ടി20 യിൽ റെക്കോർഡ് നേട്ടവുമായി എം.എസ്.ധോണി. ഹാമിൽട്ടണിൽ നടന്ന ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 യിലായിരുന്നു ധോണിയുടെ നേട്ടം. ധോണിയുടെ 300-ാം മത്സരമാണിത്. ടി20 യിൽ 300 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനാണ് ധോണി. ഐപിഎൽ മത്സരങ്ങളും രാജ്യാന്തര ടി20 മത്സരങ്ങളുമടക്കമാണ് ധോണി 300 തികച്ചത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനും റൈസിങ് പുണെ സൂപ്പർജെയ്ന്റ്സിനും വേണ്ടിയാണ് ധോണി കളിച്ചത്. രാജ്യാന്തര ടി20 യിൽ 96 മത്സരങ്ങളാണ് ധോണി ഇന്ത്യക്കുവേണ്ടി കളിച്ചത്.

പുതിയ റെക്കോർഡ് നേട്ടത്തോടെ ക്രിസ് ഗെയ്ൽ, ഷൊയ്ബ് മാലിക്, ഡ്വെയ്ൻ ബ്രാവോ എന്നിവരുടെ പട്ടികയിൽ ധോണിയുമെത്തി. പട്ടികയിൽ ഒന്നാം സ്ഥാനത്ത് വെസ്റ്റ് ഇൻഡീസ് താരം കിയോൺ പൊള്ളാർഡ് ആണ്. ടി20 യിൽ 446 മത്സരങ്ങളാണ് പൊള്ളാർഡ് കളിച്ചിട്ടുള്ളത്.

ഏകദിനത്തിൽ 300 മത്സരങ്ങൾ തികയ്ക്കുന്ന താരമെന്ന നേട്ടം 2017 ൽ ധോണി സ്വന്തമാക്കിയിരുന്നു. സച്ചിൻ ടെൻഡുൽക്കർ (463), രാഹുൽ ദ്രാവിഡ് (344), മുഹമ്മദ് അസ്ഹറുദ്ദീൻ (334), സൗരവ് ഗാംഗുലി (311), യുവരാജ് സിങ് (304) എന്നിവരാണ് ധോണിക്ക് മുന്നിലുള്ളത്.

ഓസ്ട്രേലിയൻ പര്യടനത്തിനും ന്യൂസിലൻഡ് പര്യടനത്തിലും ധോണി മികച്ച ഫോമിലാണ്. ഓസ്ട്രേലിയൻ പര്യടനത്തിൽ ധോണി മാൻ ഓഫ് ദി സീരിസ് നേടിയാണ് വിമർശകരുടെ വായടപ്പിച്ചത്. ന്യൂസിലൻഡിനെതിരായ ഏകദിന മത്സരങ്ങളിലും ടി20 മത്സരങ്ങളിലും ധോണി മികച്ച പ്രകടനമാണ് നടത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ