കളിക്കളത്തിൽ മഹേന്ദ്ര സിങ് ധോണി കർക്കശക്കാരനെന്നാണ് പൊതുവേ പറയുന്നത്. സഹതാരങ്ങൾ പലപ്പോഴും അമിതമായി ആഹ്ലാദിക്കുമ്പോഴും ധോണി ഒരു ചിരിയിൽ അതെല്ലാം ഒതുക്കും. കളിക്കളത്തിലെ ധോണിയുടെ മുഖഭാവം കണ്ടാൽപ്പോലും ഗൗരവക്കാരനാണെന്നേ തോന്നൂ. പക്ഷേ കളിക്കളത്തിൽ താൻ പൊട്ടിക്കരഞ്ഞ നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി.

2011 ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോഴാണ് വികാരം അടക്കാനാവാതെ ധോണി കരഞ്ഞത്. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മൽസരത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയത്. ധോണി ഉയർത്തിയ സിക്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇതു കണ്ട സച്ചിൻ തെൻഡുക്കർ, യുവരാജ് സിങ്, ഗൗതം ഗംഭീർ, ഹർഭജൻ സിങ് തുടങ്ങിയ താരങ്ങളെല്ലാം സന്തോഷം അടക്കാനാവാതെ കരഞ്ഞുപോയി. പക്ഷേ ഇതിനിടയിൽ ധോണിയും കരഞ്ഞിരുന്നു. എന്നാൽ ക്യാമറക്കണ്ണുകൾ ധോണിയുടെ കണ്ണുനീർ ഒപ്പിയെടുത്തില്ല.

മാധ്യമപ്രവർത്തകൻ രാജ്ദീപ് സര്‍ദേശായിയുടെ ‘ഡെമോക്രസി ഇലവന്‍’ എന്ന പുസ്തകത്തിലാണ് ധോണി താൻ കരഞ്ഞതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ”അതേ ഞാന്‍ കരഞ്ഞു. എന്നാൽ ക്യാമറകള്‍ അത് പിടിച്ചെടുത്തില്ല. ലോകകപ്പ് വിജയിച്ചുവെങ്കിലും ഞാൻ എന്റെ വികാരങ്ങളെയെല്ലാം പിടിച്ചുനിർത്തുകയായിരുന്നു. പക്ഷേ ഹർഭജൻ സിങ് എന്നെ ഓടിവന്നു കെട്ടിപ്പിടിച്ചപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. ഞാൻ പെട്ടെന്ന് കരഞ്ഞുപോയി. ഉടൻതന്നെ ഞാൻ തല താഴ്ത്തിപ്പിടിച്ചു. അതിനാൽ ഞാൻ കരയുന്നത് ആരും കണ്ടില്ല”.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്ന ഒന്നാണ് ഇന്ത്യ ലോകകപ്പ് നേടിയ ആ നിമിഷം. ശ്രീലങ്ക ഉയർത്തിയ 276 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് വിരേന്ദർ സെവാഗ്, സച്ചിൻ പോലുളള മുൻനിര കളിക്കാരുടെ വിക്കറ്റുകൾ പെട്ടെന്നാണ് നഷ്ടപ്പെട്ടത്. ഗംഭീറും കോഹ്‌ലിയും ചേർന്നാണ് ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോയത്. അവസാനം ക്യാപ്റ്റൻ ധോണി കളത്തിലിറങ്ങുകയും ഇന്ത്യയുടെ വിജയം ഒരു സിക്സറിലൂടെ ധോണി കൈപ്പിടിയിലൊതുക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook