മുംബൈ: ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് മുൻ നായകൻ എം.എസ്.ധോണിയെ ഒഴിവാക്കി. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് വാർഷിക കരാറിൽനിന്നു താരത്തെ ഒഴിവാക്കിയത്. 2019 ഒക്ടോബർ മുതൽ 2020 സെപ്റ്റംബർ വരെയുള്ള കരാറുകളാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ എ കാറ്റഗറിയിലായിരുന്നു ധോണി.
2014ൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ധോണി 2017ൽ ഏകദിന-ടി20 ടീമുകളുടെ നായകസ്ഥാനവും ഒഴിഞ്ഞിരുന്നു. ലോകകപ്പിന്റെ സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിനു പിന്നാലെ ഇടവേളയെടുത്ത ധേണി പിന്നീട് ടീമിലേക്ക് മടങ്ങിയെത്തിയിരുന്നില്ല.
27 താരങ്ങളെ ഉൾപ്പെടുത്തിയാണ് 2020 സെപ്റ്റംബർ വരെയുള്ള കരാറുകൾ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. എ പ്ലസ്, എ, ബി, സി എന്നീ കാറ്റഗറികളിൽ വ്യത്യസ്ത പ്രതിഫലമായിരിക്കും താരങ്ങൾക്ക് ലഭിക്കുക. എ പ്ലസ് കാറ്റഗറിയിലുള്ള താരങ്ങൾക്ക് ഏഴ് കോടി രൂപയാണ് പ്രതിഫലം, എ കാറ്റഗറിയിലുള്ള താരങ്ങൾക്ക് അഞ്ച് കോടി രൂപയും ബി കാറ്റഗറിയിലുള്ള താരങ്ങൾക്ക് മൂന്ന് കോടി രൂപയും ലഭിക്കുമ്പോൾ സി കാറ്റഗറി താരങ്ങളുടെ പ്രതിഫലം ഒരു കോടി രൂപയാണ്.
Read Also: ഐ-ലീഗ്: ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് ഗോകുലത്തിന്റെ തിരിച്ചുവരവ്
എ പ്ലസ് കാറ്റഗറിയിൽ നായകൻ വിരാട് കോഹ്‌ലി ഉൾപ്പടെ മൂന്ന് താരങ്ങൾ മാത്രമാണുള്ളത്. വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമ, ബോളർ ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റുള്ള താരങ്ങൾ.
കാറ്റഗറി എ: ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, കെ.എൽ.രാഹുൽ, ശിഖർ ധവാൻ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, കുൽദീപ് യാദവ്, റിഷഭ് പന്ത്.
കാറ്റഗറി ബി: വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ.
കാറ്റഗറി സി: കേദാർ ജാദവ്, നവ്ദീപ് സൈനി, ദീപക് ചാഹർ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ഷാർദുൽ ഠാക്കൂർ, ശ്രേയസ് അയ്യർ, വാഷിങ്ടൺ സുന്ദർ.