അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിഗ് (ഐ‌പി‌എൽ) മത്സരങ്ങളിലും എം‌എസ് ധോണി ചെന്നൈക്ക് വേണ്ടി ഇറങ്ങും. ഞായറാഴ്ച ഈ സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിന്റെ ടോസിങ്ങിനിടെയാണ് താൻ അടുത്ത സീസണിലും ഐപിഎല്ലിലുണ്ടാവുമെന്ന് ധോണി വ്യക്തമാക്കിയത്. കമന്റേറ്റർ ഡാനി മോറിസണിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു 39 കാരനായ താരം.

“ഇത് മഞ്ഞ ജഴ്സിയിലെ നിങ്ങളുടെ അവസാന കളിയാകുമോ?” എന്നായിരുന്നു ഡാനി മോറിസന്റെ ചോദ്യം.

“തീർച്ചയായും അല്ല,” എന്ന് ധോണി ഉടനെ മറുപടി പറഞ്ഞു.

പ്രതീക്ഷിച്ചതുപോലെ, അദ്ദേഹത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ആരാധകർ അടക്കമുള്ളവരെ ആവേശത്തിലാക്കി.

ഈ വർഷം ഓഗസ്റ്റ് 15 ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ധോണി ഐപിഎല്ലിൽ കുറഞ്ഞത് രണ്ട് സീസണെങ്കിലും കളിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

Read More: ബട്‌ലറെ ധോണിയുടെ വലിയ ആരാധകനാക്കിയ ഇന്നിങ്സ്; മനസ് തുറന്ന് ഇംഗ്ലീഷ് താരം

ധോണി അവസാനമായി ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത് 2019 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമിഫൈനലായിരുന്നു.

ഈ വർഷം എക്കാലത്തെയും മോശമായ സീസണാണ് സി‌എസ്‌കെക്ക് ലഭിച്ചത്. ഐപിഎൽ പോയിന്റ് പട്ടികയിൽ ഏറ്റവും പിറകിലാണ് ഇത്തവണ സിഎസ്കെ. മൂന്ന് തവണ ചാമ്പ്യന്മാരായ, വർഷങ്ങളായി തങ്ങളുടെ സ്ഥിരത കാത്തുസൂക്ഷിച്ചിരുന്ന ടീം പക്ഷേ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ പ്ലേഓഫ് കാണാതെ പുറത്താവുന്നത്.

അടുത്ത വർഷം ഐ‌പി‌എൽ മുൻ വർഷങ്ങളിലേതിന് സമാനമായ ഏപ്രിൽ-മെയ് മാസങ്ങളിലായി‌ നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ലോകമെമ്പാടുമുള്ള കോവിഡ്-19 സാഹചര്യം കാരണം തീയതികൾ‌ മാറിയേക്കാം.

Read More: ഓസിസ് പര്യടനത്തിനുള്ള ഇന്ത്യൻടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ധോണിക്ക് ആദരമർപ്പിച്ച് ബിസിസിഐ

അതേസമയം ഞായറാഴ്ച നടന്ന സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈ കിങ്സ് ഇലവൻ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തോൽപിച്ചു. ഇതോടെ ചെന്നൈക്ക് പിറകേ കിങ്സ് ഇലവൻ പഞ്ചാബും ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായി. ബാറ്റ്സ്മാന്മാർക്ക് പിന്നാലെ ബോളർമാരും ചെന്നൈക്ക് മുന്നിൽ അടിപതറിയതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങൾ അവസാനിക്കുകയായിരുന്നു. പഞ്ചാബ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ചെന്നൈ മറികടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook