സ്വന്തം പേരിലുള്ള പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച് മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിങ് ധോണി. ഇന്ത്യ – ഓസ്‌ട്രേലിയ മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ധോണിയുടെ പേരിലുള്ള പവലിയന്‍ ഉള്ളത്. സ്റ്റേഡിയത്തിലെ സൗത്ത് ബ്ലോക്ക് പവലിയനാണ് ധോണിയുടെ പേര് നല്‍കിയിരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനം ആരംഭിക്കും മുന്‍പ് പവലിയന്‍ ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവുമായി ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ധോണിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഉദ്ഘാടകനാകാനുള്ള ക്ഷണം ധോണി നിരസിക്കുകയായിരുന്നെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിഷ് ചക്രബര്‍ത്തി വെളിപ്പെടുത്തി. 2017 ഓഗസ്റ്റ് 18 ന് ചേര്‍ന്ന യോഗത്തിലാണ് സ്റ്റേഡിയത്തിലെ സൗത്ത് പവലിയന് ധോണിയുടെ പേര് നല്‍കാന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചതെന്നും ചക്രബര്‍ത്തി ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു.

എന്തുകൊണ്ട് തന്റെ പേരിലുള്ള പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ ധോണി വിസമ്മതിച്ചു എന്നും ചക്രബര്‍ത്തി വ്യക്തമാക്കുന്നുണ്ട്. താന്‍ ഈ മൈതാനത്തിന്റെ ഭാഗമാണെന്നും, സ്വന്തം വീടിന്റെ ഭാഗമായ ഒന്ന് എങ്ങനെ ഉദ്ഘാടനം ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും ചോദിച്ചുകൊണ്ടാണ് പവലിയന്‍ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം ധോണി നിരസിച്ചതെന്ന് ചക്രബര്‍ത്തി വ്യക്തമാക്കി.

സ്വന്തം വീടിന്റെ ഭാഗമായുള്ള ഒന്ന് ഉദ്ഘാടനം ചെയ്യുമ്പോള്‍ താന്‍ ഈ ഗ്രൗണ്ടിന്റെ ഭാഗമല്ലെന്ന് തനിക്ക് തോന്നുമെന്നും ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരത്തിന് നന്ദി പറയുന്നുവെന്നും ധോണി പറഞ്ഞതായി ചക്രബര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെ ഏകദിനം നാളെയാണ് നടക്കുക. നാളെ കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. നിലവിൽ 5 മത്സരങ്ങളുളള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ