മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ്.ധോണി ഇപ്പോൾ സൈനിക സേവനത്തിനൊരുങ്ങുകയാണ്. ലഫ്.കേണൽ കൂടിയായ ധോണി 106 ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയനില്‍ അംഗമായി കശ്മീരിലാണ് സേവനം ചെയ്യാൻ പോകുന്നത്. കഴിഞ്ഞ ദിവസമാണ് ധോണിക്ക് സൈനിക സേവനത്തിന് അനുവാദം ലഭിച്ചത്. ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ധോണി സൈനിക സേവനം നടത്തുന്നത്.

പെട്രോളിങ്ങും കാവലുമായിരിക്കും ധോണി ചെയ്യുകയെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. സ്ഥിരമായി സൈന്യത്തിനൊപ്പം പ്രവർത്തിക്കാത്ത ആളായതിനാൽ തന്നെ ധോണിയുടെ സുരക്ഷ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്ന് വന്നിരുന്നു. എന്നാൽ അതിനൊന്നും പ്രസക്തിയില്ലെന്നാണ് കരസേന മേധാവി ബിപിൻ റാവത്ത് പറയുന്നത്. മറ്റേതൊരു സൈനികനും ഉള്ളതുപോലെ തന്നെ ഉത്തരവാദിത്വം ധോണിക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read: വിക്കറ്റിന് പിന്നിലല്ല, ധോണി ഇനി കശ്മീരില്‍ കാവല്‍ നില്‍ക്കും; സൈനിക സേവനത്തിന് അനുമതി

“ഇന്ത്യയിലെ ഏതൊരു വ്യക്തിയും സൈനിക വേഷമണിഞ്ഞാൽ ആ യൂണിഫോം ഏൽപ്പിക്കുന്ന ചില ചുമതലകളുണ്ട്. മറ്റേതൊരു സൈനികനെ പോലെയും രാജ്യത്തെ സംരക്ഷിക്കാൻ അയാളും ബാധ്യസ്ഥനാണ്. ധോണിയെ ആരും സംരക്ഷിക്കേണ്ടതില്ല, അദ്ദേഹം രാജ്യത്തെ സംരക്ഷിച്ചോളും,” കരസേന മേധാവി ബിപിൻ റാവത്ത് എൻഡിടിവിയോട് പറഞ്ഞു.

സൈനിക പരിശീലനത്തിനുള്ള ധോണിയുടെ അപേക്ഷയ്ക്ക് സൈനിക മേധാവി ബിപിന്‍ റാവത്ത് അനുവാദം നല്‍കിയിരുന്നു. 2011ല്‍ ആണ് ഇന്ത്യന്‍ സൈന്യം ധോണിക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ലോകകപ്പ് ക്രിക്കറ്റിനിടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞായിരുന്നു ധോണി ഇറങ്ങിയത്.

Also Read:ധോണി സൈനിക സേവനത്തിനെന്ന് കേട്ട് പൊട്ടിച്ചിരിച്ച് മുന്‍ ഇംഗ്ലണ്ട് താരം; മര്യാദ പഠിപ്പിച്ച് ആരാധകര്‍

സൈന്യത്തില്‍ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. സൈന്യത്തോടൊപ്പം ചെലവഴിക്കാന്‍ ധോണി രണ്ട് മാസത്തെ വിശ്രമം ആവശ്യപ്പെടുകയായിരുന്നു. ധോണി വിന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിരമിക്കലുമായി ബന്ധപ്പെട്ട് ചില ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുകയും ചെയ്തിരുന്നു. ധോണിയുടെ തീരുമാനത്തിലൂടെ താല്‍കാലത്തേക്കെങ്കിലും ആശയകുഴപ്പങ്ങള്‍ക്കും വിരാമമായി. വിന്‍ഡീസിനെതിരെ ഋഷഭ് പന്തിനാണ് ടീമില്‍ വിക്കറ്റ് കീപ്പറുടെ ചുമതല. ടെസ്റ്റില്‍ ശ്രീകര്‍ ഭരതിനെയോ, വൃദ്ധിമാന്‍ സാഹയേയോ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെടുക്കാന്‍ സാധ്യതയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook