കഴിഞ്ഞ ദിവസമായിരുന്നു എം.എസ്.ധോണിയുടെ 37-ാം ജന്മദിനം. അതിന്റെ ആഘോഷങ്ങള്‍ക്ക് പിന്നാലെ മൈതാനത്തിറങ്ങിയ ധോണി സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകളാണ്. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിലെ പ്രകടനങ്ങള്‍ ധോണിയുടെ പേര് വീണ്ടും റെക്കോര്‍ഡ് ബുക്കില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു.

ഒരു ടി-20 യില്‍ അഞ്ച് ക്യാച്ചെടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോർഡാണ് ധോണിയെ തേടിയെത്തിയത്. ഒരു ടി-20 യില്‍ അഞ്ച് പേരെ പുറത്താക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും ധോണി സ്വന്തമാക്കി. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷെഹ്സാദാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.

അഞ്ച് ക്യാച്ചും ഒരു റണ്ണൗട്ടുമായി ആറു ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാരെ പുറത്താക്കാന്‍ ധോണി പങ്കാളിയായി. ഒപ്പം ട്വന്റി-20യില്‍ 50 ക്യാച്ചുകള്‍ നേടുന്ന ആദ്യ വിക്കറ്റ് കീപ്പറുമായി ധോണി. ടി-20 യില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയിട്ടുള്ള താരവും ധോണിയാണ്.

അതേസമയം, രോഹിത് ശര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇതോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയ ലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ ഹാർദിക് പാണ്ഡ്യയുടെ സിക്‌സിലൂടെ ഇന്ത്യ മറികടക്കുകയായിരുന്നു.

മൂന്ന് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. 56 പന്തില്‍ നിന്നും സെഞ്ചുറി തികച്ച രോഹിത് ശര്‍മ്മയാണ് കളിയിലെ കേമന്‍. തുടക്കം മുതല്‍ തന്നെ ഇന്ത്യ ആക്രമിച്ചു കളിക്കുകയായിരുന്നു. ശിഖര്‍ ധവാനെ നഷ്ടമായിട്ടും പുറത്താകെ രോഹിത് ഒരു വശത്ത് നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.

നായകന്‍ വിരാട് കോഹ്‌ലി 43 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പാണ്ഡ്യ 14 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്ക്റ്റ് നഷ്ടത്തിലാണ് 198 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ജേസണ്‍ റോയ് 31 പന്തില്‍ 67 റണ്‍സെടുത്തു. 21 പന്തില്‍ 34 റണ്‍സെടുത്ത ബട്‌ലര്‍ മികച്ച പിന്തുണ നല്‍കി.

ഇരുവരും പുറത്തായശേഷമിറങ്ങിയ ഹെയ്ല്‍സ് 30 റണ്‍സെടുത്ത് സ്‌കോറിങ് വേഗത നിലനിര്‍ത്തി. എന്നാല്‍ താളം കണ്ടെത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന് 200 ലെത്താനായില്ല. ബെയര്‍സ്റ്റോ 25 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റ് വീഴ്ത്തി. കൗള്‍ രണ്ടും ചാഹര്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മാഞ്ചസ്റ്ററില്‍ നടന്ന ഒന്നാം ടി-20യില്‍ ഇന്ത്യയും കാര്‍ഡിഫില്‍ നടന്ന രണ്ടാം ടി-20 യില്‍ ഇംഗ്ലണ്ടുമായിരുന്നു വിജയിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook