ഓസ്ട്രേലിയയ്ക്കെതിരായ അവസാന രണ്ടു മത്സരങ്ങളിലും എം.എസ്.ധോണി കളിക്കില്ല. ധോണിക്ക് ടീം മാനേജ്മെന്റ് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ധോണിയുടെ അഭാവം യുവതാരം റിഷഭ് പന്തിന് ഏറെ നേട്ടമുണ്ടാക്കുന്നതാണ്. പന്തിന് മികച്ച ഫോം പുറത്തെടുക്കാനുളള അവസരമാണിത്.

ധോണിയുടെ അഭാവം മറ്റൊരു ഇന്ത്യൻ താരമായ രോഹിത് ശർമ്മയ്ക്കും നേട്ടം നൽകുന്നതാണ്. ഏകദിന ക്രിക്കറ്റിൽ ധോണിയുടെ തന്നെ റെക്കോർഡ് തകർക്കാനുളള അവസരമാണ് രോഹിത് ശർമ്മയ്ക്ക് ലഭിക്കുന്നത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ താരമെന്ന ധോണിയുടെ റെക്കോർഡ് മറികടക്കാൻ രോഹിത്തിന് ഇനി വേണ്ടത് വെറും രണ്ടു സിക്സ്. ധോണിയുടെ പേരിൽ 217 സിക്സാണുളളത്. രോഹിത്തിന്റെ പേരിൽ 216 സിക്സും.

ധോണിയും രോഹിത്തും കഴിഞ്ഞാൽ മൂന്നാം സ്ഥാനം സച്ചിൻ ടെൻഡുൽക്കർക്കാണ്. സച്ചിന്റെ പേരിൽ 195 സിക്സാണുളളത്. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ പേരിൽ 189 സിക്സുണ്ട്. യുവരാജ് സിങ്ങിന്റെ പേരിൽ 153 സിക്സാണുളളത്.

ഓസ്ട്രേലിയയ്ക്കെതിരെ അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽനിന്നായി 52 റൺസ് നേടിയാൽ ഏകദിനത്തിൽ 3000 റൺസ് രോഹിത് ശർമ്മയ്ക്ക് പൂർത്തിയാക്കാം. നിലവിൽ ഈ പട്ടികയിൽ 9-ാം സ്ഥാനത്താണ് രോഹിത്. സച്ചിൻ ടെൻഡുൽക്കർ, എം.എസ്.ധോണി, വിരാട് കോഹ്‌ലി, യുവരാജ് സിങ്, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീൻ, വിരേന്ദർ സെവാഗ് എന്നിവരാണ് രോഹിത്തിന് മുന്നിലുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook