ലോകക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാളാണ് എം.എസ്.ധോണി. 2011 ലോകകപ്പ് ഫൈനലിലെ ആ സിക്‌സ് മാത്രം മതി ഈ വാദം ശരിവയ്ക്കാൻ. അത്തരത്തിൽ പല തവണ ധോണി ടീമിനെ വിജയത്തിലെത്തിക്കാനും ധോണിക്ക് സാധിച്ചട്ടുണ്ട്. പലപ്പോഴും തോൽവി ഉറപ്പിച്ച മത്സരങ്ങളിൽ പോലും വിജയം തിരിച്ചുപിടിക്കാൻ ധോണിയുടെ നേതൃപാഠവവും ബാറ്റിങ് മികവും സഹായിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും ധോണിയുടെ മെല്ലെ പോക്ക് ടീമിനെ തോൽവിയിലേക്ക് നയിക്കുന്ന സാഹചാര്യവുമുണ്ടായിട്ടുണ്ട്. അത്തരത്തിൽ ക്യാപ്റ്റൻ കൂൾ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ച ചില മത്സരങ്ങൾ നോക്കം.

Read Also: തല പടിയിറങ്ങി, ധോണി ഫിനിഷസ് ഓഫ് ഇൻ സ്‌റ്റെൽ

2007ൽ ശ്രീലങ്കയ്ക്കെതിരെ രാജ്കോട്ടിൽ നടന്ന ഏകദിന മത്സരം

2007ൽ ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സന്ദർശകരെ ഇന്ത്യൻ പേസർമാർ തുടക്കത്തിൽ 58ന് നാല് എന്ന സ്കോറിലൊതുക്കി. എന്നാൽ കുമാർ സംഗക്കാരയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ ടീം സ്കോർ 257ൽ എത്തിക്കാൻ ശ്രീലങ്കയ്ക്കായി. അപ്പോഴും വിജയം ഇന്ത്യൻ തീരത്ത് തന്നെയായിരുന്നു.

Also Read: ലേഡീസ് ഫസ്റ്റ്; രാജ്യാന്തര ക്രിക്കറ്റിലെ മിന്നും നേട്ടങ്ങളുടെ ആദ്യ അവകാശികൾ വനിതകൾ

മറുപടി ബാറ്റിങ്ങിൽ സച്ചിനും ഗാംഗുലിയും അർധസെഞ്ചുറി തികച്ച് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. 30 ഓവറിൽ ടീം സ്കോർ അഞ്ചിന് 169 എന്ന് നിൽക്കെയാണ് ധോണി ക്രീസിലെത്തുന്നത്. ആറാം വിക്കറ്റിൽ ദിനേശ് കാർത്തിക്കിനൊപ്പം ചേർന്ന് 94 പന്തിൽ 66 റൺസ് മാത്രമാണ് ധോണിക്ക് നേടാനായത്. എന്നാൽ അപ്പോഴും ഒമ്പത് ഓവറിൽ 38 റൺസകലെ ഇന്ത്യൻ വിജയം സുനിശ്ചിതമായിരുന്നു. എന്നാൽ റൺസ് സ്കോർ ചെയ്യുന്നതിൽ വലിയ താൽപര്യം കാണിക്കാതിരുന്ന ധോണി ഒരു ബൗണ്ടറി പോലും കണ്ടെത്തിയില്ല. ഇതോടെ അവസാന ഓവറിൽ ജയം 11 റൺസായി വിജയലക്ഷ്യം. ആദ്യ മൂന്ന് പന്ത് നേരിട്ട ധോണി ഒരു റൺസ് മാത്രമാണ് നേടിയത്. അതിനിടയിൽ അനിൽ കുംബ്ലെ റൺഔട്ട് ആകുകയും ചെയ്തു. ആ ഓവറിലെ നാലാം പന്തിലായിരുന്നു ധോണിയുടെ ബാറ്റിൽ നിന്നും ആദ്യ ബൗണ്ടറി പിറന്നത്. അടുത്ത പന്ത് സിംഗിളിൽ അവസാനിച്ചപ്പോൾ അവസാന പന്തിൽ നിസഹായനായി ശ്രീശാന്തും നിന്നു. അഞ്ച് റൺസിന് മത്സരം ലങ്കയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ് ഇന്ത്യ.

2012ൽ ന്യൂസിലൻഡിനെതിരായി ചെന്നൈയിൽ നടന്ന ടി20 മത്സരം

ഏകദിനത്തിൽ നിന്ന് ടി20യിലേക്ക് എത്തുമ്പോഴും ധോണിയുടെ മെല്ലേ പോക്ക് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചിട്ടുണ്ട്. കിവികൾക്കെതിരായ ടെസ്റ്റ് മത്സരം തൂത്തുവാരിയ ഇന്ത്യ ടി20യിലും വിജയമാവർത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. വിശാഖപട്ടണത്ത് നടക്കേണ്ടിയിരുന്ന ആദ്യ മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചതോടെ എല്ലാ കണ്ണുകളും ചെന്നൈയിൽ നടക്കുന്ന രണ്ടാം മത്സരത്തിലേക്കായി.

ടോസ് നഷ്ടപ്പെട്ട ന്യൂസിലൻഡിന് രണ്ട് റൺസെടുക്കുന്നതിനിടയിൽ രണ്ട് വിക്കറ്റുകളും നഷ്ടമായി. രക്ഷകനായി എത്തിയ ബ്രണ്ടൻ മക്കലത്തിന്റെ ചിറകുകളിൽ പറന്ന കിവികൾ 167 എന്ന പ്രതിരോധിക്കാവുന്ന സ്കോറിലെത്തി. എന്നാൽ തകർത്തടിച്ച കോഹ്‌ലി കിവികളുടെ പ്രതീക്ഷയുടെ തൂവലുകൾ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി. 41 പന്തിൽ 70 റൺസ് നേടിയ താരം പുറത്താകുമ്പോൾ ഇന്ത്യൻ വിജയം 40 പന്തിൽ 48 റൺസ് മാത്രം അകലെയായിരുന്നു. കോഹ്‌ലിക്ക് പിന്നാലെ യുവരാജ് 11 പന്തിൽ 20 റൺസ് നേടിയെങ്കിലും മൂന്നാം വിക്കറ്റിന് ശേഷം അടുത്ത 22 പന്തിൽ ഇന്ത്യ ആകെ നേടിയത് 16 റൺസായിരുന്നു. അതിൽ തന്നെ 15 പന്തുകൾ നേരിട്ട നായകൻ ധോണി 9 റൺസ് മാത്രമാണ് അടിച്ചെടുത്തത്. അവസാന ഓവറിൽ 13 റൺസ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് രണ്ട് റൺസകലെ വിജയം നഷ്ടമായി.

Also Read: സച്ചിൻ നമ്മളുദ്ദേശിച്ച ആളല്ല സർ; മാസ്റ്റർ ബ്ലാസ്റ്ററുടെ അഞ്ച് ബൗളിങ് റെക്കോർഡുകൾ

2014ൽ ഇംഗ്ലണ്ടിനെതിരായി ബെർമിങ്ഹാമിൽ നടന്ന ടി20 മത്സരം

2014ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ക്രിക്കറ്റ് അത്രവേഗം മറക്കാൻ ഇടയില്ല. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ അടുത്ത രണ്ട് മത്സരങ്ങളും അതിഥേയർക്ക് മുന്നിൽ അടിയറവ് വെച്ചപ്പോൾ ഏകദിനത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 3-1ന് ഏകദിന പരമ്പര സ്വന്തമാക്കാൻ നീലപ്പടയ്ക്കായി. പര്യടനത്തിന്റെ കലാശക്കൊട്ട് ഒരു ടി20 മത്സരമായിരുന്നു.

ബെർമിങ്ഹാമിൽ നടന്ന മത്സരത്തിൽ ഇയാൻ മോർഗൻ വെടിക്കെട്ട് തീർത്തപ്പോൾ 180 എന്ന മികച്ച സ്കോറിലെത്താൻ ആതിഥേയർക്ക് സാധിച്ചു. ഇത്തവണയും മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി കോഹ്‌ലി കളം നിറഞ്ഞു. അർധസെഞ്ചുറി നേടിയ കോഹ്‌ലി പുറത്താകുമ്പോഴും എല്ലാ വിജയസാധ്യതയും ഇന്ത്യയ്ക്കൊപ്പം തന്നെയായിരുന്നു. ധോണി ക്രീസിലെത്തുമ്പോൾ ഇന്ത്യയ്ക്ക് 34 പന്തിൽ 50 റൺസകലെയായിരുന്നു വിജയലക്ഷ്യം.

എന്നാൽ ആദ്യ പത്ത് പന്തിൽ ഒമ്പത് സിംഗിൾ നേടിയ ധോണി വീണ്ടും നിറം മങ്ങി. അവസാന ഓവറിൽ 17 റൺസ് വിജയിക്കാൻ വേണ്ടിയിരുന്ന ധോണി ബൗണ്ടറി ഉൾപ്പടെ നേടി ജയത്തിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൂന്ന് റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. അവസാന ഓവറുകളിൽ കാണിച്ച ആവേശം നേരത്തെ കാണിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു.

2015ലെ ദക്ഷിണാഫ്രിക്കക്കെതിരായ കാൻപൂർ ഏകദിനം

2015ൽ ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കൻ സംഘത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. രണ്ട് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പര തൂത്തുവാരിയ പ്രൊട്ടീയാസുകൾ ഏകദിനത്തിലും മികവ് ആവർത്തിച്ചു. നായകൻ എബി ഡി വില്ലിയേഴ്സിന്റെ സെഞ്ചുറി മികവിൽ 303 റൺസാണ് സന്ദർശകർ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിൽ 40 ഓവറിൽ 214 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് കോഹ്‌ലി പുറത്താകുന്നത്. സെഞ്ചുറി തികച്ച രോഹിത് ശർമയ്ക്കൊപ്പം ചേർന്ന് അടുത്ത ആറ് ഓവറിൽ 55 റൺസ് ടീം സ്കോറിൽ കൂട്ടിച്ചേർക്കാൻ ധോണിക്ക് സാധിച്ചു. എന്നാൽ 42 റൺസ് നേടിയതും രോഹിത്തായിരുന്നു. 16 പന്ത് നേരിട്ട ധോണി സ്വന്തമാക്കിയതാകട്ടെ 9 റൺസും. രോഹിത്തിന്റെ ബാറ്റിങ് ഇന്ത്യയ്ക്കും ധോണിയുടെ ബാറ്റിങ് ദക്ഷിണാഫ്രിക്കയ്ക്കും സാധ്യത നൽകിയ സമയമായിരുന്നു അത്. ധോണിയുടെ തുഴച്ചിൽ ദക്ഷിണാഫ്രിക്കയ്ക്ക് തന്നെ വിജയമൊരുക്കി. അവസാന ഓവറിൽ 18 റൺസ് വേണ്ടിയിരുന്ന ഇന്ത്യ അഞ്ച് റൺസ് അകലെ തോൽവി വഴങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook