ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പറാണ് മഹേന്ദ്ര സിങ് ധോണി. വിക്കറ്റ് പിന്നിലെ ധോണിയുടെ കഴുകൻ കണ്ണുകളെ എതിരാളികൾക്കെല്ലാം ഭയമാണ്. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നീ മൂന്ന് ഫോർമാറ്റുകളിലും നിരവധി റെക്കോർഡുകളാണ് ധോണി വാരിക്കൂട്ടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നലെ നടന്ന ട്വന്റി-20 മൽസരത്തിലും റെക്കോർഡുകളുടെ പുസ്തകത്തിൽ ഒരിക്കൽക്കൂടി ധോണി തന്റെ പേര് എഴുതിച്ചേർത്തു എന്നതാണ് ശ്രദ്ധേയം.

ട്വന്റി-20യിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന ലോകറെക്കോർഡാണ് ധോണി ഇന്നലെ സ്വന്തമാക്കിയത്. 133 ക്യാച്ചുകൾ നേടിയ കുമാർ സങ്കക്കാരയുടെ റെക്കോർഡാണ് ധോണി തകർത്തത്. തന്റെ 275-ാം ട്വന്റി-20 മൽസരത്തിലാണ് ധോണിയുടെ റെക്കോർഡ് നേട്ടം.

254 ട്വന്റി-20 മൽസരങ്ങൾ കളിച്ച സങ്കക്കാര 133 ക്യാച്ചുകളാണ് നേടിയത്. 223 മൽസരങ്ങളിൽ നിന്ന് 123 ക്യാച്ചുകൾ സ്വന്തമാക്കിയ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കാണ് മൂന്നാം സ്ഥാനത്തുളളത്. 211 മൽസരങ്ങളിൽ നിന്ന് 123 ക്യാച്ചുകൾ നേടിയ കമ്രാൻ അക്മലൽ നാലാം സ്ഥാനത്തും 168 മൽസരങ്ങളിൽ നിന്ന് 108 ക്യാച്ചുകൾ സ്വന്തമാക്കിയ ദിനേഷ് രാദിൻ അഞ്ചാം സ്ഥാനത്തുമാണ് ഉളളത്.

അന്താരാഷ്ട്ര ട്വന്റി-20യിൽ 87 മൽസരങ്ങൾ കളിച്ച ധോണി 48 ക്യാച്ചുകളും 29 സ്റ്റംപിങ്സും അടക്കം 77 പേരെ പുറത്താക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നലെ നടന്ന ആദ്യ ട്വന്റി-20 മൽസരത്തിൽ ഇന്ത്യ 28 റൺസിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 203/5 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 175/9 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുളളൂ. 5 വിക്കറ്റ് വീഴ്ത്തിയ ഭുവന്വേശർ കുമാറാണ് മാൻ ഓഫ് ദ മാച്ച്. ജയത്തോടെ മൂന്ന് മൽസരങ്ങളുളള പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽ എത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ