സ്റ്റംപിങ്ങിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് ഓരോ മത്സരം കഴിയുന്തോറും എം.എസ്.ധോണി തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ഹാമിൽട്ടണിൽ നടന്ന ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 യിലായിരുന്നു ധോണിയുടെ മിന്നൽ സ്റ്റംപിങ്. ന്യൂസിലൻഡ് ബാറ്റ്സ്മാൻ ടിം സെയ്ഫെർട്ടാണ് ഇത്തവണ ധോണിയുടെ സ്റ്റംപിങ്ങിൽ കുടുങ്ങിയത്.

ന്യൂസിലൻഡിന്റെ സ്കോർനില വളരെ വേഗത്തിൽ കുതിക്കുമ്പോഴായിരുന്നു സ്റ്റംപിങ്ങിലൂടെ ടിമ്മിനെ പുറത്താക്കി ധോണി കിവികൾക്ക് ഷോക്ക് നൽകിയത്. ഏഴാം ഓവറിൽ കുൽദീപിന്റെ ബോളിലായിരുന്നു ടിമ്മിന്റെ വിക്കറ്റ് ധോണിയുടെ സ്റ്റംപിങ്ങിലൂടെ വീണത്. മിന്നും വേഗത്തിലായിരുന്നു ധോണി സ്റ്റംപ് ഇളക്കിയത്. 0.099 സെക്കന്റുകൾ മാത്രമാണ് സ്റ്റംപിങ്ങാനായി ധോണിക്ക് വേണ്ടിവന്നത്.

സ്റ്റംപിങ്ങിനുശേഷം തേർഡ് അമ്പയറുടെ വിധിക്കായി ധോണി പതിവുപോലെ കൂളായി കാത്തുനിന്നു. ഒടുവിൽ ധോണിയുടെ ആത്മവിശ്വാസത്തിന് മുന്നിൽ തേർഡ് അമ്പയറും ഔട്ടെന്ന് വിധിയെഴുതി. 25 ബോളിൽനിന്നും 43 റൺസുമായി ടിം മടങ്ങുമ്പോൾ ഇന്ത്യക്ക് കിട്ടിയതാകട്ടെ ആദ്യ വിക്കറ്റ്.

ന്യൂസിലൻഡിനെതിരായ മൂന്നാം ടി ട്വന്റിയിൽ മറ്റൊരു റെക്കൊർഡും ധോണി നേടിയിരുന്നു. ധോണിയുടെ 300-ാം മത്സരമാണിത്. ടി20 യിൽ 300 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനാണ് ധോണി. ഐപിഎൽ മത്സരങ്ങളും രാജ്യാന്തര ടി20 മത്സരങ്ങളുമടക്കമാണ് ധോണി 300 തികച്ചത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനും റൈസിങ് പുണെ സൂപ്പർജെയ്ന്റ്സിനും വേണ്ടിയാണ് ധോണി കളിച്ചത്. രാജ്യാന്തര ടി20 യിൽ 96 മത്സരങ്ങളാണ് ധോണി ഇന്ത്യക്കുവേണ്ടി കളിച്ചത്.

പുതിയ റെക്കോർഡ് നേട്ടത്തോടെ ക്രിസ് ഗെയ്ൽ, ഷൊയ്ബ് മാലിക്, ഡ്വെയ്ൻ ബ്രാവോ എന്നിവരുടെ പട്ടികയിൽ ധോണിയുമെത്തി. പട്ടികയിൽ ഒന്നാം സ്ഥാനത്ത് വെസ്റ്റ് ഇൻഡീസ് താരം കിയോൺ പൊള്ളാർഡ് ആണ്. ടി20 യിൽ 446 മത്സരങ്ങളാണ് പൊള്ളാർഡ് കളിച്ചിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook