്ടതുതന്നെയാണ്. 2011 ൽ നടന്ന ഇംഗ്ലണ്ട് ടൂറിൽ ജയിക്കാനുളള ഒരു സാധ്യതയും ധോണി കണ്ടില്ല. ഇംഗ്ലണ്ടിൽ 4-0 ന് ഞങ്ങൾ പരാജയപ്പെട്ടിരുന്നു. അതിനു മുൻപേ ഓസ്ട്രേലിയയുമായുളള മൂന്നു ടെസ്റ്റ് മത്സരങ്ങളും തോറ്റിരുന്നു. മറ്റൊരു തോൽവിക്കായുളള ഒരുക്കത്തിലായിരുന്നു ഞങ്ങൾ. ഞാൻ മാത്രമല്ല, ടീമിലെ എല്ലാവരും തന്നെ നിരാശരായിരുന്നു. പക്ഷേ ധോണി മാത്രം കൂളായിരുന്നു. മനഃശാന്തത കൈവിടാതെയുളള ധോണിയുടെ പെരുമാറ്റം വിശ്വസിക്കാനായില്ല. താൻ നിരാശനാണെന്നോ നിസ്സഹായനാണെന്നോ ഒരുവസരത്തിൽ പോലും ധോണി കാണിച്ചില്ല,” ലക്ഷ്മൺ ആത്മകഥയിൽ എഴുതി.