ചെന്നൈ: ഐപിഎലില്‍ രണ്ട് തവണ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ടീമിന്റെ തിരിച്ചുവരവ് അറിഞ്ഞ ആരാധകര്‍ ആവേശത്തില്‍ ഇരിക്കുമ്പോള്‍ സന്തോഷം പ്രകടിപ്പിച്ച് സാക്ഷാല്‍ ധോണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ടാണ് ചൈന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും കളത്തിന് പുറത്തുപോയത്. പിന്നീട് രണ്ട് സീസണുകളിലും ധോണി കളിച്ചതാകട്ടെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ കൂടേയും.

എന്നാല്‍ ബിസിസിഐ ടീമുകളെ ഔദ്യോഗികമായി ക്ഷണിച്ചതോടെ ടീമുകള്‍ പുതിയ സീസണില്‍ ഐപിഎലിന്റെ ഭാഗമാകുമെന്ന് വ്യക്തമായി. ഇതില്‍ വ്യത്യസ്ഥമായ രീതിയിലാണ് ടീമിന്റെ നായകനായിരുന്ന മഹേന്ദ്രസിംഗ് ധോണി പ്രതികരിച്ചത്. സൂപ്പര്‍ കിംഗ്സിന്റെ ജഴ്സി അണിഞ്ഞ് പുറംതിരിഞ്ഞ് നില്‍ക്കുന്ന ഒരു ചിത്രമാണ് ധോണി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതത്.

ഏഴാം നമ്പര്‍ ജഴ്സിയില്‍ ‘തല’ എന്ന് എഴുതിയിരിക്കുന്നതും കാണാം. നേതാവ് എന്നാണ് തമിഴ് വാക്കായ തലയുടെ അര്‍ത്ഥം. ടീമിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചതോടെ ധോണിയും ടീമിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ അണിനിരന്നിട്ടുണ്ട്. ചിത്രം പോസ്റ്റ് ചെയ്തതിലൂടെ ടീമിലേക്കുളള തിരിച്ചുവരവ് തന്നെയാണ് ധോണി നടത്തിയതെന്ന് വിശ്വസിക്കാനാണ് ആരാധകര്‍ക്ക് ഇഷ്ടം.

ഐപിഎലിലെ ഏറ്റവും അപകടകാരികളായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ധോണിയുടെ നായകത്വത്തിലാണ് 2010ലും 2011ലും കിരീടം നേടിയത്. 2008, 2012, 2013, 2015 എന്നീ വര്‍ഷങ്ങളില്‍ റണ്ണേഴ്സ് അപ് ആകാനും ചെന്നൈയ്ക്ക് സാധിച്ചു. ലോധ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം വാതുവെപ്പ് ആരോപിച്ചാണ് 2015ല്‍ ടീമിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്.

A post shared by @mahi7781 on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook