മുപ്പത്തിയാറാം പിറന്നാൾ വെസ്റ്റൻഡീസിൽ ആഘോഷിച്ച് മഹേന്ദ്ര സിങ് ധോണി. ടീം താമസിക്കുന്ന ഹോട്ടലിൽ നടന്ന ലളിതമായ പരിപാടിയിൽ ടീം അംഗങ്ങളും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു. ധോണിയുടെ ഭാര്യ സാക്ഷിയും മകൾ സിവയും പിറന്നാൾ ആഘോഷത്തിന് ഉണ്ടായിരുന്നു. പതിവ് പോലെ യുവരാജ് സിങ്ങും, ശിഖർ ധവാനുമാണ് ധോണിയെ കേക്കിൽ കുളിപ്പിച്ചത്.

ആക്രമണ ബാറ്റിങ്ങിലെ മികവിനും വിക്കറ്റിന് പുറകിലെ വിശ്വസ്തനായ കാവൽക്കാരൻ എന്ന നിലയിലും ഈ മുൻ ഇന്ത്യൻ നായകന് ലോകത്താകമാനം ആരാധകരുണ്ട്. 2004 ൽ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ച താരം തന്റെ ബാറ്റിങ്ങിലെ മികവ് പുറത്തെടുത്തത് 2005 ഏപ്രിലിൽ പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ്. വിശാഖപട്ടണത്ത് നടന്ന ഈ മത്സരത്തിൽ പുറത്താകാതെ 148 റൺസാണ് ധോണി സ്വന്തമാക്കിയത്.

ഇതുവരെ 296 ഏകദിനങ്ങളിൽ നിന്ന് 9496 റൺസ് നേടിയിട്ടുണ്ട് ഈ ജാർഖണ്ഡ് താരം. 2007 ൽ ഇന്ത്യയെ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിന്റെ വിജയികളാക്കി മാറ്റിയ ഇദ്ദേഹം, ലോകകപ്പ് നേടിയെടുത്ത രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനുമായി. 2011 ൽ മുംബൈയിൽ നടന്ന മത്സരത്തിലാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. 2013 ൽ ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യ മുത്തമിട്ടതോടെ ഐസിസി ടൂർണമെന്റ് ട്രോഫികളെല്ലാം നേടിയ ഏക ഇന്ത്യൻ ക്യാപ്റ്റനെന്ന ഖ്യാതിയും ധോണിയെ തേടിയെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ