സ്വപ്നതുല്യമായ തന്റെ ഔദ്യോഗിക ക്യാപ്റ്റൻ ജീവിതത്തിൽ, കഴിവിലും പ്രശസ്തിയിലും പല പടികളിലും നിൽക്കുന്ന നിരവധി സഹ കളിക്കാരെ ധോണി വിലയിരുത്തിയിട്ടുണ്ട്. ചിലപ്പോൾ, തുറന്ന പത്രസമ്മേളനങ്ങളിൽ, അല്ലെങ്കിൽ ഔദ്യോഗിക സെലക്ഷൻ മീറ്റിങ്ങുകളിൽ , എവിടെയായാലും അസാധാരണമായ വസ്തുനിഷ്ഠത കൊണ്ട് ഈ പറച്ചിലുകൾ നമ്മെ ഞെട്ടിച്ചിട്ടുണ്ട്. ധോണിയുടെ സൂക്ഷ്മമായ, അടുക്കും ചിട്ടയുമുള്ള ചിന്ത, ഓരോ കാര്യത്തെയും പക്ഷപാതിത്വം ഇല്ലാതെ, വ്യക്തമായി കാര്യങ്ങള്‍ വിലയിരുത്തുന്നതായിരുന്നു. 2011 ലെ ലോകകപ്പ് നേടി ഒമ്പത് മാസത്തിനുള്ളില്‍ തന്നെ ടീമിലുണ്ടായിരുന്ന സച്ചിനും സെവാഗും ഗൗതം ഗംഭീറും ഫോമില്ലാതെ, 20 -30 റണ്ണുകളിലൊതുങ്ങുന്നു എന്ന് വെട്ടിത്തുറന്നു പറയാൻ ധോണിക്ക് സാധിച്ചു. ഭാവിയുടെ വാഗ്ദാനമായി ഉയർന്നു വന്ന രഹാനെയുടെ അന്താരാഷ്ട്ര ബാറ്റിങ് റെക്കോർഡുകൾക്ക് ശേഷവും നിശ്ചിത ഓവർ-ക്രിക്കറ്റിലെ ബാറ്റിങ് മധ്യനിരയിൽ നിന്നും ഒഴിവാക്കപ്പെടുന്നില്ല എന്ന് ധോണി ഉറപ്പുവരുത്തി.

കാലം ഉയർച്ച താഴ്ചകൾ മായ്ക്കുകയും മാറ്റുകയും ചെയ്യുമെന്ന് പറയാറുണ്ടല്ലോ. ഇപ്പോള്‍ ധോണിയും ഏറെ മാറിയിരിക്കുന്നു. അയാളില്‍ നിന്നുണ്ടാകുന്ന ബാറ്റിങ് നേട്ടങ്ങൾ കാര്യമായി കുറഞ്ഞിരിക്കുന്നു. മാത്രമല്ല, മുൻപ് മറ്റുള്ളവരെക്കുറിച്ച് അയാൾ ഉയർത്തിയ ചോദ്യങ്ങൾ പലതും ഇന്ന് അയാൾക്ക് നേരെയും ഉയരാൻ പാകമായിരിക്കുന്നു. എന്നാൽ, 2019 ലെ ലോകകപ്പ് കളിക്കാൻ തങ്ങൾക്ക് ധോണിയെ വേണം എന്ന് തന്നെയാണ് ഇപ്പോൾ തീരുമാനം എടുക്കേണ്ട വിരാട് കോഹ്ലിയുടെ നിലപാട്. നിലവിലെ ഇന്ത്യയുടെ നായകനായ കോഹ്ലി, ദൃഢതയും നിഷ്കര്ഷയും ഉള്ളയാളാണ് എങ്കിലും, അദ്ദേഹത്തിന്റെ ചില തെരഞ്ഞെടുപ്പുകളിൽ വൈകാരികത കടന്നു കൂടുന്നു എന്നതും യാഥാർഥ്യമാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിലെ ചില കളിക്കാരോട് ധോണിക്ക് പ്രത്യേക മമത ഉണ്ടായിരുന്നു എന്ന മുറുമുറുപ്പുകൾ ഇടയ്ക്കിടെ ഉയർന്നിട്ടുണ്ടെങ്കിലും അയാൾ തെരഞ്ഞെടുപ്പുകളിൽ തീർത്തും നിർമമനായിരുന്നു എന്നതാണ് സത്യം.

അങ്ങനെ നോക്കുമ്പോൾ ഇപ്പോഴത്തെ ധോണിയെ എങ്ങനെയാവും പഴയ ധോണി വിലയിരുത്തുന്നത്? ധോണിയെ കുറിച്ചുള്ള സിനിമയിലേക്ക് തിരിച്ചു പോയിക്കൊണ്ട് അന്വേഷിക്കുകയാണ് എങ്കില്‍ 2018 ലെ തന്നെ 2011 ലെ ടീമിൽ ധോണി ഉൾപ്പെടുത്തുമായിരുന്നോ?

വ്യത്യസ്ത ചിന്തകൾ കടന്നുവരുന്നതിനാല്‍ തന്നെ എളുപ്പത്തില്‍ തീരുമാനത്തിൽ എത്താവുന്ന ഒരു വിഷയമല്ല ഇത്. ധോണിയിലെ ബാറ്റ്‌സ്മാൻ പഴയ ആളല്ല; പണ്ടത്തെ കണിശതയില്ല എന്നുമാത്രമാല്ല. വളരെയധികം പന്തുകൾ അയാൾ പാഴാക്കുന്നുമുണ്ട്. ക്രമപ്പെടുത്തിയതെന്നു തോന്നിപ്പിക്കുന്ന ചില ഷോട്ടുകൾ ബൗണ്ടറി കടക്കുന്നില്ല. പുതിയ നിയമങ്ങൾ അനുസരിച്ച് ഒരു ഡീപ്ഫീൽഡർ കൂടി എന്നത് അദ്ദേഹത്തിന്‍റെ ബാറ്റിങ്ങിന് തടസ്സമാകുന്നുണ്ട്.
ഏറ്റവും പ്രധാനമായി, അവസാന ഓവറുകളില്‍ കളി വിജയിപ്പിക്കുന്ന ധോണിയുടെ സ്വതസിദ്ധ ശൈലി ഇപ്പോൾ വല്ലവിധേനെയും കളി തീർക്കാനുള്ള നിസ്സഹായതയായി തോന്നുന്നുണ്ട്.

എന്നാൽ അത് തന്നെയാണ് ധോണിയുടെ ക്രിക്കറ് ജീവിതത്തിന്റെ ഭംഗിയും. പ്രത്യേകിച്ച് കാര്യങ്ങൾ അയാൾക്ക് എതിരായിരിക്കുന്ന ഘട്ടങ്ങളിൽ ‘എങ്കിലും’ എന്ന വാക്കിലാണ് ഇവിടെ അയാൾക്കുള്ള സ്ഥാനത്തെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. ‘എങ്കിലും’ ഇപ്പോഴും അത് ചെയ്യാനറിയുന്ന ഏറ്റവും മികച്ചയാൾ ധോണി തന്നെയാണ് എന്നുള്ളത് കൊണ്ടാണത്.

ലോകത്തിലെ ഏറ്റവും നല്ല സ്റ്റംബർ. നല്ലൊരു ബദലില്ലായ്മയോടൊപ്പം തന്നെ താരതമ്യേന ചെറുപ്പക്കാരായ രണ്ടു സ്പിന്നർമാർക്ക്
സ്റ്റംപിന് പിന്നിൽ നിന്നും ധോണി പകരുന്ന അറിവ് വിലമതിക്കാനാവാത്തതാണ്. ധോണിയുടെ വിലമതിക്കാൻ ആകാത്ത സാന്നിധ്യത്തെ വിലയിരുത്തേണ്ടത് എതിരാളികളുടെ പ്രതികരണംങ്ങള്‍ നോക്കി കൂടിയാവണം. നാട്ടിലെ സംശയാലുക്കളെക്കാൾ ഏറെ നന്നായി ധോണിയെ വിലയിരുത്തുന്നത് ഇന്ത്യക്കു പുറത്തുള്ള ലോകമാണ്. 2015 ലെ ലോകകപ്പ് പര്യടനത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ പങ്കെടുത്ത്
പുറത്തിറങ്ങിയ ധോണി ജേതാവായ ക്യാപ്റ്റൻ മൈക്കൽ ക്ലർക്കിനെ കണ്ടുമുട്ടി. ” നിങ്ങൾ വിരമിക്കാൻ സാധ്യതയുണ്ട് എന്ന് ഞാൻ കേട്ട വാർത്ത സത്യമാണോ, സുഹൃത്തേ?” ക്ലാര്‍ക്ക് ധോണിയോട് ചോദിച്ചു. മറുപടിയായി ധോണി പുഞ്ചിരിക്കുക മാത്രം ചെയ്തപ്പോൾ, “വേണ്ടാ, സ്നേഹിതാ,വേണ്ട. നിങ്ങൾക്ക് അടുത്ത ലോകകപ്പ് വരെ കളിക്കാനാവും”എന്നാണ് ക്ലാർക്ക് പറഞ്ഞത്. ഇപ്പോൾ ഇന്ത്യൻ ക്യാമ്പും അത് ചെവികൊണ്ടുതുടങ്ങിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. യുക്തിയധിഷ്ടിതമായി കളി കാണുന്ന ആരാധകര്‍ പോലും ഇപ്പോള്‍ മൈകള്‍ ക്ലാര്‍ക്കിന്‍റെ വിലയിരുത്തല്‍ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.

” ആദ്യ നാളുകളില്‍ നമ്മള്‍ കണ്ടിട്ടുള്ള, ആക്രമിച്ചു കളിച്ചു മുന്നേറുന്ന എം.എസ് ധോണിയായി അദ്ദേഹത്തിന് കളിക്കാനാകും എന്നതിലാണ് എനിക്ക് ഏറ്റവും സന്തോഷം. സ്വതന്ത്രമായി കളിക്കാൻ ഇനി അദ്ദേഹത്തിനാവുമല്ലോ.ഉത്തരവാദിത്തം (നായകസ്ഥാനം) പലപ്പോഴും ഒരു കളിക്കാരനിൽ നിന്നും അത് തട്ടിയെടുക്കാറുണ്ട്.”

2017 ജനുവരിയിൽ ധോണിയിൽ നിന്നും ടീമിന്‍റെ നേതൃത്വം ഏറ്റെടുത്ത ശേഷം കോഹ്ലി പറഞ്ഞ വാക്കുകളാണിവ​.

ടീമായി കളിക്കുന്ന കളി എന്നതോടൊപ്പം വ്യക്തിപരമായ ഒരു യാത്രകൂടിയാണ് ക്രിക്കറ്. ഫീൽഡിലെ ഓരോ പ്രകടനവും ഉറച്ച, സുഗ്രഹമായ അക്കങ്ങളായി മാറ്റാനാവും. അതുകൊണ്ടു തന്നെ, എതിർ ടീമിൽ അംഗങ്ങളുടെ നേട്ടവുമായല്ല സ്വന്തം ടീമംഗങ്ങളുടെ റിക്കോഡുകളുമായാണ് അത് താരതമ്യപ്പെടുത്തുക. ചുരുക്കിപ്പറഞ്ഞാല്‍ സ്വന്തം ടീമിലെ മറ്റുള്ളവരെക്കാൾ റൺസ് നേടുകയോ വിക്കറ്റെടുക്കുകയോ ആണ് ഓരോ ക്രിക്കറ്റ് കളിക്കാരനും ചെയ്യേണ്ടത്. ചുരുക്കത്തിൽ, എതിരാളിയെ അല്ല തനിക്കൊപ്പം ഓടുന്നവരെയാണ് ഓരോ കളിക്കാരനും കവച്ചുവെക്കേണ്ടത്. അതേസമയം, ക്രിക്കറ്റിലെ ക്യാപ്റ്റന് വേണ്ടത്, നിസ്വാർത്ഥതയാണ്, പലപ്പോഴും ഒരു താരത്തിന്‍റെ പ്രതിഭയെ തന്നെ അടിയറവ് വെക്കുന്നതാണ് ഈ നായകത്വം. ഈ കളിയിലെ ഏറ്റവും നല്ല കളിക്കാരെപ്പോലും നായകസ്ഥാനം തളർത്തുന്നത് ഇതുകൊണ്ടാണ്.

എന്നാൽ, ചിലരെ ഇത് സ്വതന്ത്രരാക്കാറുമുണ്ട്. ധോണിയെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റൻ സ്ഥാനം അയാളുടെ കളിയ്ക്ക് പൂരകമായിരുന്നു. ഇപ്പോൾ, കോഹ്‌ലിയുടെ കാര്യത്തിലും ഇത് ശരിയാണ്.തന്റെ ഉത്തരവാദിത്വം അയാൾ ആസ്വദിക്കുകയാണ് എന്ന് വേണം വിലയിരുത്താന്‍. ഏകദിനക്രിക്കറ്റിലെ അയാളുടെ ശരാശരിയും (46.9 നെതിരേ 53.9) മൂന്നു ഫോര്‍മാറ്റിലെയും ശരാശരിയും (41.38 നെതിരെ 47.05) ചേർത്ത് വെയ്ക്കുമ്പോൾ ക്യാപ്റ്റൻ എന്ന നിലയിൽ ഓരോ ഇന്നിംഗ്‌സിലും ആറ് റണ്ണുകൾ അയാൾ കൂടുതൽ നേടിയിട്ടുണ്ട്. നേതൃസ്ഥാനം അയാളുടെ മുടി അകാലത്തിൽ നരപ്പിച്ചെങ്കിലും അതയാളെ മഹാനുമാക്കി എന്നതാണ് സത്യം.

ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന 2015 ലോകകപ്പിന് ശേഷമാണ് ഇത് മാറിമാറിഞ്ഞത്. അദ്ദേഹത്തിന്‍റെ ബാറ്റിങ് ശരാശരി 35.9 ആയി കുറഞ്ഞു. ഒന്നുകില്‍ ഒരു ബാറ്റ്സ്മാനെ ബാധിക്കുന്ന വാര്‍ദ്ധക്യമാകാം ഇത്. അല്ലെങ്കില്‍ നായകസ്ഥാനം അദ്ദേഹത്തെ ബാധിച്ചു തുടങ്ങിയിരിക്കാം. 2014ല്‍ ടെസ്റ്റ്‌ നായക സ്ഥാനത്ത് നിന്നും ഒഴിഞ്ഞത് അദ്ദേഹത്തിന്മേലുള്ള ഭാരം കുറച്ചില്ല എന്ന് കൂടി ഇവിടെ വായിക്കാം.

2017 ജനുവരിയില്‍ അദ്ദേഹം നായകസ്ഥാനം ഒഴിഞ്ഞു. കളി മികവിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ ബാറ്റിങ്ങിലും ഈ സമ്മര്‍ദ്ദമില്ലായ്മ പ്രതിഫലിച്ചു തുടങ്ങി. 50.89ല്‍ നിന്നും 57.13ലേക്ക് അദ്ദേഹത്തിന്‍റെ ശരാശരി ഉയര്‍ന്നു. സ്ട്രൈക്ക് റേറ്റിലും കണ്ടു ഈ മാറ്റം.

എന്നാല്‍ സാധാരണ ബാറ്റിങ് ശരാശരി കണക്കാക്കുന്ന കണക്ക്. ഒരു ബാറ്റ്സ്മാന്‍റെ മൊത്തം ഇന്നിങ്ങ്സില്‍ എത്ര തവണ പുറത്താകാതെ നിന്ന് എന്ന കണക്കാണ് ബാറ്റിങ് ശരാശരിയില്‍ കണക്കാക്കുന്നത്. എന്നാല്‍ ഇത് തെറ്റായൊരു കണക്കാണ് തരുന്നത്. തുടക്കക്കാരായ ബാറ്റ്സ്മാന്‍മാരെക്കാള്‍ കൂടുതല്‍ തവണ പുറത്താകാതെ ഇരിക്കുന്നത് മധ്യനിര മുതല്‍ കീഴോട്ടുള്ള ബാറ്റ്സ്മാന്‍മാരാണ്. മൊത്തം റണ്‍സിനെ മൊത്തം ഇന്നിങ്ങ്സുകള്‍ കൊണ്ട് ഹരിച്ചാണ് സാധാരണ ശരാശരി കണക്കാക്കുന്നത്. അത് കൂടുതല്‍ തെളിഹമുള്ള ചിത്രം നല്‍കും. ഇങ്ങനെ നോക്കിയാല്‍ ഒട്ടും മെച്ചപ്പെട്ട റിക്കോഡല്ല ധോണിക്കുള്ളത്. ഓരോ ഇന്നിങ്സിലും ജനുവരി 2017ലേതിനെക്കാള്‍ 4.1 കുറവ് റണ്‍സാണ് ധോണി എടുക്കുന്നത്. ധോണിക്ക് അനുകൂലമായി കണക്കാക്കുന്ന രണ്ടാം ബാറ്റിങ്ങിലെ ഓരോ ഇന്നിങ്ങ്സിലും ഒമ്പത് റണ്‍സിന്‍റെ കുറവാണ് സംഭവിക്കുന്നത് (34ല്‍ നിന്നും 25).

മധ്യനിരയില്‍ യുവരാജിനേയോ സുരേഷ് റൈനയേയോ പോലുള്ളവര്‍ ഇല്ല എന്നത് കൊഹ്‌ലി ധോണിയില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷ കൂട്ടുവാന്‍ കാരണമാകുന്നു. ധോനിയുടെ ബാറ്റിങ്ങ് ഫോം നഷ്ടമാകുന്നു എന്നതിലെ ഘടകം ഇത് മാത്രമല്ല. കഴിഞ്ഞ ഒരുവര്‍ഷത്തിലെ കണക്കുകള്‍ കാണിക്കുന്നത് ഇത് തന്നെയാണ്. ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ നാല് മത്സരങ്ങള്‍ എടുത്താല്‍ അദ്ദേഹം വളരെയധികം പന്തുകള്‍ പാഴാക്കുന്നുണ്ട് എന്ന് കാണാം. വിക്കറ്റുകള്‍ക്കിടയില്‍ ഓടുന്നതില്‍ ധോണി ഇപ്പോഴും മിടുക്കനാണ് എങ്കിലും ക്രീസില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹം കൂടുതല്‍ സമയമെടുക്കുന്നു. ബാറ്റിങ്ങിലെ സ്ഥാനകയറ്റത്തിന് ശേഷമാണ് ഇത് പ്രകടമായത്. ധോണി തന്നെ ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്. ” എനിക്ക് പ്രധാനമെന്ന് തോനുന്ന ബാറ്റിങ്ങിലെത്താന്‍ എനിക്ക് സാധിക്കുന്നില്ല. കൂടുതല്‍ പന്തുകളെ അഭിമുഖീകരിക്കെണ്ടാതുണ്ട്. അത് ഏറെ പ്രധാനപ്പെട്ടതാണ്.” ധോണി പറഞ്ഞു.

എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പ് സാധിച്ചിരുന്നതുപോലെ അനായാസവും നിരന്തരവുമായി ഷോട്ടുകള്‍ക്ക് മുതിരാന്‍ അദ്ദേഹത്തിനാകുന്നില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്നം. ഒരു ഇന്നിങ്ങ്സില്‍ അദേഹത്തിന്‍റെ ബൗണ്ടറിയുടെ എണ്ണം 3ല്‍ നിന്നും 2.3 ആയി കുറഞ്ഞിട്ടുണ്ട്. മുന്‍പത്തെയത്ര തന്നെ സിക്സുകള്‍ കണ്ടെത്തുമ്പോഴും പന്ത് ബൗണ്ടറി കടത്താന്‍ അദേഹം ഏറെ ബുദ്ദിമുട്ടുന്നുണ്ട് എന്നത് പ്രകടമായ കാഴ്ചയാണ്. തന്‍റെ സ്വത്തസിദ്ധമായ സ്വിങ് ഷോട്ട് കളിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നു എന്നത് ധോണി എന്ന ബാറ്റ്സ്മാന്‍ കടനുപോകുന്ന ആപല്‍ഘട്ടത്തിന്‍റെ സൂചനയാണ്. തനതായൊരു ശൈലിയില്‍ സ്വിങ് ഷോട്ടുകള്‍ കളിച്ചിരുന്ന ധോണിയെ അത് അലട്ടുന്നുമുണ്ട്‌.

” ധോണിക്ക് അദ്ദേഹത്തിന്‍റെതായൊരു ശൈലിയുണ്ട്. അതാണ്‌ അയാളുടെ വിജയവും. ഏറെ പഠനത്തിന് വിധേയമാകേണ്ട വിഷയമാണ് അദ്ദേഹത്തിന്‍റെ വിക്കറ്റ് കീപ്പിങ് എന്നാണ് എനിക്ക് തോന്നുന്നത്. അതിനെ നമുക്ക് ‘മഹി വേ’ എന്ന് വിശേഷിപ്പിക്കാം. അതില്‍ നിന്നും ഒട്ടനവധി കാര്യങ്ങളാണ് നമുക്ക് പഠിക്കാനുള്ളത്.. ഒരുപക്ഷെ ചെറുപ്പക്കാരായ വിക്കറ്റ്കീപ്പര്‍മാര്‍ക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ് അതില്‍ പലതും. തന്‍റെതായ ശൈലിയില്‍ അതുല്ല്യനാണ് അദ്ദേഹം” ആര്‍ ശ്രീധര്‍, ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച്.

കരിയര്‍ മുഴുവനായി വിലയിരുത്തുകയാണ് എങ്കില്‍ വിക്കറ്റ് കീപ്പിങ് തന്നെയാണ് ധോണിയിലെ മികച്ച പ്രതിഭ. ആദ്യം അയാള്‍ നമ്മുടെ ശ്രദ്ധ ക്ഷണിച്ചത് തന്‍റെ ഹെയര്‍സ്റ്റൈലിലൂടെയാണ്, പിന്നീട് വിനാശകരമായ ബാറ്റിങ്ങിലൂടെ, അതിന് ശേഷം നായകനായും മികച്ച വിജയങ്ങളിലൂടെയും അദ്ദേഹം ആരാധകരെ ആകര്‍ഷിച്ചു. ഇപ്പോള്‍ മാത്രമാണ്. ഒരു പക്ഷെ തന്‍റെ കരിയറിന്‍റെ അവസാന കാലഘട്ടത്തില്‍ മാത്രമാണ് ധോണിയെന്ന വിക്കറ്റ് കീപ്പറെ വേണ്ട അംഗീകാരം തേടിയെത്തുന്നത്.

എടുത്തുപറയേണ്ട പരിണാമം തന്നെയാണ് ധോണിയുടേത്. രാഹുല്‍ ദ്രാവിഡില്‍ നിന്നും ഗ്ലൗസിന്‍റെ ഭാരം അഴിച്ചുവാങ്ങുകയും മോശമില്ലാതെ ബാറ്റ് ചെയ്യുകയും ചെയ്യുന്ന ഒരാളെ ടീം അന്വേഷിക്കുന്ന ഒരവസരത്തിലല്ല ധോണിയുടെ അരങ്ങേറ്റം. വിക്കറ്റ്കീപ്പര്‍ എന്ന നിലയില്‍ അദ്ദേഹം വരുത്തിയ നികത്താനാകാത്ത നഷ്ടങ്ങളാണ് ആദ്യം ഓര്‍മ വരിക. 2005ല്‍ അഹമദാബാദില്‍ നടന്ന കളിയില്‍ ആശിഷ് നെഹ്റയുടെ പന്തില്‍ ഷാഹിദ് അഫ്രീദിയെ മിസ്സായത്. തന്‍റെ മുന്‍ സ്വപ്നമായിരുന്ന ഗോള്‍കീപ്പിങ്ങിനെ അനുസ്മരിപ്പിക്കുന്നതരത്തിലായിരുന്നു അന്നത്തെ കീപ്പിങ്.

എന്നാല്‍ അതിവേഗം കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള മിടുക്ക് അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാക്കി. ടീമിന്‍റെ നായകനല്ല എന്നത് കൊണ്ടോ ബാറ്റിങ്ങിലെ പാകപിഴകള്‍ മറച്ചുവെക്കുന്നതിനോ അല്ല അത്. കാലത്തിനനുസരിച്ച് അദ്ദേഹം ജ്ഞാനവും ആര്‍ജിച്ചതിനാലാണത്. കൈകള്‍ക്ക് മിന്നലിന്‍റെ വേഗം കൈവന്നതാണ് അത്. ഈച്ചയെ പോലെ കാഴ്ചകള്‍ക്ക് വേഗം കുറഞ്ഞുകാണിക്കാന്‍ ആവുന്നതിനാലാണത്.

കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹലും അടങ്ങുന്ന ഇന്ത്യന്‍ സ്പിന്നര്‍മാരോടൊപ്പം ചേര്‍ന്ന് ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ധോണി പുറത്തെടുക്കാന്‍ പോകുന്നതും അത്തരത്തിലൊരു പ്രകടനം തന്നെയാകും.

വൃദ്ധിമാന്‍ സാഹയ്ക്ക് ഇതേ ഗുണങ്ങള്‍ ഉണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചേക്കും. വിക്കറ്റിന് പിന്നില്‍ മികച്ച ഡൈവുകള്‍കൊപ്പം ധോണിയോളം തന്നെ പോരുന്ന ബാറ്റിങ് പുറത്തെടുക്കാന്‍ സാഹയ്ക്ക് ആകും. 2014 ഐപിഎല്‍ ഫൈനലില്‍ 55 പന്തില്‍ അടിച്ചെടുത്ത 115 റണ്‍സ് വലിയ മത്സരങ്ങളിലെ സമ്മര്‍ദ്ദങ്ങളെ എത്ര അനായാസമായാണ് സാഹ കൈകാര്യം ചെയ്യുന്നത് എന്നതിന്‍റെ തെളിവാണ്. ഇതൊക്കെ സാഹയ്ക്ക് അനുകൂലമായ ഘടകങ്ങള്‍ ആയിരിക്കുമ്പോഴും ഒരു ഇന്ത്യന്‍ കീപ്പര്‍ക്ക് അനുഭവിക്കേണ്ട മറ്റ് സമ്മര്‍ദ്ദങ്ങളും ഉണ്ട്. വൈകാരികമായി പ്രതികരിക്കുന്ന കൊഹ്‌ലിയുമായുള്ള പങ്കാളിത്തം, നിരസിച്ച എല്‍ബിഡബ്ല്യുവിന് റിവ്യു ആവശ്യപ്പെടുന്നത് ? ഇത്തരം സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുക തല നരച്ചുകൊണ്ടിരിക്കുന്ന മുപ്പത്തിയേഴുകാരന്‍ ധോണിയുടെ ഇടപെടലുകള്‍ ആകും.

ചരിത്രപരമായി ഇന്ത്യന്‍ നായകന്മാര്‍ക്ക് മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുഹമ്മദ്‌ അസറുദ്ധീന് മുന്നില്‍ കപില്‍ ദേവ് ഉണ്ടായിരുന്നു, സച്ചിന്‍ തെണ്ടുല്‍ക്കറിന് അസറുദ്ധീന്‍, എംഎസ് ധോണിക്ക് മുന്നില്‍ നൂറാം സെഞ്ച്വറി തികയ്ക്കാനുള്ള പ്രയത്നവുമായി സാക്ഷാല്‍ സച്ചിന്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ അതല്ല കൊഹ്‌ലിയും ധോണിയും അടങ്ങുന്ന ഇന്നത്തെ സാഹചര്യം എന്നത് ആശ്വാസമാണ്. ധോണിയുടെ മികവ് ഉപയോഗിക്കാനാണ് കൊഹ്‌ലി ശ്രമിക്കുന്നത്.

സ്പിന്‍ ബോളിങ്ങിന്‍റെ നായകനായി ധോണി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ തന്നെ നമ്മള്‍ കാണുന്നത്. ചെറുപ്പക്കാരായ സ്പിന്നര്‍മാരിലെ മികച്ചത് കണ്ടെത്തുകയാണ് അദ്ദേഹം. ഇന്ത്യയ്ക്ക് തങ്ങളുടെ ബാറ്റിങ് നിരയിലെ നാലാമതും അഞ്ചാമതുമുള്ള സ്ഥാനക്കാരെ ഉറപ്പിക്കുവാനും ഹാര്‍ദിക് പാണ്ട്യയില്‍ കൂടുതല്‍ സ്ഥിരത കണ്ടെത്തുവാനും കഴിയുമെങ്കില്‍ ധോണിയുടെ ബാറ്റിങ് ഫോമിലെ തളര്‍ച്ച ഇന്ത്യയെ ബാധിക്കില്ല.

2011ല്‍ തന്ത്രങ്ങള്‍ മെനയാന്‍ ധോണി ഉണ്ടായിരുന്നു എന്നത് ഇന്ത്യയുടെ ഭാഗ്യമാണ്. ഇതിനുപുറമേ ധോണി എന്ന ബാറ്റ്സ്മാനും ധോണി എന്ന സ്റ്റമ്പറും അതിന്റെ മികവിലായിരുന്നു. 2019 ആവുമ്പോള്‍ അതില്‍ രണ്ടെണ്ണവും ആത്മസംയമനത്തോടെ തന്നെ ആവര്‍ത്തിക്കാന്‍ പ്രാപ്തനാണ് ധോണി. ഇന്ത്യന്‍ നായകനെന്ന നിലയില്‍ വിരാട് കൊഹ്‌ലിക്ക് ലഭിക്കുന്ന ഏറ്റവുംവലിയ ആഡംബരമാണ് മഹേന്ദ്ര സിങ് ധോണി.

ലേഖനം ഇംഗ്ലിഷില്‍ ഇവിടെ വായിക്കാം 

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ