ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയുടെ പേരില്‍ പുതിയ ഒരു റെക്കോര്‍ഡ്‌ കൂടി. ട്വന്റി-ട്വന്റിയില്‍ 6000 റണ്‍സ് കടക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീമിന്‍റെ മുന്‍ ‘കൂള്‍ ക്യാപ്റ്റന്‍’ സ്വന്തമാക്കിയത്. ഡല്‍ഹിയ്ക്കെതിരെ വെള്ളിയാഴ്ച് നടന്ന ഐ പി എല്‍ മത്സരത്തില്‍ നിന്നായിരുന്നു ധോണി ഈ ചരിത്രനേട്ടത്തിന്‍റെ പട്ടികയില്‍ സ്വന്തം പേരും കൂട്ടിച്ചേര്‍ത്തത്. ടി-ട്വന്റിയില്‍ 6000 റണ്‍സ് കടക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ കളിക്കാരനാണ് ആരാധകരുടെ ‘തല’.

ധോണിയെ കൂടാതെ സുരേഷ് റെയ്ന (7708), വിരാട് കോഹ്ലി (7621), രോഹിത് ശര്‍മ (7303), ഗൗതം ഗംഭീര്‍ (6402) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍. മറ്റുള്ളവര്‍ ആദ്യ ഓവറുകളില്‍ ബാറ്റ് ചെയ്യുന്നവരാണെങ്കില്‍ ധോണി ‘മികച്ച ഫിനിഷര്‍’ എന്ന ഖ്യാതിയുമായി അവസാന ഓവറുകളില്‍ നിന്നാണ് കൂടുതല്‍ റണ്‍സുകളും നേടിയത്.

യുനിവേര്‍സല്‍ ബോസ്സായ ക്രിസ് ഗെയിലാണ് ഈ നേട്ടത്തിന്‍റെ കൊടുമുടിയില്‍ നില്‍ക്കുന്ന താരം. 11436 റണ്‍സ് ആണ് ഗെയിലിന്‍റെ ഇത് വരെ ഉള്ള ട്വന്റി-ട്വന്റി സമ്പാദ്യം. 21 സെഞ്ച്വറികളും,50 അര്‍ദ്ധ സെഞ്ച്വറികളുമാണ് ഈ ജമൈക്കന്‍ താരം ട്വന്റി ട്വന്റിയില്‍ സ്വന്തമാക്കിയത്. 335 കളികളില്‍ നിന്ന് 9119 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലമാണ്‌ ഗെയിലിന്‍റെ തൊട്ടു പുറകിലുള്ളത്. 30.70 ആണ് മക്കല്ലത്തിന്‍റെ ആവറേജ് സ്കോര്‍.

അമിത് മിശ്ര എറിഞ്ഞ 13 മത്തെ ഓവറില്‍ നിന്നാണ് ധോണി തന്‍റെ പേര് കൂടി ഈ ചരിത്രത്തില്‍ കുറിച്ച് വെച്ചത്. ഈ സീസണില്‍ നല്ല രീതിയില്‍ കളിച്ച ധോണി പക്ഷേ ഡല്‍ഹിയുടെ ബോളര്‍മാരെ നേരിടുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഡല്‍ഹി നേടിയ 162 എന്ന വിജയലക്ഷ്യത്തിനു മുന്നില്‍ ‘തല’യുടെ പടയാളികള്‍ മുട്ട് മടക്കുകയായിരുന്നു. 34 റണ്‍സിനായിരുന്നു ചെന്നൈയുടെ പരാജയം.

ഈ സീസണില്‍ മൂന്നു അര്‍ദ്ധ സെഞ്ച്വറി നേടിയ ധോണി 430 റണ്‍സാണ് നേടിയത്.86.00 അവറേജും 155.23 സ്ട്രൈക്ക് റേറ്റുമുള്ള ധോണി അടുത്ത ഞായറാഴ്ച് പഞ്ചാബിനെ നേരിടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ