മുംബൈ: പുതുവർഷത്തിനൊപ്പം പുതുദശകത്തിന് കൂടിയാണ് തുടക്കമായത്. ഒരു ദശകം അവസാനിച്ച സാഹചര്യത്തിൽ ക്രിക്കറ്റ് ഇതിഹാസങ്ങളും വാർത്ത മാധ്യമങ്ങളുമെല്ലാം കഴിഞ്ഞ പത്ത് വർഷത്തിലെ മികച്ച ടീമുകളെയും കളിക്കാരെയുമെല്ലാം തിരഞ്ഞെടുക്കാനുള്ള വോട്ടിങ്ങും ചർച്ചകളുമായി സജീവമായിരുന്നു. ഇതിനിടയിലാണ് ധോണിയെ മികച്ച പോൺ താരമായും ഒരു കൂട്ടം തിരഞ്ഞെടുത്തത്. മിയാ ഖലിഫയെ പരാജയപ്പെടുത്തിയാണ് ധോണിയെ മികച്ച പോൺ താരമായി ആരാധകർ തിരഞ്ഞെടുത്തത്.

പ്രമുഖ ക്രിക്കറ്റ് മാധ്യമമായ ഇഎസ്‌പിഎൻ ക്രിക്ഇൻഫോ കഴിഞ്ഞ ദശകത്തിലെ മികച്ച ക്രിക്കറ്റ് താരത്തെ തിരഞ്ഞെടുക്കുന്നതിന് ഒരു വോട്ടിങ് നടത്തിയിരുന്നു. കഴിഞ്ഞ ദശകത്തിൽ പിച്ചിൽ തിളങ്ങിയ താരങ്ങളെ പരസ്പരം താരതമ്യപ്പെടുത്തിയാണ് മികച്ച താരത്തെ കണ്ടെത്തേണ്ടത്. അത്തരത്തിൽ ചുരുക്കപ്പട്ടികയിലെത്തിയത് എം.എസ്.ധോണിയും വിരാട് കോഹ്‌ലിയും. ഇവരിൽ നിന്ന് ആരെന്ന് ചോദിച്ചുകൊണ്ടുള്ള വോട്ടിങ്ങിന് താഴെയാണ് മറ്റൊരു വോട്ടിങ് നടന്നത്.

ക്രിക്കറ്റ് ഫ്രീക്ക് എന്ന് ട്വിറ്റർ ഹാൻഡിലാണ് മികച്ച പോൺ സ്റ്റാർ ആരെന്ന ചോദ്യവുമായി വോട്ടിങ് നടത്തിയത്. മിയാ ഖലിഫയും എം.എസ്.ധോണിയുമായിരുന്നു വോട്ടിങ് ഓപ്ഷനിലുണ്ടായിരുന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത 57 ശതമാനം ആളുകളും ധോണിയുടെ പേരാണ് തിരഞ്ഞെടുത്തത്. 43 ശതമാനം ആളുകൾ മാത്രമാണ് മിയാ ഖലിഫയെ പിന്തുണച്ചത്.

Also Read: ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ അഞ്ച് പേസർമാർ; പട്ടികയിൽ രണ്ട് മലയാളികളും

ഏത് സാഹചര്യത്തിലാണെങ്കിലും ധോണി തന്നെയാണ് തങ്ങളുടെ താരമെന്ന് തെളിയിക്കുകയാണ് ആരാധകർ എന്നായിരുന്നു ഒരാളുടെ വിലയിരുത്തൽ. അതേസമയം ദശകത്തിന്റെ താരമാരെന്ന വോട്ടിങ്ങിൽ കോഹ്‌ലിയാണ് മുന്നിൽ. ഇതുവരെ 55 ശതമാനം ആളുകൾ കോഹ്‌ലിയെ പിന്തുണച്ചപ്പോൾ ധോണിയെ 45 ശതമാനം ആളുകളാണ് പിന്തുണച്ചിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook