ഡൽഹി ഡെയർഡെവിൾസിനെതിരായ മൽസരത്തിൽ എം.എസ്.ധോണിയും അമ്പാട്ടി റായിഡും തീർത്ത മികച്ച കൂട്ടുകെട്ടാണ് ചെന്നൈ സൂപ്പർ കിങ്സിനെ മികച്ച സ്കോർ നിലയിലേക്ക് എത്തിച്ചത്. 21 ബോളിൽനിന്നും 41 റൺസാണ് റായിഡു അടിച്ചു കൂട്ടിയത്. 5 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു റായിഡുവിന്റെ ഇന്നിങ്സ്.

അർധ സെഞ്ചുറിയുടെ വക്കിലെത്തി നിൽക്കുമ്പോഴാണ് റായിഡു റൺഔട്ടിലൂടെ പുറത്തായത്. റായിഡുവിന്റെ റൺഔട്ടിനെ മണ്ടത്തരം എന്നല്ലാതെ പറയാനാകില്ല. 20-ാം ഓവറിന്റെ 5-ാമത്തെ ബോളിലായിരുന്നു റായിഡുവിന്റെ വിക്കറ്റ് വീണത്. ഡൽഹി ബോളർ ട്രെന്റ് ബോൾട്ടിന്റെ ബോൾ ധോണി വീശിയടിച്ചുവെങ്കിലും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തടുത്തു നിർത്തി.

ധോണി വീശിയടിക്കുന്നതു കണ്ട റായിഡു അപ്പോഴേക്കും ഓട്ടം തുടങ്ങിയിരുന്നു. ധോണി തിരിഞ്ഞു നോക്കുമ്പോൾ റായിഡു തന്റെ തൊട്ടടുത്ത്. ധോണി ഓടാത്തതു കണ്ട റായിഡു തിരികെ ഓടി. അപ്പോഴേക്കും കീപ്പർ റിഷഭ് പന്ത് ബോൾട്ടിന് കൈമാറിയിരുന്നു. റായിഡു ഓടിയെത്തും മുൻപേ ബോൾ വിക്കറ്റ് തെറിപ്പിച്ചു.

റായിഡുവിന്റെ വിക്കറ്റ് വീണിട്ടും ധോണിക്ക് കുലുക്കമുണ്ടായില്ല. പക്ഷേ പവനിയലിരുന്ന ചെന്നൈ താരം ഡ്വെയ്ൻ ബ്രാവോയ്ക്ക് ഇതു കണ്ട് ചിരിയടക്കാനായില്ല. ഓടി തോറ്റ റായിഡുവിനെ കണ്ട് ബ്രോവോ പൊട്ടിച്ചിരിച്ചു.

മൽസരത്തിൽ ഡൽഹിയെ ചെന്നൈ 13 റൺസിന് തോൽപ്പിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനെത്തിയ ഡല്‍ഹിയുടെ പോരാട്ടം അഞ്ചിന് 198ല്‍ അവസാനിച്ചു. റിഷഭ് പന്ത് (79) പൊരുതി. അവസാനത്തില്‍ വിജയ് ശങ്കര്‍ ആഞ്ഞുപിടിച്ചെങ്കിലും (31 പന്തില്‍ 54) 13 റണ്‍സ് അകലെ പോരാട്ടം അവസാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook