ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതി അടക്കുന്ന പൗരനായി മാറി ഇന്ത്യന്‍ ക്രിക്കറ്റ് വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിംഗ് ധോണി. 2017-18 കാലയളവില്‍ 12.17 കോടി രൂപയാണ് ധോണി നികുതി കെട്ടിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മുന്‍കൂട്ടി 3 കോടി രൂപ കെട്ടിയതായും റിപ്പോര്‍ട്ടുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ധോണി 10.93 കോടി രൂപയാണ് നികുതി അടച്ചതെന്ന് ഇന്‍കം ടാക്സ് കമ്മീഷണര്‍ വി മഹാലിംഗ് വ്യക്തമാക്കി.

എന്നാല്‍ അന്ന് ധോണി ആയിരുന്നില്ല സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ നികുതിപ്പണം കെട്ടിയത്. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തിലാണ് ധോണി ഒന്നാമതെത്തിയത്. ഇന്ത്യന്‍ കായികരംഗത്ത് ഏറ്റവു കൂടുതല്‍ പരസ്യവരുമാനം ലഭിക്കുന്ന താരങ്ങളിലൊരാളാണ് ധോണി. എന്നാല്‍ നിലവില്‍ ഫോം ഔട്ടായ ധോണി വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്.

എന്നാല്‍ ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായതോടെ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ രംഗത്തെത്തുകയും ചെയ്തു. കളി മതിയാക്കണോ വേണ്ടയോ എന്ന് അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടതെന്ന് സച്ചിന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ധോണി മികച്ച പ്രകടനം നടത്തിയില്ല എന്നതില്‍ തര്‍ക്കമില്ല. എന്റെ ഈ അഭിപ്രായം തന്നെയാകും മഹിക്കും ഉണ്ടാകുക. നല്ല കളി പുറത്തെടുത്തില്ല എന്ന അഭിപ്രായം തന്നെയാകും ധോണിക്കുമുള്ളത്. ക്രിക്കറ്റില്‍ നിന്നും വിരമിക്കണോ എന്ന തീരുമാനം ധോണിക്ക് മാത്രം സ്വീകരിക്കാന്‍ കഴിയുന്നതാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം കഴിവിനേക്കുറിച്ച് നല്ല ധാരണയുള്ള ആ‍ളാകും ഒരു കളിക്കാരന്‍. വര്‍ഷങ്ങളായി കളിക്കളത്തിലുള്ളയാള്‍ക്ക് ഇക്കാര്യത്തില്‍ തികഞ്ഞ ബോധ്യമുണ്ടാകും. അങ്ങനെയുള്ളപ്പോള്‍ വിരമിക്കണമെന്ന് ധോണിയോട് ആരും പറയേണ്ട. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും സച്ചിന്‍ വ്യക്തമാക്കി.

ധോണിയുടെ പ്രകടനത്തെക്കുറിച്ച് ഗവാസ്‌ക്കറുടേയും ഗാംഗുലിയുടേയും നിരീക്ഷണങ്ങള്‍ ഞാന്‍ വായിച്ചു. അദ്ദേഹം നല്ല കളി പുറത്തെടുത്തില്ല എന്നാണ് അവരും പറയുന്നത്. അതില്‍ എനിക്കും യോജിപ്പുണ്ടെന്നും സച്ചിന്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ