ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എംഎസ് ധോണി അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 7.29ന് താൻ വിരമിച്ചതായി കണക്കാക്കണമെന്ന് ധോണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും ധോണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

“നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി, ഇന്ന്  19.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക,” 39കാരനായ താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

Thanks a lot for ur love and support throughout.from 1929 hrs consider me as Retired

A post shared by M S Dhoni (@mahi7781) on

ഈവർഷത്തെ ഐപിഎല്ലിനു വേണ്ടി ധോണി പരിശീലനത്തിനെത്തിയതായി കഴിഞ്ഞ വാരം വാർത്തകൾ പുറത്തുവന്നിരുന്നു. സെപ്റ്റംബർ 19 മുതൽ യുഎഇയിലാണ് ഐപിഎൽ. കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം ദീർഘകാലമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ധോണി തിരിച്ചുവരവിനൊരുങ്ങുകയാണെന്നും ഇതു സംബന്ധിച്ച് ചർച്ചകളുയർന്നിരുന്നു. ഇതിനിടെ പെട്ടെന്നാണ് താരം അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

Read More: ഇതിഹാസങ്ങൾ വിരമിക്കുന്നത് അവരുടെ സ്റ്റൈലിൽ: ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ക്രിക്കറ്റ് ലോകം

തന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നതിൽനിന്ന് ധോണി ഇതുവരെ വിട്ടുനിന്നിരുന്നു.

2019ലെ ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു ധോണി. ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ട് പുറത്തായതിന് പിറകേയാണ് ധോണി രാജ്യന്തര ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കാനാരംഭിച്ചത്. ലോകകപ്പിന് മുമ്പ് തന്നെ ടൂർണമെന്റോടെ താരം ക്രിക്കറ്റിനോട് വിടപറയുമെന്ന തരത്തിലുള്ള വാർത്തകൾ സജീവമായിരുന്നു. തന്റെ അവസാന ഇന്നിങ്സിലും അർധസെഞ്ചുറി തികച്ച ശേഷമാണ് ധോണി ക്രിക്കറ്റ് മൈതാനത്ത് നിന്ന് വിട്ടുനിന്നത്.

പിന്നീട് ഇത്തവണത്തെ ഐപിഎല്ലിൽ ധോണി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് ബാധയെത്തുടർന്ന് ഐപിഎൽ നീട്ടിവച്ചു. മാർച്ചിൽ നടക്കേണ്ടിയിരുന്ന ഐപിഎൽ പല തവണയായി നീട്ടിവയ്ക്കുകയായിരുന്നു.

Read More: ചിന്ന തലയും വിടപറയുന്നു; ധോണിക്ക് പിന്നാലെ റെയ്‌നയും വിരമിച്ചു

2004 ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ധോണി 350 മത്സരങ്ങൾ കളിച്ചു. സച്ചിൻ ടെൻഡുൽക്കർക്കുശേഷം 350 ഏകദിനം കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ധോണി. 2007ൽ ഇന്ത്യൻ നായകപട്ടം അണിഞ്ഞ ധോണി അതേവർഷം ടി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും രണ്ട് വർഷങ്ങൾക്ക് അപ്പുറം 2013ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയും നായകനായി തന്നെ ഇന്ത്യക്ക് സമ്മാനിച്ചു.

350 ഏകദിനങ്ങൾ കളിക്കുന്ന ലോകതാരങ്ങളിൽ 10-ാം സ്ഥാനത്താണ് ധോണി. വിക്കറ്റ് കീപ്പർ എന്ന നിലയിൽ 350 ഏകദിനങ്ങൾ കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരവുമാണ് ധോണി. ഇന്ത്യൻ നായകനായി 200 ഏകദിന മത്സരങ്ങളിൽ ധോണി ഇറങ്ങി.

Read More: തല പടിയിറങ്ങി, ധോണി ഫിനിഷസ് ഓഫ് ഇൻ സ്‌റ്റെൽ

ടെസ്റ്റിൽ റാങ്കിങ്ങിൽ ഇന്ത്യയെ  ഒന്നാം സ്ഥാനത്തെത്തിച്ചെന്ന ബഹുമതിയും ധോണിക്ക് സ്വന്തം.ടെസ്റ്റിൽ  ധോണി 90 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചു. 144 ഇന്നിങ്സുകളിൽ നിന്നായി 4876 റൺസാണ് ധോണി അടിച്ചെടുത്തത്. ആറ് സെഞ്ചുറിയും 33 അർധസെഞ്ചുറിയും ഇന്ത്യയുടെ വെള്ളകുപ്പായത്തിൽ നേടിയ ധോണി ഏറെക്കാലം ഇന്ത്യയെ ലോക ഒന്നാം നമ്പർ ടീമായി നിലനിർത്തിയിരുന്നു.

2007ൽ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിയത് ധോണിയുടെ നായകത്വത്തിലാണ്. മറ്റുഫോർമാറ്റുകളെപ്പോലെ കുട്ടിക്രിക്കറ്റിലും ധോണി തിളങ്ങി. 98 ടി20 മത്സരങ്ങൾ കളിച്ച ധോണി 1617 റൺസ് നേടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ നിരവധി തവണ ഫൈനലിൽ എത്തിച്ച ധോണി മൂന്ന് തവണ കിരീടവും സമ്മാനിച്ചു.

Read More: From 1929 hrs consider me retired: MS Dhoni announces retirement

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook