ഏകദിന ക്രിക്കറ്റിൽ ബാറ്റിങ് ഫോം മോശമായതിനാൽ രോഹിത് ശർമ്മ പഴി കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. 2013 നു മുൻപുവരെ മധ്യനിരയിലായിരുന്നു രോഹിത് കളിച്ചിരുന്നത്. അപ്പോഴൊന്നും തന്റെ കരിയറിൽ മികച്ച റെക്കോർഡ് ഇടാൻ രോഹിത്തിന് കഴിഞ്ഞിരുന്നില്ല. കഴിവുണ്ടായിരുന്നിട്ടും മികച്ച ഫോം പുറത്തെടുക്കാൻ രോഹിത് മധ്യനിരയിൽ ഇറങ്ങി കളിച്ചതുകൊണ്ട് കഴിഞ്ഞില്ല.

രോഹിത്തിന്റെ കരിയറിന് നാഴികക്കല്ലായി മാറിയ തീരുമാനമെടുക്കാൻ ഒടുവിൽ എം.എസ്.ധോണി വേണ്ടിവന്നു. ധോണിയുടെ നിർദ്ദേശ പ്രകാരമാണ് രോഹിത്തിനെ ഓപ്പണിങ് സ്ഥാനത്തേക്ക് മാറ്റിയത്. അതിനുശേഷം രോഹിത്തിന് കരിയറിൽ നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഓരോ ഏകദിനം കഴിയുന്തോറും മികച്ച ഓപ്പണറാണെന്ന് രോഹിത് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

”ഏകദിനത്തിൽ ഓപ്പണറായി ഇറങ്ങാനുള്ള തീരുമാനം കരിയറെ മാറ്റിമറിച്ചുവെന്നാണ് എന്റെ വിശ്വാസം. ധോണിയുടെ തീരുമാനം ആയിരുന്നു അത്. അതിനുശേഷം ഞാനൊരു മികച്ച ബാറ്റ്സ്മാനായി മാറി. അത് കളിയെ കുറച്ചു കൂടി മനസ്സിലാക്കാനും സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കാനും എന്നെ സഹായിച്ചു,” 2017 ൽ രോഹിത് പറഞ്ഞ് ഇങ്ങനെ.

ഏകദിന ഫോർമാറ്റിൽ രോഹിത്തിന്റെ ശരാശരി 53.21 ശതമാനമായി വർധിച്ചിട്ടുണ്ട്. റൺറേറ്റിലും വർധനവുണ്ട്. ആദ്യ 50 ഏകദിനങ്ങളിൽ 31.52 ആയിരുന്നു രോഹിത്തിന്റെ ബാറ്റിങ് ശരാശരി. 100 ഏകദിനമായപ്പോൾ ഇത് 32.02 ആയി. 150 ആയപ്പോൾ ബാറ്റിങ് ശരാശരി ഉയർന്ന് 59.47 ആയി. 199 ഏകദിന മത്സരം കഴിഞ്ഞപ്പോൾ ശരാശരി ഉയർന്ന് 67.37 ലെത്തി നിൽക്കുന്നു.

Read: ധോണിക്കും കോഹ്‍ലിക്കും കഴിയാതെ പോയ നേട്ടം രോഹിത്തിന് മുന്നിൽ

ഓപ്പണറായുള്ള രോഹിത്തിന്റെ ശരാശരി 58.32 ആണ്. ഓപ്പണർമാരിലെ ബാറ്റിങ് ആവറേജിൽ രോഹിത് ശർമ്മയാണ് മുന്നിൽ. തൊട്ടുപിന്നിൽ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ്. കൺവർഷൻ റേറ്റിൽ 42.55 ശതമാനമാണ് രോഹിത്തിനുള്ളത്. രണ്ടാം സ്ഥാനത്താണ് രോഹിത്. ദക്ഷിണാഫ്രിക്കയുടെ ഗിബ്ബിസ് ആണ് ഒന്നാം സ്ഥാനത്ത്.

നാളെ ന്യൂസിലൻഡിനെതിരെ നടക്കുന്ന നാലാം ഏകദിനം രോഹിത്തിന്റെ 200-ാം മത്സരമാണ്. ഈ നേട്ടത്തിലെത്തുന്ന 14-ാമത്തെ താരമാകും രോഹിത്. 199 ഏകദിനങ്ങളില്‍ 48.14 ശരാശരിയില്‍ 7799 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഇതിൽ മൂന്ന് ഇരട്ട സെഞ്ചുറികളും 22 സെഞ്ചുറികളും 39 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook