ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ക്യാപ്റ്റന്റെ തൊപ്പി കൈമാറുക എന്നത് അത്ര ചെറിയ കാര്യമല്ല. വിശ്വാസവും ധൈര്യവുമെല്ലാം ഒരുപാട് വേണ്ട കാര്യമാണത്. വിരാട് കോഹ്ലിയിലേക്ക് ആ പദവി കൈമാറുമ്പോള്‍ ധോണിയും വിരാടിന് പകര്‍ന്നതും അതുതന്നെയാണ്. കഴിഞ്ഞ വര്‍ഷം ധോണി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞതു മുതല്‍ വിരാട് ആ റോള്‍ ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ്.

വിരാടിന്റെ ക്യാപ്റ്റന്‍സിയെ വിലയിരുത്തുകയാണ് ഇപ്പോള്‍ ധോണി. ക്യാപ്റ്റനാകാന്‍ ഏറ്റവും ഉത്തമനായ വ്യക്തിയാണ് വിരാട് കോഹ്ലിയെന്നാണ് ധോണി പറയുന്നത്. ഒരു പ്രെമോഷണല്‍ പരിപാടിയ്ക്കിടെയായിരുന്നു ധോണി വിരാടിനെ കുറിച്ച് മനസു തുറന്നത്. ഒരു ക്യാപ്റ്റന് വേണ്ട ഗുണങ്ങളെ കുറിച്ചും ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരിലൊരാളായ ധോണി മനസു തുറന്നു.

”മറ്റുള്ളവരെ മനസിലാക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ നായകന്‍ എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. താരങ്ങളുടെ കഴിവും ദൗര്‍ബല്യവും അറിഞ്ഞിരുന്നുവെങ്കില്‍ മാത്രമാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ. വ്യക്തി എന്ന നിലയിലും എത്രയും നന്നായി പെരുമാറാനും മറ്റുളളവരെ സഹായിക്കാനും കഴിയും എന്നതു തന്നെയാണ് നായകന്‍ എന്ന നിലയിലും പ്രധാനം.” ധോണി പറയുന്നു.

ഈ ഗുണങ്ങളൊക്കെ വിരാടിന് ഉണ്ടെന്ന് ധോണി പറയുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫിനിഷര്‍മാരിലൊരാളും മികച്ച വിക്കറ്റ് കീപ്പറുമായ ധോണി ഇന്നും പ്രശസ്തനാകുന്നത് തന്റെ ക്യാപ്റ്റന്‍സി കൊണ്ടാണ്. അതുകൊണ്ട് തന്നെ ആ വാക്കുകള്‍ക്ക് വിരാടിന് വലിയ ഊര്‍ജ്ജം പകരാന്‍ കഴിയുന്നതാണ്.

ഈ ഐപിഎല്‍ സീസണും ധോണി ക്യാപ്റ്റന്‍സി മികവ് കണ്ടതാണ്. എന്നാല്‍ വിരാടിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര നല്ല നിലയിലല്ല. ബെംഗളൂരു പ്ലേ ഓഫിലേക്കുള്ള വാതില്‍പ്പടിയില്‍ തന്നെയാണ് ഇപ്പോഴും. ടീമെന്ന നിലയില്‍ സമ്പൂര്‍ണ്ണ പ്രകടനം കാഴ്ച്ച വെക്കുന്നതില്‍ പലപ്പോഴും ടീം പരാജയപ്പെടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ