മുംബൈ: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ വിടാതെ പിടികൂടിയിരിക്കുന്ന വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണി. ഷമിയുടെ കരിയറില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ഷമിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന താരമാണ് ധോണി.
ഷമിയുടേത് അദ്ദേഹത്തിന്റെ കുടുംബപ്രശ്നമാണെന്നും അതില്‍ മറ്റുള്ളവര്‍ അധികം ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ധോണിയുടെ പ്രതികരണം. അതേസമയം, ഷമി വളരെ നല്ലൊരു മനുഷ്യനാണെന്നും ധോണി പറയുന്നു.
‘എന്റെ അറിവില്‍ ഷമി വളരെ നല്ലൊരു മനുഷ്യനാണ്. അവന് ഭാര്യയേയും രാജ്യത്തേയും ചതിക്കാന്‍ പറ്റില്ല. ഇത് ഷമിയുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് നമ്മള് അധികം ഇടപെടുന്നത് ശരിയല്ല.’ ധോണി പറയുന്നു. ഒരു പ്രാദേശിക മാധ്യമത്തോടായിരുന്നു ധോണിയുടെ പ്രതികരണം.
നേരത്തെ ഷമിയുമായുള്ള കരാര്‍ പുതുക്കുന്നത് ബിസിസിഐ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരുന്നു. ഭാര്യ ഹസിന് ജഹാന് നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു ബിസിസിഐയുടെ തീരുമാനം. താരത്തിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിന് തന്നെ വിവാദം വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
അതേസമയം, മുഹമ്മദ് ഷമിയെക്കെതിരായ ആരോപണം ശക്തമാക്കിയിരിക്കുകയാണ് ഭാര്യ ഹസിന് ജഹാന്. ഷമിയുടെ രണ്ടാമത്തെ ഫോണ്‍ താന്‍ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ ഷമി ഉത്തര്‍പ്രദേശിലേക്ക് മടങ്ങി പോവുകയും തനുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് ഹസിന് പറഞ്ഞു. കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹസിന്.
‘തെറ്റ് അംഗീകരിക്കണമെന്ന് ഷമിയെ പറഞ്ഞ് മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. കുറേ നാളായി ഞാനത് ചെയ്യുന്നു. ഇപ്പോള്‍ ഈ ഫോണ്‍ ഞാന്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ എന്നെ ഉപേക്ഷിച്ച് ഉത്തര്പ്രദേശിയിലേക്കോ മറ്റ് എങ്ങോട്ടെങ്കിലുമോ ഓടി പോകുമായിരുന്നു. എന്നെ ഡിവോഴ്സ് ചെയ്തിട്ടുണ്ടാകുമായിരുന്നു.’ ഹസിന് പറയുന്നു. യാതൊരു കാരണവശാലും ഷമിയുമായി ഒത്തുതീര്‍പ്പിന് തയ്യാറാകില്ലെന്നും ഹസിന് വ്യക്തമാക്കി.
‘ മതി, ഇത് ധാരാളമാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ അയാള്‍ക്ക് മാപ്പ് നല്കി വരികയാണ്. നല്ല വഴിയ്ക്ക് വരാമെന്ന് എനിക്ക് ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഞാന്‍ എല്ലാം തുറന്ന് പറയാന്‍ തീരുമാനിച്ചതോടെ ഷമിയുമായി ഇനിയൊരു ഒത്തുതീര്‍പ്പിന് സാധ്യത പോലുമില്ല.’ ഹസിന് പറയുന്നു.
ഹസിനുമായി രമ്യതയിലെത്തണമെന്നും വീണ്ടും സന്തുഷ്ട കുടുംബമായി ജീവിക്കണമെന്നും ഷമി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹസിന് തന്റെ നിലപാട് വ്യക്തമാക്കിയത്. ഹസിനെ ആരോ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണെന്നും തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നുമായിരുന്നു നേരത്തെ ഷമി പ്രതികരിച്ചത്.