ടി20 യിൽനിന്നും എം.എസ്.ധോണിയെ പുറത്താക്കിയ തീരുമാനം തന്നെ അദ്ഭുതപ്പെടുത്തിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ”ധോണിയെ ടി20 യിൽ നിന്നും പുറത്താക്കിയതിൽ എനിക്ക് അദ്ഭുതം തോന്നുന്നില്ല. ധോണിയുടെ പ്രകടനം വളരെ മോശമാണ്. 2020 ലെ ടി20 ലോകകപ്പിലും ധോണി കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അതിനാലാണ് സെലക്ടർമാർ നല്ല ഫോമിലുളള റിഷഭ് പന്തിന് അവസരം നൽകിയത്”, ഇന്ത്യ ടിവിയോട് ഗാംഗുലി പറഞ്ഞു.
2019 ലെ ലോകകപ്പ് വരെ ധോണിയെ ടീമിൽ നിലനിർത്താൻ സെലക്ടർമാർക്ക് ഉദ്ദേശ്യമുണ്ടെങ്കിൽ അദ്ദേഹത്തിന് കൂടുതൽ മത്സരങ്ങളിൽ കളിക്കാൻ അവസരം ഒരുക്കണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു. ”ആഭ്യന്തര മത്സരങ്ങളിൽ ധോണി കളിക്കാറില്ല. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന മത്സരത്തിനുശേഷം ഓസ്ട്രേലിയയിൽ നടക്കാൻ പോകുന്ന ഏകദിന മത്സരങ്ങളിലാണ് ധണി കളിക്കുക. അതിനുശേഷം ന്യൂസിലൻഡിനെതിരായ മത്സരങ്ങളിലും. ഇവയ്ക്ക് രണ്ടിനും ഇടയിൽ വലിയ ഗ്യാപ്പുണ്ട്”, ഗാംഗുലി പറഞ്ഞു.
”രഞ്ജി ട്രോഫിയിൽ ധോണിക്ക് കളിക്കാനാകുമോയെന്ന് സെലക്ടർമാർ അദ്ദേഹത്തോട് ചോദിക്കണം. അങ്ങനെയെങ്കിൽ ധോണിക്ക് ടച്ച് നഷ്ടപ്പെടാതെ തന്റെ ഫോം നിലനിർത്താൻ കഴിയും. ഒരാൾ എത്ര വലിയ കളിക്കാരനാണെങ്കിലും തുടർച്ചയായി മത്സരങ്ങൾ കളിക്കാതിരുന്നാൽ അയാളുടെ പ്രകടനത്തെ അത് ബാധിക്കും”, ഗാംഗുലി വ്യക്തമാക്കി.