തിരുവനന്തപുരം: മഹേന്ദ്ര സിങ് ധോണിക്ക് മുന്നിൽ വലിയൊരു നേട്ടം കാത്തിരിക്കുകയാണ്. ആ നേട്ടത്തിലേക്ക് എത്താൻ ഒറ്റ റൺ മാത്രമാണ് ആവശ്യം. അതിനുളള കാത്തിരിപ്പിലാണ് കാര്യവട്ടം. കേരളപ്പിറവി ദിനത്തിൽ കാര്യവട്ടത്തെ മലയാളികളായ ക്രിക്കറ്റ് പ്രേമികളെ സാക്ഷിയാക്കി ധോണി ആ ചരിത്രനേട്ടത്തിലെത്തണമെന്നാണ് പലരുടെയും പ്രാർത്ഥന.

ഏറെയൊന്നും വേണ്ട. ധോണി ഒറ്റ റൺ നേടിയാൽ മതി. അതിന് മാത്രമാണ് ധോണിയുടെ ആരാധകർ ഇന്ന് ആർപ്പുവിളിക്കുക. 9999 കരിയർ റൺസുളള ധോണി അത് ഹെലികോപ്റ്റർ ഷോട്ടിലൂടെ സിക്സർ പറത്തി നേടിത്തന്നാൽ അവർക്ക് അതിലും വലിയൊരു ആഹ്ലാദം വേറെയില്ലെന്ന് തന്നെ. എന്നാൽ ധോണിയുടെ ഈ ചരിത്ര നേട്ടത്തിന് ഇനിയൊരു മത്സരത്തിലേക്ക് കൂടി അവർ കാത്തിരിക്കില്ല. അതിനാൽ തന്നെ ഇന്ത്യയുടെ മുൻനിര വിക്കറ്റുകൾ വീണോട്ടെയെന്നാവും ക്രിക്കറ്റ് പ്രേമികളുടെ പ്രാർത്ഥന.

രാജ്യാന്തര കരിയറിൽ 50 ഓവർ മത്സരങ്ങളിൽ 10173 റൺസ് നേടിയിട്ടുണ്ട് ധോണി. എന്നാൽ അതിൽ 174 റൺസ് ഇന്ത്യൻ കുപ്പായത്തിലല്ല. അത് ഏഷ്യൻ ഇലവൻ ടീമിലായിരുന്നു ധോണി അടിച്ചെടുത്തത്. ആഫ്രിക്കൻ ഇലവനും ഏഷ്യൻ ഇലവനും തമ്മിലുളള രാജ്യാന്തര സൗഹൃദ മത്സരത്തിൽ 2007 ലായിരുന്നു ഇത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലാണ് ധോണി ഈ റൺസ് നേടിയത്.

ഇന്ത്യൻ കുപ്പായത്തിൽ ഇനിയും ഒരു റൺ കൂടി നേടിയാലേ ധോണി പതിനായിരം ക്ലബിലെ അംഗത്വം തികയ്ക്കൂ. മറ്റൊരു ലോവർ മിഡിൽ ഓർഡർ ബാറ്റ്സ്മാനും അർഹതപ്പെടാനില്ലാത്ത നേട്ടമാണത്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും മാറിമാറി ബാറ്റ് ചെയ്യുന്ന ധോണി ഇന്ന് ഈ മാന്ത്രിക സംഖ്യ എങ്ങിനെ തികയ്ക്കുമെന്ന് കാണാനാണ് കാര്യവട്ടത്തിന്റെ കാത്തിരിപ്പ്.

സംപൂജ്യനായി ധോണി പുറത്തുപോകരുതെന്നാണ് ഏവരുടെയും ആഗ്രഹം. കാര്യവട്ടം ഇന്ത്യയുടെ വിജയവും പരമ്പര നേട്ടവും വെടിക്കെട്ട് ബാറ്റിങ്ങിനും സാക്ഷിയാകാനുളള ഒരുക്കത്തിലാണ്. ധോണിയുടെ പതിനായിരം അവർക്ക് അപ്രതീക്ഷിതമായി കിട്ടിയ ആവേശലക്ഷ്യമാണ്. മാന്ത്രിക സംഖ്യയിലേക്ക് ധോണി വക ഒരു ഹെലികോപ്റ്റർ സിക്സ് എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook