മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിക്ക് ടീമിന് വേണ്ടി ഇനി എന്ത് ചെയ്യാൻ സാധിക്കുമെന്ന ചോദ്യം പല ഭാഗത്ത് നിന്ന് ഉയർന്ന് കേൾക്കുമ്പോൾ അതിന് താരത്തിന്റെ ബാല്യകാല പരിശീലകന് വ്യക്തമായ ഉത്തരമുണ്ട്. ഇനിയും ടീമിൽ തുടരാൻ താരത്തിന് സാധിക്കുമെന്ന് കേശവ് ബാനർജിയെന്ന മുൻപരിശീലകൻ അടിയുറച്ച് വിശ്വസിക്കുന്നു. ധോണിയിൽ നിന്ന് മികച്ച പ്രകടനം ടീമിന് ലഭിക്കണമെങ്കിൽ താരത്തിന്റെ ജോലിഭാരം നിയന്ത്രിക്കാൻ എന്ത് ചെയ്യണമെന്ന് സെലക്ടർമാർ ചിന്തിക്കണമെന്നും കേശവ് ബാനർജി പറയുന്നു.

“രാജ്യാന്തര ക്രിക്കറ്റ് കളിക്കാൻ ഇനിയും ധോണിക്ക് സാധിക്കും. സെലക്ടർമാർ ധോണിയുമായി സംസാരിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്തണം. കുട്ടിയായിരിക്കുമ്പോൾ മുതൽ ധോണിയെ നന്നായി അറിയാവുന്ന ആളാണ് ഞാൻ. ധോണി എന്ന് വിരമിക്കുമെന്ന് എനിക്കറിയില്ല. എന്നാൽ ഇനിയും ധോണിക്ക് കളിക്കാൻ സാധിക്കും. ഇനിയും ഒരു ലോകകപ്പ് കളിക്കാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്,” കേശവ് ബാനർജി പറഞ്ഞു.

അതേസമയം മുന്‍ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങളില്‍ ട്വിസ്റ്റ്. രണ്ട് മാസത്തേക്ക് താന്‍ സ്വയം പിന്മാറുന്നതായി ധോണി ബിസിസിഐയെ അറിയിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് ധോണിയെ പരിഗണിക്കില്ല. ഈ രണ്ട് മാസം സൈനിക സേവനത്തിനായി മാറ്റി വെക്കാനാണ് ധോണിയുടെ തീരുമാനം.

Also Read: വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ധോണി പിന്മാറി, രണ്ട് മാസം സൈനിക സേവനം

പാരച്യൂട്ട് റജിമെന്റില്‍ ലെഫ്റ്റനന്റ് കേണലാണ് ധോണി. ലോകകപ്പിന് മുമ്പ് തന്നെ എടുത്തതാണ് ഈ തീരുമാനമെന്നും ധോണി ബിസിസിഐയെ അറിയിച്ചു. ഞായറാഴ്ചയാണ് സെലക്ഷന്‍ കമ്മിറ്റി വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുക.

ലോകകപ്പിന് ശേഷം ക്രിക്കറ്റ് ലോകത്തെ എല്ലാ കണ്ണുകളും മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയിലാണ്. താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് ക്രിക്കറ്റ് ആരാധകരും താരങ്ങളും എല്ലാം സംസാരിക്കുന്നത്. വിരമിക്കാറായെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ അടുത്തൊന്നും അങ്ങനെ ഒരു തീരുമാനമുണ്ടാകരുതെന്നാണ് ധോണി ആരാധകരുടെ പ്രാർത്ഥന. ആ പ്രാർത്ഥന ഫലം കാണുന്നു എന്ന സൂചനകളാണ് ധോണിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുൺ പാണ്ഡെ നൽകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook