വിശാഖപട്ടണത്ത് നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ടി 20 മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്നു വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ഓസ്ട്രേലിയ മറികടന്നത്.

ഗ്ലെൻ മാക്സ്‌വെല്ലിന്റെയും ഷോർട്ടിന്റെയും മികച്ച ഇന്നിങ്സാണ് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. മാക്സ്‌വെൽ 56 റൺസെടുത്താണ് പുറത്തായത്. 37 റൺസെടുത്ത ഷോർട്ട് റൺഔട്ടിലൂടെയാണ് പുറത്തായത്. 16-ാം ഓവറിലായിരുന്നു വിക്കറ്റ് വീണത്. ഉമേഷ് യാദവിന്റെ ഡെലിവറി പീറ്റർ ഹാൻഡ്സ്കോംബ് ബൗണ്ടറിക്കായി കടത്തിയെങ്കിലും വിജയിച്ചില്ല. ഒരു റൺ പൂർത്തിയാക്കിയശേഷം രണ്ടാം റൺസിനായി ഓടി. ഇതിനിടയിൽ ക്രുണാൽ പാണ്ഡ്യ ബോൾ ധോണിയുടെ കൈകളിലേക്ക് എതിച്ചു. ധോണി അതിവേഗം സ്റ്റംപിങ് ഇളക്കി.

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെയും തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ അഞ്ചിൽ നിൽക്കെ മാർക്കസ് സ്റ്റോയിനിസിനെയും ഫിഞ്ചിനെയും സന്ദർശകർക്ക് നഷ്ടമായി. 37 റൺസിൽ ഷോർട്ടും മടങ്ങിയെങ്കിലും ബാറ്റിങ്ങിന്റെ ഉത്തരവാദിത്വം മാക്സ്‌വെൽ ഏറ്റെടുക്കുകയായിരുന്നു.

43 പന്തിൽ 56 റൺസ് നേടിയ മാക്സ്‌വെൽ പുറത്തായതോടെ ഓസ്ട്രേലിയ വീണ്ടും പ്രതിസന്ധിയിലായി. 19-ാം ഓവറിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടത് 16 റൺസ്. രണ്ട് റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റെടുത്ത് ബുംറ ഓസ്ട്രേലിയയെ സമ്മർദത്തിലാക്കി. അവസാന ഓവറിൽ വേണ്ടത് 14 റൺസ്. ആദ്യ പന്ത് സിംഗിളും രണ്ടാം പന്തിൽ ബൗണ്ടറിയും നേടി ഓസ്ട്രേലിയ ഇന്ത്യയെയും സമ്മർദത്തിലാക്കി. അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുത്ത കമ്മിൻസും റിച്ചാർഡ്സണും ഓസ്ട്രേലിയയെ ജയത്തിലെത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook