തിങ്കളാഴ്‌ചയാണ് സുരേഷ് റെയ്നയുടെ മകള്‍ ഗ്രേഷിയയ്ക്ക് 2 വയസ് തികഞ്ഞത്. ജന്മദിനാഘോഷത്തിന് ഒരു സെപ്ഷ്യല്‍ അതിഥിയും എത്തിയിരുന്നു. മറ്റാരുമല്ല, ഇന്ത്യന്‍ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിങ് ധോണി. ധോണിയെ കൂടാതെ ഹര്‍ഭജന്‍ സിങ്ങിന്റെ ഭാര്യയും ബോളിവുഡ് താരവുമായ ഗീത ബസ്രയും ജന്മദിനാഘോഷത്തിന് എത്തിയിരുന്നു.

റെയ്നയും ധോണിയും ഹര്‍ഭജനും ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങളാണ്. ജന്മദിനാഘോത്തിന് പിന്നാലെ റെയ്ന മകളുടെ വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇപ്പോള്‍ തന്നെ 20 വയസ് ആയത് പോലെയാണ് അവളുടെ കളി’, എന്നായിരുന്നു അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്. ജന്മദിനത്തിന് എത്തിയ ധോണി റെയ്നയുടെ വീട്ടില്‍ മണിക്കൂറുകളോളം ചെലവഴിച്ചാണ് മടങ്ങിയത്. ധോണിയുടെ മകള്‍ സിവയും ഗ്രേഷിയയും നല്ല കൂട്ടുകാരികളാണ്. ഇരുവരുടേയും ഒന്നിച്ചുളള ചിത്രങ്ങളും വീഡിയോയും നേരത്തേ പുറത്തുവന്നിട്ടുണ്ട്.

ഇരു ക്രിക്കറ്റ് താരങ്ങളും തമ്മിലുളള ബന്ധം മക്കളിലേക്ക് കൂടി പകര്‍ന്നതിന്റെ തെളിവാകുന്ന ചിത്രമായിരുന്നു ഈയടുത്ത് റെയ്ന പുറത്തുവിട്ടത്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുളള മൽസരം നടന്നുകൊണ്ടിരിക്കെ സിവയും ഗ്രേഷിയയും ടാബ്‌ലെറ്റില്‍ മൽസരങ്ങളുടെ ഹൈലൈറ്റ് നോക്കുന്നതിന്റെ തിരക്കിലാണ്. ‘നഗരത്തിലെ പുതിയ ഉറ്റസുഹൃത്തുക്കള്‍, ഗ്രേഷിയയും സിവയും. മൽസരത്തിന്റെ ഹൈലൈറ്റ് നോക്കുന്ന തിരക്കിലാണവര്‍’, റെയ്ന ട്വീറ്റ് ചെയ്തു.

ക്രിക്കറ്റിനേക്കാളും സുരേഷ് റെയ്നയ്ക്ക് താൽപര്യം കുടുംബത്തോട് ആണെന്ന ചിലരുടെ വിമര്‍ശനങ്ങള്‍ നേരത്തേ വാര്‍ത്തകളായിരുന്നു. പണ്ട് ക്രിക്കറ്റിനോട് ആത്മാര്‍ത്ഥയുണ്ടായിരുന്ന റെയ്ന വിവാഹശേഷം ഭാര്യയിലേക്കും കുട്ടിയിലേക്കും മാത്രം ഒതുങ്ങിപ്പോയെന്നും മുന്‍ രഞ്ജി പരിശീലകനും റെയ്നയെ കുറ്റപ്പെടുത്തി രംഗത്ത് വന്നു.

വിവാഹ ശേഷം ക്രിക്കറ്റിനോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്ന ആരോപണത്തോട് പ്രതികരിച്ച് റെയ്ന പിന്നീട് രംഗത്തെത്തിയതും വാര്‍ത്തയായി. തന്റെ മകള്‍ക്ക് അസുഖമായിരുന്നതിനാലാണ് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. “ഇതേ തുടര്‍ന്ന് നാളുകളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. വീട്ടിലെ ജോലിയും താന്‍ തന്നെയാണ് നോക്കേണ്ടത്. ഇത് ചെയ്യുന്നതിന് എന്തിന് തന്നെ കുറ്റപ്പെടുത്തണമെന്നും” റെയ്‌ന ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അന്ന് തന്നെ ഒരു അച്ഛനെന്ന നിലയില്‍ റെയ്ന തന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു. ഇന്ന് ഫാദേഴ്സ് ഡേയിലും ‘ഒരു അച്ഛനായിരിക്കുന്നതിലെ സന്തോഷം’ പങ്കുവച്ചാണ് അദ്ദേഹം ഒരു വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വയസ് പ്രായമുളള റെയ്നയുടെ മകള്‍ ഗ്രേഷിയ ‘പാപ്പ’ എന്ന് വിളിക്കുന്നതിന്റെ വീഡിയോ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook