ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും എം.എസ്.ധോണിക്ക് ഇന്ത്യൻ താരങ്ങളുടെ മനസ്സിൽ ക്യാപ്റ്റന്റെ സ്ഥാനമാണ്. ധോണിയായിരിക്കും എപ്പോഴും എന്റെ ക്യാപ്റ്റൻ എന്നാണ് ഇപ്പോഴത്തെ ഇന്ത്യ​ൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒരിക്കൽ പറഞ്ഞത്. കഴിഞ്ഞ ഏഷ്യ കപ്പിൽ ക്രിക്കറ്റ് ആരാധകർക്ക് ധോണിയെ ഒരിക്കൽക്കൂടി ക്യാപ്റ്റന്റെ റോളിൽ കാണാൻ ഭാഗ്യം ലഭിച്ചു.

ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെ ഫൈനലിൽ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഏഷ്യ കപ്പിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമ്മ കിരീടം ഉയർത്തിപ്പിടിച്ചപ്പോൾ കൂടെയൊരു യുവ ഇന്ത്യൻ താരവും ഉണ്ടായിരുന്നു. ഇന്ത്യൻ ടീമിലെ പുതിയ അംഗമായ ഖലീൽ അഹമ്മദായിരുന്നു രോഹിതിനൊപ്പം ട്രോഫി ഉയർത്തിപ്പിടിച്ചത്. സീനിയർ താരങ്ങളായ പലരും ടീമിലുണ്ടായിരുന്നപ്പോഴാണ് ജൂനിയർ താരമായ ഖലീൽ ട്രോഫി പിടിച്ചത്. ഇതിനു കാരണക്കാരൻ ധോണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഖലീൽ.

”ട്രോഫി പിടിക്കാൻ എന്നെ അനുവദിക്കാൻ രോഹിത് ശർമ്മയോട് പറഞ്ഞത് ധോണി ഭായ് ആണ്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ഞാനായിരുന്നു. മാത്രമല്ല എന്റെ അരങ്ങേറ്റ പരമ്പര കൂടിയായിരുന്നു. അതിനാലാണ് എന്നോട് ട്രോഫി പിടിക്കാൻ പറഞ്ഞത്. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണത്”, ഖലീൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

”ധോണി ഭായ്‌യും രോഹിതും ട്രോഫി പിടിക്കാൻ എന്നോട് പറഞ്ഞപ്പോൾ, എനിക്ക് മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല. ഞാൻ പെട്ടെന്ന് വികാരഭരിതനായി. ആ നിമിഷം ഞാനൊരിക്കലും മറക്കില്ല”, ഖലീൽ പറഞ്ഞു.

യുവതാരങ്ങൾക്ക് മൈതാനത്ത് എപ്പോഴും പിന്തുണയും നിർദ്ദേശങ്ങളും ധോണി നൽകാറുണ്ടെന്നും ഖലീൽ വ്യക്തമാക്കി. ”ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ 259 റൺസാണ് ഇന്ത്യ ഉയർത്തിയത്. പക്ഷേ അവരുടെ ഓപ്പണിങ് കൂട്ടുകെട്ട് 150 റൺസെടുത്തു. ഇതൊരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചില്ല. ഞാൻ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടും വിക്കറ്റ് വീഴ്ത്താനായില്ല. ധോണി എന്റെ അടുത്തുവന്ന് ബോളിങ്ങിൽ ചില നിർദ്ദേശങ്ങൾ തന്നു. ഞാനത് പ്രയോഗിച്ചു. അതിലൂടെ അവരുടെ ഓപ്പണിങ് കൂട്ടുകെട്ട് എനിക്ക് പൊളിക്കാനായി. ടീമിൽ ധോണിയുളളത് ഞങ്ങൾക്കെല്ലാം ഭാഗ്യമാണ്”, ഖലീൽ പറഞ്ഞു.

രാജസ്ഥാനിലെ ടോങ്ക് സ്വദേശിയാണ് 20 കാരനായ ഖലീൽ. ഇടതു കൈയ്യൻ ഫാസ്റ്റ് ബോളറാണ്. ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനും അഫ്ഗാനിസ്ഥാനുമെതിരായ മത്സരങ്ങളിൽ കളിച്ചു. ഹോങ്കോങ്ങിനെതിരായ തന്റെ അരങ്ങേറ്റ മത്സരത്തിൽ 48 റൺസ് വഴങ്ങി ഖലീൽ വീഴ്ത്തിയത് മൂന്നു വിക്കറ്റുകളാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ